
വായിൽ നിന്ന് ഊർന്നിറങ്ങിയ കൊഴുത്ത ദ്രാവകത്തിന്റെ ഭാരം താങ്ങാനാവാതെ രാത്രിയിൽ എപ്പോഴോ വായിച്ചു പാതിയാക്കി കിടക്കയിൽ ഇട്ട പുസ്തകത്തിന്റെ രണ്ടു താളുകൾ അക്ഷരങ്ങളോടൊപ്പം മൃതിയടഞ്ഞു. പുലർച്ചെ എഴുന്നേറ്റ് പുസ്തകം പരതിയപ്പോൾ 57ാംപേജിന്റെ ഒത്ത നടുക്ക് നനവിൽ കുതിർന്ന ഒരത്യുഗ്രൻ തുള പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആ തുളകൾക്കിടയിലൂടെ ഞാൻ എന്റെ ചിന്തകളെ കടത്തി വിട്ടുകൊണ്ടിരുന്നപ്പോഴാണ് അപ്പുറത്തെ ത്രേസ്യാമ്മ ചേട്ടത്തിയുടെ കീറ്റൽ കേട്ടത്. പോയ ചിന്തകളെ തിരിച്ചുകൊണ്ടുവന്ന് കയ്യിൽ കിട്ടിയ കൈലി വാരി ചുറ്റി മുറ്റത്തിറങ്ങിയപ്പോഴല്ലേ മനസിലായത് തൊഴുത്തിലെ പയ്യ് അതിരാവിലെ കയ്യാല ചാടിയിരിക്കുന്നു. ത്രേസ്യചേട്ടത്തിയുടെ അതിയാൻ അങ്ങ് ഭരണങ്ങാനത്തുനിന്നോ വത്തിക്കാനിൽനിന്നോ കൊണ്ടുവന്ന രണ്ട് മുട്ടൻ ഏത്തവാഴക്കന്നുകളെ ഏതൊരുവിധദാക്ഷണ്യവും ഇല്ലാതെ തിന്നു തീർത്തിരിക്കുന്നു. അതും പോരാഞ്ഞ് ചേട്ടത്തിയുടെ അടുക്കള കോലായിൽ കയറിക്കിടന്നു തിന്ന വാഴ തൈകളെ പലവട്ടം കവിട്ടി ചവച്ചരച്ച് രസിക്കുന്ന തിരക്കിലാ ഓൾ. അതിക്രമം അവിടെയൊന്നും തീരുന്നില്ല, അടുക്കള കോലായിലെ മൂലയിൽ ഇരുന്ന അമ്മിക്കല്ലിന്റെ പുറത്തു യഥേഷ്ടം അപ്പിയും ഇട്ടിട്ടുണ്ട്. രാവിലെ അതിയാന് കാപ്പി തിളപ്പിക്കാൻ വന്ന ചേട്ടത്തി ഈ ദാരുണ കാഴ്ച കണ്ടാണ് എന്റെ ചിന്തകളെ പോലും കീറി മുറിച്ച കീറ്റല് വച്ചു കാച്ചിയത്. എന്തോ കളഞ്ഞ അണ്ണാനെ പോലെ നിന്ന എന്റെ നേർക്കു ഒരു എടുത്താ പൊങ്ങാത്ത ചീത്തയും വിളിച്ച് ചേട്ടത്തി ഉറഞ്ഞുതുള്ളി വന്നു.
“എടാ തോമാച്ചാ… ആ നാശം പിടിച്ച ജന്തു കാണിച്ചിരിക്കുന്നത് നീ കണ്ടോ… എനിക്കിപ്പം ഈ നിമിഷം ഇതിന് പരിഹാരം കാണണം.”
“എന്റെ പൊന്നു ചേട്ടത്തി… നിങ്ങളൊന്ന് ക്ഷമിക്ക്. എന്തിനും ഏതിനും പരിഹാരം ഇല്ലേ?”
“ഓ… നിന്റെ ഒരു പരിഹാരം എന്റെ അതിയാൻ ഉണർന്നു വരുമ്പോൾ ഞാനെന്തു പറയും. അങ്ങ് ഭരണങ്ങാനത്തുനിന്ന് തലചെമടായി കൊണ്ടുവന്ന് നട്ടതാ അതുങ്ങളെ. എന്തോരം വെള്ളം കോരിയതാ. ആ കൂട്ടിക്കിടന്ന ആട്ടിൻകാട്ടവും കോഴിക്കാരവും എന്തോരം ചുമന്നിട്ടതാ. പൊന്നേ പോറ്റി എന്നും പറഞ്ഞു ഞങ്ങൾ വളർത്തിക്കൊണ്ടുവന്നതാ ഈ നശൂലം ഇവിടെ ഇരുന്ന് ചവച്ച് അരയ്ക്കുന്നത്. തോമാച്ചാ, ഞാനൊരു കാര്യം പറഞ്ഞേക്കാം നിനക്ക് വേണേൽ ഈ പണ്ടാരത്തിനെ പിടിച്ചുകൊണ്ടുപോ. അതിയാൻ ഉണർന്നാൽ ഇവിടെ കൊലപാതകം നടക്കും. വെട്ട് ഒന്ന് മുറി രണ്ട് എന്ന കൂട്ടത്തിലുള്ളതാ. അല്ലേലും ഞാൻ നിനക്ക് പറഞ്ഞു തരേണ്ടല്ലോ.” ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞൊപ്പിച്ച് ചേട്ടത്തി അടുക്കളത്തിണ്ണയിൽ ഇരിപ്പുറപ്പിച്ചു.
വരാന്തയിലെ അയയിൽ കിടന്ന ഓട്ട വീണ ബനിയൻ എടുത്തിട്ട് കയ്യാല ചാടി ഞാനും അപ്പുറത്ത് അടുക്കള കോലയിൽ എത്തി. എന്നെ കണ്ടതും ഓൾ ചാടി എഴുന്നേറ്റു. അവളെ കൂടെ കൂട്ടുന്നതിനു മുന്നേ ഭാസ്കരൻ ചേട്ടന്റെ കടയിലെ പറ്റുതീർക്കാൻ മുണ്ടിന്റെ കോന്തലയിൽ തലേന്ന് കെട്ടിയിട്ട 20രൂപയുടെ പഴകിയ നോട്ടുകൾ ചേട്ടത്തിയുടെ കയ്യിൽ വച്ചു കൊടുത്തു. “തോമാച്ചാ ഇത് ഒന്നും പരിഹാരമല്ല. ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ല. അതിയാൻ ഉണരുന്നതിനു മുമ്പ് നീ പൊയ്ക്കോ.” ഓളെയും കൂട്ടി തിരിഞ്ഞു നടക്കുമ്പോൾ ഒരു ഗർജ്ജനം എന്റെ കാതുകളിൽ വീണു. ബ്രേക്ക് ഇട്ട പോലെ ഞാനും ഓളും നിന്നു. തിരിഞ്ഞു നോക്കുവാനുള്ള ശക്തി എനിക്കില്ല അത് ഓൾക്കും ഇല്ല. യുദ്ധത്തിന് പട എഴുന്നള്ളി വരും പോലെ സേവിയർ ഏട്ടൻ ഞങ്ങളുടെ മുന്നിൽ എത്തി.
“ഇത്രയും ഒപ്പിച്ചു വെച്ചിട്ട് രണ്ടാളും കൂടെ എങ്ങോട്ടാ?”
“അത് പിന്നെ അച്ചായാ… ചേട്ടത്തിയുടെ കൈയിൽ ഞാൻ കുറച്ച് കാശ് കൊടുത്തിട്ടുണ്ട്.”
‘ഇതാ പിടിക്ക് നിന്റെ കായ്…’ എന്നും പറഞ്ഞു ആ നോട്ടുകൾ സേവിയേട്ടൻ എന്റെ കയ്യിൽ വച്ചുതന്നു.
“തോമാച്ചാ… കെട്ടുപ്രായം തികഞ്ഞു നിക്കണ മറിയാമ്മയുടെ കെട്ടു നടത്താൻ ആകെ ഉണ്ടായിരുന്ന എന്റെ സമ്പാദ്യe ആ വാഴക്കന്നുകൾ. അതാ ഈ നശൂലം ഈ കോലത്തിൽ ആക്കി ഇട്ടിരിക്കുന്നേ.”
“സേവ്യരേട്ടാ രണ്ടേ രണ്ട് വാഴയല്ലേ. അതുവെച്ച് ആണോ കെട്ട് നടത്തുന്നേ?” “തോമാച്ചാ, നീ ഭാരിച്ച കാര്യം ഒന്നും ചിന്തിക്കേണ്ട. ഇതിന് ഞാൻ ഒരു പരിഹാരം കണ്ടിട്ടുണ്ട്. ആ പരിഹാരം ഇപ്പൊ നടപ്പാവും. അതുകഴിഞ്ഞ് നീ ഈ പറമ്പിന്നു ഇറങ്ങിയാൽ മതി.” ഞങ്ങളുടെ ചർച്ച തുടരുന്നതിനിടയിൽ ഇടവക അച്ഛൻ ഹാജരായി.സേവിയേട്ടൻ പരിഹാര കരാർ ഉറക്കെ പറഞ്ഞു. ചേട്ടത്തിയും അച്ഛനും കരാറുകേട്ട് കയ്യടിച്ചു. കരാർ കേട്ടപാതി കേൾക്കാത്ത പാതി തൊട്ടടുത്തുനിന്ന കപ്പ വാഴയുടെ മേലേക്ക് ഞാൻ ബോധം കെട്ടു വീണു. ഏറെ നേരത്തിനു ശേഷം കണ്ണു തുറന്നപ്പോൾ ഞാൻ കിടക്കണത് ചേട്ടത്തിയുടെ അടുക്കളക്കോലായിലാ. എന്റെ തല ഇരിക്കുന്നത് ഓള് അപ്പിയിട്ട് നാറ്റിച്ച അമ്മിക്കല്ലിന്റെ മണ്ടയിലും. കരിക്കലം മോറി അയ്യത്തിരുന്ന മറിയാമ്മ ഇപ്പൊ എന്റെ അടുത്ത് ഉണ്ട്. പിന്നെ എല്ലാം യാന്ത്രികമായിരുന്നു. ഒരുതവണ കയ്യാല ചാടിയ ഓളെ സേവിയേട്ടനും, രണ്ടുതവണ വേലിയും ഒരുതവണ കയ്യാലയും ചാടിയ മറിയാമ്മയെ എനിക്കും അച്ഛൻ പകർത്തുതന്നു. ഓളെ അവിടെ ആക്കി മറിയാമ്മയുടെ കയ്യും പിടിച്ച് തിരിഞ്ഞു നടക്കുമ്പോൾ മനസിൽ എന്തായിരുന്നു എന്ന് ചോദിക്കരുത്. മനലിൽ ഒരു കുന്തവും ഇല്ലായിരുന്നു. ആകെ ഒരു പുകമറ. ഏറെനേരം ഞാൻ വീടിന്റെ വരാന്തയിൽ കുത്തിയിരുന്നു. അപ്പോഴേക്കും മറിയാമ്മ വീട്ടുകാരിയായി. അവൾ അടുക്കളയിൽ പോയി ശർക്കര ഇട്ട നല്ല കടുംകാപ്പി കൊണ്ടുവന്നു തന്നു. ഉച്ചയ്ക്ക് നല്ല വെണ്ണപോലെ വെന്ത കപ്പയും നെയ്മത്തിക്കറിയും മറിയാമ്മ ഉണ്ടാക്കിതന്നു. ഇതിനിടയിൽ ഞാനൊരു സത്യം പറയട്ടെ എന്റെ ജീവിതത്തിൽ അമ്മച്ചി പോയതിനുശേഷം ആദ്യായിട്ടാ ഇത്ര രുചിയോടെ ആഹാരം കഴിക്കുന്നത്.
അപ്പുറത്തുനിന്ന് ഓളുടെ കരച്ചിൽ കേൾക്കുന്നുണ്ട്. കഴിച്ച കപ്പയുടെയും മീൻ കറിയുടെയും വേഗതയിൽ വരാന്തയിൽ ചാരി വെച്ചിരുന്ന തൂമ്പയെടുത്ത് കുറച്ചു മണ്ണ് കിളച്ച് കയ്യാലയുടെ പൊക്കം അങ്ങ് കൂട്ടി. മുട്ടോളം ഉണ്ടായിരുന്ന കയ്യാല ഇപ്പോൾ ഇടുമ്പോളമായി. ദിവസങ്ങളും ആഴ്ചകളും കടന്നുപോയി കയ്യാല ഇപ്പോൾ ഒന്നരയാൾ പൊക്കമായി. കവലയിൽ വച്ച് ഞാനും സേവിയർ ഏട്ടനും ഇടയ്ക്കിടെ കാണാറുണ്ട്. പക്ഷേ ആലുവ മണപ്പുറത്ത് വച്ച് കണ്ട പരിചയം പോലും ഞങ്ങൾ കാട്ടാറില്ല. എന്നാൽ ഇവിടെ ചേട്ടത്തിയും മറിയാമ്മയും കയ്യാലയുടെ അപ്പുറവും ഇപ്പുറവും നിന്ന് രഹസ്യങ്ങൾ കൈമാറുന്നുണ്ട്. അങ്ങനെയിരിക്ക ഒരു ദിവസം ഒരു രഹസ്യത്തിന്റെ ശബ്ദശകലം എന്റെ കാതുകളിൽ എത്തി. ‘ഓൾക്ക് ചെനയുണ്ട് പോലും. പറഞ്ഞുവരുമ്പോൾ ഞാനും സേവ്യരേട്ടനും അമ്മായിയപ്പനും മരുമോനും ഒക്കെയാണ്. എന്നാലും വാശി പ്രതികാരം ഇതൊക്കെ വീട്ടാനുള്ളതാ. അങ്ങനെ ആ പ്രതികാരവും ഞാനങ്ങു വീട്ടി. മറിയാമ്മയുടെ കുളി തെറ്റി. ഇപ്പോൾ യുദ്ധത്തിന്റെ പോയിന്റ് സമനിലയിൽ ആയി.’ ദിവസങ്ങൾ ഓടിയോടിപ്പോയി. യുദ്ധം രക്തച്ചൊരിച്ചിലുകൾ ഏതുമില്ലാതെ ശാന്തമായി മുന്നേറി. ഒരു ദിവസം ഉച്ചയ്ക്ക് ചേട്ടത്തി കയ്യാലയിലൂടെ ഒരു ശബ്ദ സന്ദേശം മറിയാമ്മയ്ക്ക് കൈമാറി, ‘ഓള് പെറ്റു. ഒരു മൂരിക്കുട്ടൻ. മറിയാമ്മ അത് എന്റെ ചെവിയിലും എത്തിച്ചു. ഇപ്പൊ പോയിന്റ് നില കൂടുതൽ സേവിയേട്ടനാണ്. സാരമില്ല പോയിന്റ് മാറാൻ അധികം കാത്തിരിക്കേണ്ടി വന്നില്ല. എന്റെ മറിയാമ്മയും പെറ്റു. ഒരു സുന്ദരക്കുട്ടനെ. വീണ്ടും സമാസമം. കുറച്ചു ദിവസത്തിനുശേഷം ഞാനൊരു കാഴ്ച കണ്ടു. കയ്യാലയുടെ ഒരു ഭാഗത്ത് ഒരു ചെറിയ ദ്വാരം. ദിവസം ചെല്ലുന്തോറും ദ്വാരത്തിന്റെ വലിപ്പം കൂടി വന്നു. ചേട്ടത്തി ആ ദ്വാരത്തിലൂടെ തന്റെ ചെറുകുട്ടിയെ നോക്കുന്നത് ഞാൻ പലവട്ടം കണ്ടു. ആ കാഴ്ച ഞാൻ മറിയാമ്മയ്ക്കും കാട്ടിക്കൊടുത്തു. അവൾ ഒന്നും പറഞ്ഞില്ല പക്ഷേ അവൾ കരയുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെ സ്ഥിരപരിചയമില്ലാത്ത രണ്ട് തടിച്ച കണ്ണുകൾ കയ്യാലയുടെ ദ്വാരത്തിൽ ഞാൻ കണ്ടു. അടുത്തുനിന്ന മറിയാമ്മ എന്റെ ചെവിയിൽ പറഞ്ഞു
“അത് അപ്പനാ.”
പിന്നെ വച്ച താമസിച്ചില്ല. ഓരോ രാത്രിയും ഞാൻ കയ്യാലയുടെ പൊക്കം കുറച്ചു കുറച്ചു വന്നു. ഒരു ദിവസം രാത്രി കയ്യാലയുടെ അപ്പുറത്തുനിന്ന് ഒരാളനക്കം.
“എടാ തോമാച്ചാ… നീ അങ്ങോട്ട് മാറ് ബാക്കി ഞാൻ ചെയ്യാം.”
“ഓ വേണ്ട സേവ്യരേട്ടാ, രണ്ടു ദിവസം കൊണ്ട് ഈ ജോലി തീരും.”
“എടാ, തോമാച്ചാ എന്നെക്കൊണ്ട് നീ ചൊറിയുന്ന വർത്താനം പറയിപ്പിക്കരുത്. അപ്പാ എന്നു വിളിക്കെടാ. എന്റെ മോളാ നിന്റെ കൊച്ചിനേം കൊണ്ട് അപ്പുറത്തിരിക്കുന്നേ. അത് മറക്കരുത്.”
അങ്ങനെ വിളിക്കാൻ ഒരു ചെറു നാണം തോന്നിയെങ്കിലും രണ്ടും കൽപ്പിച്ച് ഞാൻ പറഞ്ഞു
“എന്നാൽ പിന്നെ നോക്കി നിൽക്കാതെ ഇടിക്കപ്പാ.” അങ്ങനെ നീണ്ട നാളത്തെ ശീതസമരം മഞ്ഞുപെയ്യുന്ന ആ ഡിസംബർ രാത്രിയിൽ കൃത്യം 10. 30 ന് ശുഭമായി പര്യവസാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.