8 December 2025, Monday

Related news

December 6, 2025
November 19, 2025
November 14, 2025
September 24, 2025
August 17, 2025
March 18, 2025
March 1, 2025
February 19, 2025
February 18, 2025
December 8, 2024

എതോ ജന്മകല്പനയിൽ…

ഷര്‍മിള സി നായര്‍
February 12, 2023 3:00 am

ലോവർ പ്രൈമറി ക്ലാസിൽ പഠിക്കുന്ന കാലം. അപ്പച്ചിയ്ക്കൊപ്പം അമ്പലത്തിലെ ഉത്സവത്തിന് പോയതാണ്. ഭക്തിയല്ല, വിവിധ തരം കുപ്പിവളകളുമായെത്തുന്ന വളക്കച്ചവടക്കാരാണ് ലക്ഷ്യം. രണ്ട് കൈയിലും നിറയെ കുപ്പിവളകളിട്ട് കിലുക്കി നടക്കുന്നതിനിടയിൽ അപ്പച്ചിയുടെ സ്നേഹം കലർന്ന ശാസന. ശബ്ദമുണ്ടാക്കാതിരിക്ക. ആ പാട്ടൊന്ന് കേൾക്കട്ടെ. തെല്ലു കുറുമ്പോടെ അവളും ശ്രദ്ധിച്ചു. ഉച്ചഭാഷിണിയിലൂടൊഴുകിയെത്തുന്ന സ്വരമാധുരി…
“ആഷാഢമാസം ആത്മാവിൽ മോഹം
അനുരാഗമധുരമാമന്തരീക്ഷം
വിധുരയാം രാധയെപ്പോലെനിക്കെന്നിട്ടും
വിലപിക്കാൻ മാത്രമാണു യോഗം…”
മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ പ്രണയാർദ്രമായ വരികളുടെ അർത്ഥമൊന്നും ഗ്രഹിക്കാനുള്ള പക്വതയില്ല ആ ലോവർ പ്രൈമറി കുട്ടിക്ക്. എങ്കിലും അവൾക്കാ പാട്ടു കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. കാരണം അപ്പച്ചിക്കു വിഷമമായിട്ടുണ്ട്. മടങ്ങും വഴി അപ്പച്ചി മൂളുന്നുണ്ടായിരുന്നു.
‘മന്ദസ്മിതത്തിനുള്ളിൽ നീയൊളിപ്പിച്ച
മൗന നൊമ്പരം ഞാൻ വായിച്ചു…”
ചില ഓർമ്മകൾക്ക് മരണമില്ല. കണ്ണാടി നോക്കുമ്പോൾ ഇന്നും അറിയാതെ ഈ വരികൾ മനസ്സിലോടിയെത്തുന്നതും അതുകൊണ്ടു തന്നാവില്ലേ?
‘യുദ്ധഭൂമി’ എന്ന ചിത്രത്തിൽ മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികൾക്ക് ആർ കെ ശേഖറിന്റെ സംഗീതം. ശബ്ദമാധുര്യം കൊണ്ടും ഭാവം കൊണ്ടും വാണി ജയറാം അനശ്വരമാക്കിയ ഗാനം. ഇന്നീ പാട്ടുകേൾക്കുമ്പോൾ വാണിയമ്മ നമ്മോടൊപ്പമില്ല, ആ മധുരസ്വരം നിലച്ചിരിക്കുന്നു.
കലൈവാണിയെന്ന വാണി ജയറാം മലയാളത്തിലെത്തുന്നത് 1973ൽ പുറത്തിറങ്ങിയ ‘സ്വപ്നം’ എന്ന ചിത്രത്തിലെ
സൗരയൂഥത്തിൽ വിടർന്നോരു കല്യാണ- സൗഗന്ധികമാണീ ഭൂമീ -
അതിൻ, സൗവർണ്ണപരാഗമാണോമനേ നീ — ” എന്ന ഗാനത്തിലൂടെയാണ്.

vani jayaram

ഗുഡ്ഡിയിലെ ‘ബോലേ രേ പപ്പി ഹരാ’ എന്ന പാട്ടിലൂടെ ഏറെ പ്രശസ്തിയിലായിരുന്നു അന്ന് വാണി ജയറാം.
ഒഎൻവി കുറുപ്പിന്റെ രചനയ്ക്ക് സലിൽ ചൗധരിയുടെ സംഗീതം. സംഗീതത്തിന് ഭാഷാദേശ വർണങ്ങളില്ലെന്ന് തെളിയിച്ച ഒരു ക്ലാസിക് ഗാനം. തുടർന്നങ്ങോട്ട് മലയാളത്തിന്റെ സ്വന്തം ശബ്ദമായി മാറി വാണി ജയറാം. ഓർമ്മയിലൂടെ മിന്നിമറയുന്ന എത്രയെത്ര ഗാനങ്ങൾ.
“തിരുവോണപ്പുലരിതൻ
തിരുമുൽക്കാഴ്ച വാങ്ങാൻ
തിരുമുറ്റമണിഞ്ഞൊരുങ്ങീ
തിരുമേനിയെഴുന്നെള്ളും സമയമായീ
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ ഒരുങ്ങീ… ”
ശ്രീകുമാരൻ തമ്പി — എം കെ അർജ്ജുൻ കൂട്ടുകെട്ടിൽ പിറന്ന ഗാനം (ചിത്രം: തിരുവോണം). കമനീയമായ ഒരു കാലത്തിലേക്ക് മനസിനെ നയിക്കുന്ന അനുപമ സുന്ദരഗാനം. ഓണത്തിന്റെ എല്ലാ ഗൃഹാതുരത്വവും നിറഞ്ഞു നിൽക്കുന്ന വരികൾ വാണി ജയറാമിന്റെ മധുര സ്വരത്തിൽ അലയടിക്കുമ്പോൾ ഓണത്തെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങാത്ത മലയാളിമനസുണ്ടാവോ. ഈ പാട്ട് കേൾക്കാതെ കടന്നുപോയിട്ടില്ലൊരു തിരുവോണനാളും.
ഇന്നും പ്രിയപ്പെട്ട പത്തു പാട്ടുകളിലൊന്നായി നെഞ്ചോടു ചേർക്കുന്ന മറ്റൊരു പ്രിയ ഗാനം. 1982 ൽ പുറത്തിറങ്ങിയ ഭരതൻ ചിത്രമായ ‘പാളങ്ങ’ളിലെ എത്ര കണ്ടാലും, കേട്ടാലും മതിവരാത്ത ഗാനം.
“എതോ ജന്മകല്പനയിൽ
ഏതോ ജന്മവീഥികളിൽ
ഇന്നും നീ വന്നു ഒരു നിമിഷം ഈ ഒരു നിമിഷം
വീണ്ടും നമ്മൾ ഒന്നായ്… ”
പൂവച്ചൽ ഖാദറിന്റെ പ്രണയാർദ്രമായ വരികൾ. ജോൺസന്റെ സംഗീതം. തൊട്ടതെല്ലാം പൊന്നാക്കുന്ന ഭരതൻ മാജിക്. വലിയ പൊട്ടിട്ട മലയാളിത്തമുള്ള മറുനാടൻ സുന്ദരി സെറീനാ വാഹിബിന്റെ പ്രേമാതുര ഭാവങ്ങൾക്കൊപ്പം വാണി ജയറാമിന്റെ മധുര സ്വരം ഒഴുകിയെത്തുമ്പോൾ ഏതൊരു പെൺ ഹൃദയമാണ് പ്രണയാതുരമാവാത്തത്. ചുവപ്പിൽ മഞ്ഞ ബോർഡറള്ള സാരി ചുറ്റി, വലിയ പൊട്ടിട്ട് മുടിയഴിച്ചിട്ട് പുഴയിലേക്ക് കാലിട്ടിരിക്കുന്ന സെറീന. ആ സ്ഥാനത്ത് സ്വയം സങ്കല്പിച്ച് നൂറു തവണയെങ്കിലും ഞാനീ പാട്ട് കേട്ടിട്ടുണ്ട്. ഓരോ തവണ കേൾക്കുമ്പോഴും വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന മാന്ത്രികത.

മലയാളമുൾപ്പെടെ വിവിധ ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകൾ. പ്രണയവും, വിരഹവും, വാത്സല്യവും, ലാസ്യവും, കൊഞ്ചലും കുറുമ്പുമെല്ലാം അനായസം വഴങ്ങുന്ന ആലാപന ശൈലി. അതായിരുന്നു വാണി ജയറാമിന്റെ കരുത്തും. മനസ്സിലോടിയെത്തുന്ന ചില ഗാനങ്ങൾ.
‘ചിത്രവർണ്ണ പുഷ്പജാലമൊരുക്കിവെച്ചൂ…’ (അയലത്തെ സുന്ദരി), ‘വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി…’ (പിക്നിക്), ‘നാടൻപാട്ടിലെ മൈന…’ (രാഗം), ‘തിരുവോണപ്പുലരിതൻ…’ (തിരുവോണം),
‘കൊമ്പിലിരുന്നൊരു മൈന വിളിച്ചു…’ (പ്രവാഹം) ‘പദ്മതീർഥക്കരയിൽ… ’ (ബാബുമോൻ ), ‘സീമന്തരേഖയിൽ ചന്ദനം ചാർത്തിയ…’ (ആശിർവാദം) ‘കണ്ണിൽപ്പൂവ്…’ (വിഷുക്കണി ), ‘ഈ മലർക്കന്യകൾ… ’ (മദനോത്സവം ), ‘ഒന്നാനാം കുന്നിൽ കൂടുകൂട്ടും…’(എയർ ഹോസ്റ്റസ് ), ‘നിമിഷങ്ങൾ പോലും വാചാലമാകും…’ (മനസാ വാചാ കർമ്മണാ), ‘മഞ്ഞപ്പട്ടു ഞൊറിഞ്ഞൂ വാനം…’ (അമ്പലവിളക്ക്), ‘നാടൻപാട്ടിലെ മൈന…(രാഗം ), ‘മറഞ്ഞിരുന്നാലും മനസിന്റെ കണ്ണിൽ…’ (സായൂജ്യം), ‘മാമലയിലെ പൂമരം പൂത്തനാൾ…’ (അപരാധി), ‘വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി…’ (പിക്നിക്).
ഒരു ദശകത്തോളം മലയാള ഗാനലോകത്ത് നിറ സാന്നിധ്യമായിരുന്ന വാണി ജയറാം ഒരിടവേളക്ക് ശേഷം തിരിച്ചു വരവ് അറിയിച്ച ഗാനമായിരുന്നു, 2014 ൽ പുറത്തിറങ്ങിയ ‘1983’ എന്ന ചിത്രത്തിലെ ‘ഓലഞ്ഞാലിക്കുരുവി ഇളം കാറ്റിലാടി വരൂ നീ…’ വാണി ജയറാമിന്റേയും പി ജയചന്ദ്രന്റേയും യുവത്വം തുളുമ്പുന്ന ശബ്ദവും സ്വരചേർച്ചയും അവിസ്മരണീയമാക്കിയ ഗാനം മലയാളക്കരയിൽ ഒരു തരംഗമായി മാറി.
തുടർന്ന് ആക്ഷൻ ഹീറോ ബിജുവിൽ യേശുദാസിനൊപ്പം പാടിയ ‘പൂക്കൾ പനിനീർ പൂക്കൾ…’ എന്ന പാട്ടും ഹിറ്റായി. സന്തോഷ് വർമ്മയുടെ വരികൾ ജെറി അമൽദേവിന്റെ സംഗീതം. പനിനീർ പൂവിന്റെ സൗരഭ്യം തൊട്ടറിഞ്ഞ ശബ്ദമാധുര്യം. മലയാളത്തിൽ അവസാനമായി ആലപിച്ചത് ‘മാനത്തെ മാരിക്കുറുമ്പേ…’ എന്ന ‘പുലിമുരുക’നിലെ ഗാനമാണ്. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് സംഗീതം നൽകിയത് ഗോപി സുന്ദർ.
മികച്ചഗായികയ്ക്കുള്ള ദേശീയപുരസ്കാരം വാണിജയറാമിനെ തേടിയെത്തിയത് മൂന്നുതവണ. ഗുജറാത്ത്, ഒഡിഷ, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാന സർക്കാരുകൾ മികച്ചഗായികയ്ക്കുള്ള പുരസ്കാരംനൽകി ഈ പ്രതിഭയെ ആദരിച്ചപ്പോഴും മലയാളി നെഞ്ചോട് ചേർത്ത ആ സ്വരമാധുരിക്ക് അർഹിക്കുന്ന പരിഗണന നൽകാൻ കേരളത്തിനായില്ല. വൈകിയാണെങ്കിലും ഈ വർഷം രാഷ്ട്രം പത്മഭൂഷൺ നൽകി ആദരിച്ചു. അത് വാങ്ങാൻ കാത്തു നിൽക്കാതെ വാണിയമ്മ മടങ്ങി. പക്ഷേ, ആ നാദമാധുരി നിലയ്ക്കുന്നില്ല.

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.