നീയില്ലായ്മകളെ
കുറിച്ചോർക്കാൻ
ഞാൻ ഭയക്കുന്നതുപോലെ
ഞാനില്ലായ്മയെ നീയും
ഭയക്കുന്നുണ്ടാകുമോ…?
നീ വരാൻ വൈകുന്ന രാത്രികളിൽ
കൊളുത്തിടാൻ മറന്ന
ജനൽ പാളിയുടെ
ഇത്തിരി വിടവിലൂടെ
അരിച്ചെത്തുന്ന
നിലാവെളിച്ചെത്തിൽ
ആധി പിടിച്ചു നിന്നെ തിരയുന്ന
നനഞ്ഞ മിഴികളാകും
ഞാനില്ലായ്മയിൽ
നിന്റെ ആദ്യ നഷ്ടം
ചൂടില്ലായെന്നോതി
ഒരുപാട് തവണ നീ
തട്ടിയെറിഞ്ഞ ചായക്കപ്പുകൾ
മേശപ്പുറത്തു ശൂന്യമായി
കാത്തിരിക്കുന്നുണ്ടാകും
ഞാനില്ലായ്മയെ
വീണ്ടും വീണ്ടും നിന്നെ
ഓർമ്മിപ്പിക്കാനെന്നോണം
നിരതെറ്റി വീണു പോയ
അടുക്കള ഡബ്ബകളിലൊന്നിൽ
നിനക്ക് പ്രിയപ്പെട്ട ‘ഇടിച്ചമ്മന്തി’
അപ്പോഴും കാത്തു വച്ചിട്ടുണ്ട്.
ഞാനില്ലായ്മ കുറച്ചു
ദിവസമെങ്കിലും നിന്നെ
അലട്ടാതിരിക്കാൻ
ചുമന്ന റോസപ്പൂക്കൾ നിറഞ്ഞ നിന്റെ
പ്രിയപ്പെട്ട കിടക്കവിരിയിൽ
എന്റെ നിശ്വാസങ്ങൾ
വിറപൂണ്ട് നിൽപ്പുണ്ട്
നീ മറന്ന സ്നേഹത്തെയോർത്ത്
പരിഭവമേതുമില്ലാതെ
മരണത്തിന്റെ തണുപ്പ് നിറഞ്ഞ
നെറുകയിൽ
ഹൃദയത്തിലൊളിപ്പിച്ചു വച്ച
സ്നേഹത്തിന്റെ അതിർവരമ്പുകൾ
കാറ്റിൽപ്പറത്തി നീ
അവസാന ചുംബനം നൽകുമ്പോഴും
ഞാനില്ലായ്മകളിൽ നിന്നും
നീയെങ്ങനെ കരകയറുമെന്നോർത്ത്
ഒരു മടങ്ങി വരവിനായി വൃഥാ
കൊതിച്ചുപോവുകയാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.