ഞാനെന്ന ഒരു കവിത
ചുരമിറങ്ങുകയാണ്
കൂകി ഉണർത്തണമെന്നുണ്ട്
ജരാനര ബാധിച്ച
ആ വയലറ്റ് പൂക്കളെ
അറച്ചു പോകുന്നു
അസന്തുലിത പ്രതിരോധത്തിന്റെ
വാൾ മുനയേറ്റ്
രക്തം ചൊരിയുന്ന
തളിർപ്പുകൾ കാണവേ
വിവേചനത്തിന്റെ
മഷിക്കറുപ്പ് പടരുന്ന
ഒരു സായന്തനത്തിലേക്കാണ്
ഈ കവിത
വിവർത്തനമെന്ന മൂടുപടമണിഞ്ഞ്
ചുരമിറങ്ങിയത്
ഈറനെങ്കിലും
പ്രതീക്ഷയുടെ പാതയിലേക്ക്
ഒരു പ്രേരണാ വസന്തം
മിഴി നീട്ടുന്നത്
കാലൊച്ചകൾക്ക് കാതോർക്കുന്നത്
എനിക്ക് വ്യക്തമാണ്
ഓരോ ഇരുട്ടും
ഒരു മിന്നാമിന്നി വെളിച്ചമെങ്കിലും
കാത്തുവയ്ക്കും
കെട്ട് പോയിട്ടില്ലെന്ന്
സ്വയം ബോധ്യപ്പെടുത്താനെങ്കിലും
ഇവിടെ എന്തൊരു
വന്യമായ സൂക്ഷ്മതയാണ്
മിഠായി നുണച്ചിറക്കിയ ഉറുമ്പുകൾ
ബാക്കിവച്ച
ശൂന്യതയ്ക്കപ്പുറത്തേക്ക്
ജീവന്റെ വേരുകൾ
ഒളിച്ചിരിക്കുന്നു
കനിവിന്റെ തെളിനീര് തേടാൻ
വഴി മുടങ്ങിക്കിടക്കുന്നു
ഭയം സമചിന്തയേക്കാൾ
ബഹുദൂരം പിന്നിട്ടിരിക്കുന്നു
ഹൃദയ രാഗങ്ങളെ ബന്ദികളാക്കി
അതിർത്തികളിലെ
വന്മതിലുകളോട് ചേർത്ത്
പണിയപ്പെട്ടിരിക്കുന്നു
സ്ഫോടനാത്മക
ചിന്താസരണികൾ കൊണ്ട്
വല നെയ്തു നെയ്തു
ചിലന്തികൾ ആനയോളം
കരുത്തരായിരിക്കുന്നു
എരിഞ്ഞെരിഞ്ഞ്
ചിറകു കരിഞ്ഞ്
വെളിച്ചം പകർന്നവരേ
പകലിലും നിങ്ങൾ
നക്ഷത്രങ്ങളാണെന്നോർക്കുക
ഈ ചുവന്ന ശലഭങ്ങൾ
നിശബ്ദമായി പറക്കുന്നത്
എങ്ങോട്ടാവും?
തീർച്ചയാണ്
തിളയ്ക്കുന്ന രക്തത്തിൽ നിന്ന്
ശബ്ദം തേടുന്ന മുദ്രാവാക്യങ്ങളാണ് അവ
മുറിവുകളാണ് ചുറ്റും
വായടക്കാത്തവ
ഈണമിട്ട് താളമിട്ട്
ആഴങ്ങളിലേക്കിറങ്ങിച്ചെന്ന്
ചേർത്തുപിടിച്ചെഴുതുമ്പോൾ
ഒരു കവിത നിന്നിൽ നിന്നും
എന്നിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു
മുറിവിനെ ചുംബനം കൊണ്ട്
ചിത്രശലഭങ്ങളാക്കി കളയുന്നു
നിശബ്ദതയുടെ താഴ്‌വരയിലപ്പോൾ
മഞ്ഞു പെയ്യുന്നു.
കണ്ണുകൾ സൂര്യനു നേരെ പിടിച്ചു
സൂര്യകാന്തികളാവുന്നു
ഒരു പുഞ്ചിരി കൊണ്ട്
വേദനയെ തോർത്തിയെടുത്ത്
ഞാനൊരു മഹാകാവ്യം ആകുന്നു
വിവർത്തനം
ആവശ്യമില്ലാത്ത ഒരു കാവ്യം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.