അന്ന് ഭരതേട്ടൻ പറഞ്ഞു, ഈ ചെറുപ്പക്കാരൻ ലോകം കീഴടക്കുമെന്ന് പ്രണയവും രതിയും അതിന്റെ ഏറ്റവും മൂർത്തമായ ഭാവത്തിൽ നിറയുന്ന ഭരതൻ സിനിമകളിൽ ഗാനങ്ങളും, സംഗീതവും അവയുടെ ചിത്രീകരണവുമെല്ലാം പകരുന്ന അനുഭൂതികൾ കാലാതീതമാണ്. ആസ്വാദകർക്ക് ഭരതൻ ചിത്രങ്ങൾ എക്കാലത്തും കാല്പനികതയുടേയും ക്രാഫ്റ്റ്മാൻഷിപ്പിന്റെയും അവസാനവാക്കുമായിരുന്നു. കാൽനൂറ്റാണ്ടുകാലത്തിനപ്പുറത്ത് ചെന്നൈയിൽ ഒരു ഭരതൻ സിനിമയുടെ സംഗീത നിർവഹണത്തിലേർപ്പെട്ടിരിക്കയായിരുന്നു തെലുങ്കു നാട്ടിൽ നിന്നുള്ള ആ യുവാവ്. ഹിന്ദോള രാഗത്തിലെ പാട്ട് ചിട്ടപ്പെടുത്തുമ്പോൾ അയാൾ പതിയെ മൂളി… ശിശിരകാലമേഘ മിഥുന രതിപരാഗമോ, അതോ ദേവരാഗമോ…
ഒരു സന്യാസിയുടെ വേഷത്തിൽ ഹാർമോണിയവുമായി നിലത്ത് വിരിച്ച പായയിൽ ഇരുന്ന് പുറം ലോകത്തിൽ നിന്നും പാടെ അകന്ന് അയാൾ പാട്ടിൽ അലിയുകയാണ്. എല്ലാം മറന്ന് കീരവാണി പാടുകയാണ്. ഞാനെന്ന ഭാവം ഒട്ടുമില്ലാതെ… 2023 മാർച്ച് ലോസ്ഏഞ്ചൽസിൽ ഓസ്കാർ അവാർഡ് വേദിയിൽ അതേ കീരവാണിയെ വീണ്ടും കാണുന്നു. രാജമൗലിയുടെ ‘ആർആർആർ’ സിനിമയിലെ ‘നാട്ടു… നാട്ടു’ ഗാനത്തിന് ലഭിച്ച ഓസ്കാർ അംഗീകാരത്തിന്റെ തിളക്കത്തിൽ. ഏറ്റവും ലളിതമായി, ഹൃദയത്തെ ചേർത്തുവച്ച് അയാൾ ലോകത്തോട് നന്ദിപറയുകയാണ്…
ദൂരെ ഇങ്ങ് കേരളത്തിൽ തൃശ്ശൂരിലെ ദേവരാഗത്തിൽ (എം ഡി രാജേന്ദ്രന്റെ വീട്) കീരവാണിയെന്ന പ്രിയപ്പെട്ടവൻ ലോകത്തിന്റെ നെറുകയിലെത്തുന്നത് കൺനിറയെ കണ്ട് സായൂജ്യമടയുകയാണ് മലയാളത്തിന്റെ പ്രിയ ഗാനരചയിതാവും കവിയുമായ എം ഡി രാജേന്ദ്രൻ. ആ ഓർമ്മകളിൽ സംഭവ ബഹുലമായ ദേവാരാഗ ദിനങ്ങൾ നിറയുന്നു. ഒപ്പം സംഗീതത്തിനുവേണ്ടി ജീവതം സമർപ്പിച്ച കീരണവാണി സ്വാമിയോടൊപ്പം ചെലവിട്ട നാളുകൾ സമ്മാനിച്ച സംതൃപ്തിയും.
ഈ ചെറുപ്പക്കാരൻ മലയാളമല്ല, ലോകം തന്നെ പിടിച്ചെടുക്കും
ചെന്നൈയിൽ ദേവരാഗത്തിന്റെ പാട്ടെഴുത്തും സംഗീത നിർവ്വഹണവുമെല്ലാം കൊടുമ്പിരികൊണ്ട നാളുകളിൽ സന്യാസി വേഷത്തിൽ ഹാർമോണിയയുമായി മണിക്കൂറുകളോളം പാട്ടിലലിയുന്ന ചെറുപ്പക്കാരനായ കീരവാണി എല്ലാവർക്കും വിസ്മയമായിരുന്നു. മലയാള സിനിമാരംഗത്തെ ഒട്ടേറെ പ്രമുഖരായ സംവിധായകരും നിർമ്മാതാക്കളും അഭിനേതാക്കളുമെല്ലാം അന്ന് ചൈന്നൈയിൽ തമ്പടിച്ചിരുന്നെങ്കിലും കീരവാണിയെ അവരൊന്നും കണക്കിലെടുത്തിരുന്നില്ല. പക്ഷേ ഐ വി ശശിയും ഭരതനും അയാൾക്ക് അവസരങ്ങൾ നൽകി. ദേവരാജൻ മാസ്റ്റർ കഴിഞ്ഞാൽ ഞാൻ ഏറ്റവും സംതൃപ്തി അനുഭവിച്ചത് കീരവാണിയൽ നിന്നായിരുന്നു. അവിടെ എല്ലാ രാഗങ്ങളും ഹൃദ്യസ്ഥമാണ്. ഭാഷയുടെ തടസങ്ങളൊന്നും കീരവാണിക്ക് പ്രശ്നമല്ല. പാട്ടിനുവേണ്ടി സമർപ്പിച്ച ജീവിതം, അർപ്പണം, വിനയം ഈ പ്രയോഗങ്ങളെല്ലാം കീരവാണിക്കു മുന്നിൽ ചെറുതായി പോകുന്നതായി തോന്നിയിട്ടുണ്ട്. സംഗീത സംവിധായകൻ, ഗാനരചയിതാവ്, ഗായകൻ എന്നീ മൂന്നു മേഖലകളിലും അപാര സിദ്ധിയുള്ളയാളാണ് കീരവാണി. ഇപ്പോഴും ഓർക്കുന്നു ദേവരാഗത്തിന്റെ പാട്ടുകൾ കേട്ടശേഷം ഭരതൻ സാർ പറഞ്ഞവാക്കുകൾ, എടാ ഈ ചെറുപ്പക്കാരൻ മലയാളമല്ല, ലോകം തന്നെ പിടിച്ചെടുക്കും. ഏതാണ്ട് മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറം ഭരതേട്ടന്റെ വാക്കുകൾ പൊന്നായിരിക്കുന്നു. കീരവാണി ലോകത്തിന്റെ നെറുകയിൽ വിരാജിക്കയാണ്.
മലയാളം കീരവാണിയെ മറന്നോ?
കീരവാണിയെ മലയാളം അർഹിക്കുന്ന രീതിയിൽ ആദരിച്ചില്ല എന്നത് വസ്തുതതന്നെയാണ്. ‘നീലഗിരി‘യിലും ‘സൂര്യമാനസ’ത്തിലുമൊക്കെ മലയാളത്തിന് പരിചിതമല്ലാത്ത പുതുമയാർന്ന മികച്ച ഗാനങ്ങൾ ചെയ്തിട്ടും അദ്ദേഹത്തിന് അംഗീകാരം ലഭിച്ചില്ല. ദേവരാഗം കേരളത്തിൽ നിറഞ്ഞോടിയ സനിമയായിരുന്നു. അതിന്റെ സംഗീതം അതുല്യമായിരുന്നിട്ടും അവാർഡുകൾ കീരവാണിയിലേക്കെത്തിയില്ല. ‘കീരവാണി മാജിക്കി‘ലായിരുന്നു ആ സിനിമ വിജയിച്ചത്. ‘ദേവരാഗ’ത്തിലെ പാട്ടുകളെല്ലാം ഇടവേളക്കു മുമ്പായി കഴിയുമെന്നതിനാൽ പലരും സിനിമ പകുതിയാകുന്നതോടെ തിയേറ്റിൽ നിന്ന് പോകുന്ന അവസ്ഥപോലും ഉണ്ടായി. ഒരു സിനിയിലെ എല്ലാപാട്ടുകളും (എട്ടെണ്ണവും) ഹിറ്റായി മാറുന്ന അത്യപൂർവ സംഭവത്തിനാണ് ‘ദേവരാഗം’ സാക്ഷിയായത്. ‘ദേവരാഗ’ത്തെ പൂർണമായും മനസിലാക്കാൻ മലയാളിക്ക് കഴിഞ്ഞില്ല എന്നുവേണം പറയാൻ. ഗാനങ്ങളുടെ മികവിനപ്പുറം അതൊരു മികച്ച കലാസൃഷ്ടിയായിരുന്നു. ‘ശാലിനി എന്റെ കൂട്ടുകാരി‘യിലെ ഗാനങ്ങൾക്കു ശേഷം സിനിമാ പ്രേമികളുടെ അംഗീകാരം കൂടുതലായി എനിക്ക് ലഭിച്ചത് ദേവരാഗത്തിലായിരുന്നു എന്നിട്ടും ആ ഗാനങ്ങളും സംഗീതവുമൊന്നും വേണ്ടവിധം അംഗീരിക്കപ്പെട്ടില്ലെന്നത് കീരവാണിയോടൊപ്പം എന്നിലും വലിയ നിരാശയുണ്ടാക്കി. പ്രശസ്ത സംഗീതകാരൻ രാജാമണിയുടെ ശിഷ്യനായിരുന്നു കീരവാണി. രാജാമണിയും അന്ന് വമ്പന്മാരുടെ അവഗണനക്ക് പാത്രമായിരുന്നു.
ഇനി കീരവാണി ദിനങ്ങൾ
പക്ഷേ ഇനി ഇന്ത്യൻ സിനിമയിൽ വരാനിരിക്കുന്നത് കീരവാണിയുടെ ദിനങ്ങളാണെന്നതിൽ സംശയം വേണ്ട. പലരും ഇപ്പോൾ കീരവാണിക്കു പിന്നാലെയാണ്. അദ്ദേഹം ഇന്ത്യയിൽ തരംഗമാകാൻ പോകയാണ്. പക്ഷേ മലയാളത്തിന് പുതിയ കീരവാണിയെ താങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല. തീർച്ചയായും അദ്ദേഹത്തെ കാത്തിരിക്കുന്നത് ബ്രഹ്മാണ്ഡ സിനിമകളായിരിക്കും. അവസരം ലഭിച്ചപ്പോൾ കലാകാരനെ നമ്മൽ കണ്ടില്ല. നീണ്ട 27 വർഷക്കാലമാണ് മലയാളം കാത്തിരുന്നത് കീരമവാണിയെക്കുറിച്ച് പറയാൻ. എനിക്കും ഇത് പുനർജന്മമാണ്.
മികച്ചഗായകൻ
1996 ലെ ദേവരാഗത്തിന്റെ ഓർമ്മകൾ എനിക്ക് മാഞ്ഞു തുടങ്ങി. പക്ഷേ ആ മുളലും കൈവിരൽ താളവും മനസ്സിൽ നിന്ന് മായുന്നില്ല. ജീവിക്കാൻ വേണ്ടി സംഗീതത്തെ വിറ്റ കലാകാരന്മാരല്ലയാളെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. പെട്ടന്ന് പാട്ട് ചെയ്യാനുളള അദ്ദേഹത്തിന്റെ കഴിവ് അപാരംതന്നെയാണ്.
നന്നായി പാടാൻ കഴിവുള്ളയാളാണ് കീരവാണിയെന്ന് ദേവാരാഗത്തിന്റെ സെറ്റിൽനിന്ന് മനസിലായി. ‘ശിശിരകാലമേഘ മിഥുന രതിപരാഗമോ…’ എന്നദ്ദേഹം പാടിയപ്പോൾ ഒരു നിമിഷം ഞാൻ ചിന്തിച്ചുപോയി എന്തുകൊണ്ട് ഇദ്ദേഹത്തിനു തന്നെ ഈ ഗാനം ആലപിച്ചുകൂടാ…? എത്ര സുന്ദരമായാണ് ആരോഹണാവരോഹണങ്ങൾ ഹൃദയത്തിൽ നിറയുന്നത്. പക്ഷേ പിന്നീട് ആ ഗാനം ജയചന്ദ്രന്റെ ശബ്ദത്തിലൂടെ ലോകം കേട്ടപ്പോൾ ലഭിച്ച നിർവൃതി എല്ലാ താരതമ്യങ്ങൾക്കുമപ്പുറത്തായിരുന്നു. മലയാളത്തിന്റെ ഭാവഗായകനെ തിരിച്ചുകിട്ടിയ ഗാനമായി മാറി അത്. ദേവരാഗത്തിലെ ‘ശശികല ചാർത്തിയ…’ എന്ന ഗാനം കീരവാണിപാടി. അതിലെ ഹമ്മിംഗ് ക്ലാസിക്കാണ്.
അന്ന് വിവേകാനന്ദൻ ഇന്ന് കീരവാണി
ഓസ്കാർ പുരസ്കാരങ്ങൾ ഇന്ത്യയിലേക്ക് ഇതിനു മുമ്പും വന്നിട്ടുണ്ടെങ്കിലും കീരവാണിയുടെ നേട്ടം വേറിട്ട് നിൽക്കുന്നതാണ്. വലിയൊരിടവേളക്കുശേഷം ഒരിക്കൽ കൂടി അമേരിക്ക ഇന്ത്യക്കായി കൈയ്യടിച്ചിരിക്കുന്നു. അമേരിക്കയിലെ ലോസ്ഏഞ്ചൽസിലെ ഓസ്കാർ അവാർഡ് വേദിയിലേക്ക് കീരവാണിയെ കയ്യടികളോടെ സ്വീകരിക്കുന്നതും അദ്ദേഹത്തിന്റെ സന്തോഷപ്രകടനവും വാക്കുകളുമെല്ലാം കേട്ടപ്പോൾ അറിയാതെ ചിന്തകൾ സ്വാമി വിവേകാനന്ദനിലെത്തി. 1893 ൽ ചിക്കാഗോയിലെ ലോകമത സമ്മേളനത്തിൽ ഭാരതീയ സംസ്കാരത്തെയും ധാർമ്മികതയേയും മുൻനിർത്തി വിവേകാന്ദസ്വാമികൾ നടത്തിയ പ്രസംഗം സദ്യസ്യരുടെ മനം കവർന്നിരുന്നു. അവർ അന്നോളം കേൾക്കാത്ത, അനുഭവിക്കാത്ത സ്നേഹത്തിന്റെയും സഹിഷ്ണുതയുടേയും വലിയൊരു സാംസ്കാരിക തലം ഇന്ത്യയിലുണ്ടെന്ന് അമേരിക്ക തിരിച്ചറിഞ്ഞ മുഹൂർത്തമായിരുന്നു അത്. വീണ്ടും കീരവാണിയിലൂടെ ലോകത്തിനു മുന്നിൽ ഇന്ത്യയെ അംഗീകിരിക്കുന്നു. ഭാരതത്തിന്റെ സംഗീതത്തെ ലോകം ആസ്വദിക്കുകയാണ്. ഭാരതീയ സംഗീതം കൊണ്ട് കീരവാണി ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുന്നു. ഇവിടെ ഒരു സംഗീതമുണ്ട് നിങ്ങൾ ഇത് കാണൂ, കേൾക്കൂ എന്ന് അദ്ദേഹം ലോകത്തോട് വളിച്ചുപറഞ്ഞു. ആഴത്തിലും പരപ്പിലും ജനഹൃദയങ്ങളിൽ വേരോടിയ, ഹിമാലയം പോലെ ഉയർന്നു നിൽക്കന്ന ഇന്ത്യൻ സംഗീതത്തിന്റെ സമ്പന്നതയുടെ അടയാളമായി മാറുകയാണ് കീരവാണി. ഇന്ത്യൻ സംഗീതത്തിനുള്ള പാശ്ചാത്യലോകത്തിന്റെ അംഗീകാരമാണ് ഈ ഓസ്കാർ. കീരവാണിയുടെ പുതിയ ആരാധകർ ഇപ്പോൾ ദേവരാഗത്തിനു പിന്നാലെയാണ്. ഈ സന്ദർഭം എന്നെയും കൂടുതലായി ഓർക്കപ്പെടാൻ കാരണമായതിൽ സന്തോഷമുണ്ട്.
ദേവരാഗത്തിലെ പാട്ടുകള്‍:
1 യാ യാ യാ യാദവാ… (കെ എസ് ചിത്ര, പി ഉണ്ണികൃഷ്ണൻ, എം ഡി രാജേന്ദ്രൻ, എം എം കീരവാണി)
2 ശശികല ചാർത്തിയ… (കെ എസ് ചിത്ര, എം എം കീരവാണി, മാസ്റ്റർ ഡോൺ വിൻസന്റ് ‑എം ഡി രാജേന്ദ്രൻ, എം എം കീരവാണി)
3 ശിശിരകാല… (കെ എസ് ചിത്ര, പി ജയചന്ദ്രൻ- എം ഡി രാജേന്ദ്രൻ എം എം കീരവാണി)
4 കരിവരി വണ്ടുകൾ… (പി ജയചന്ദ്രൻ ‑എം ഡി രാജേന്ദ്രൻ, എം എം കീരവാണി
5 താഴമ്പൂ… (സുജാത മോഹൻ, സിന്ധു ദേവി ‑എം ഡി രാജേന്ദ്രൻ, എം എം കീരവാണി)
6 ദേവപാദം… (കെ എസ് ചിത്ര- എം ഡി രാജേന്ദ്രൻ, എം എം കീരവാണി)
7 എന്തരോ മഹാനു ഭാവുലു… (അരുന്ധതി-എം എം കീരവാണി)
******
രണ്ട് മനുഷ്യർ തമ്മിലുള്ള സംഭാഷണത്തിലെ സ്നേഹാർദ്രതയിൽ നിന്ന് എങ്ങനെ സംവേദനം നടക്കുമെന്നതിന്റെ മികച്ച ഉദാഹരണമാണ് നീലഗിരിയിലെ ഗാനങ്ങൾ. ഇണങ്ങിയിരിക്കുന്ന മനുഷ്യർക്ക് ഭാഷ പ്രശ്നമല്ല. ഞാനും കീരവാണിയും തമ്മിൽ ഞങ്ങൾക്കിടയിൽ ഇണക്കത്തിന്റെയും സൗഹാർദ്ദത്തിന്റെയും ഒരു പാലം വളരെ എളുപ്പത്തിൽ രൂപപ്പെട്ടു. രാത്രിയോ പകലോ എന്നില്ലാതെ ഞങ്ങൾ തമ്മിൽ സംസാരിച്ചു. ഒരോ തവണ സംസാരം നിർത്തുമ്പോഴും താങ്കൾക്ക് എന്നെ എപ്പോൾ വേണമെങ്കിലും വിളിക്കാമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. പാട്ടിലെ വരികൾ ഞാൻ ഫോണിലൂടെ അദ്ദേഹത്തിന് പാടി കേൾപ്പിക്കുമായിരുന്നു.
കീരവാണി എന്നെ കലവറയില്ലാതെ പ്രോത്സാഹിപ്പിച്ചു. യഥാർത്ഥ കലാകാരൻ ഒരിക്കലും പരാജയപ്പെടുന്നില്ല. അവഗണനയും മാറ്റിനിർത്തപ്പെടലുകളും കലാകാരനെ ഇല്ലാതാക്കുന്നില്ല. ഓസ്കാറിലൂടെ കീരവാണി തെളിയിച്ചതും ഈ സത്യമാണ്. കീർത്തിയും ധനവും എവിടെ വച്ചും കലാക്കാരനിലേക്ക് വന്നുചേരും. നിരന്തര പരിശ്രമം വേണമെന്ന് മാത്രം. ഈ ഓസ്കാർ ലബ്ധിയിൽ മറ്റാരേക്കാളും കൂടുതലായി സന്തോഷിക്കുന്നത് ഞാനാണെന്ന് അറിയപ്പെടാനാണ് എനിക്കിഷ്ടം. എനിക്കിത് അത്യാഹ്ലാദത്തിന്റെ നിമിഷങ്ങളാണ്. സംഗീതത്തിൽ ആഴ്ത്തിലുള്ള പാണ്ഡിത്യമാണ് കീരവാണിയെ ലോകോത്തരമാക്കുന്നത്. പാട്ടിനോട് ഈണം ചേർക്കുന്ന പഴയക്കാല സംഗീത സംവിധാനത്തിൽ നിന്നും ഈണത്തിലേക്ക് പാട്ട് ചേർക്കപ്പെടുന്ന പുതിയകാലത്തെ പരീക്ഷണങ്ങൾ ആദ്യമായി ഏറ്റെടുത്ത സംഗീത സംവിധായകരിൽ ഒരാളാണ് കീരവാണി.
ഇന്ന് സംഗീതം വൈകാരികമായി നേരത്തെ നിശ്ചയിക്കപ്പെടുകയും അതിലേക്ക് അനുയോജ്യമായ വാക്കുകൾ ചേർക്കപ്പെടുകയുമാണ് ചെയ്യുന്നത്. ചിട്ടപ്പെടുത്തിയ രാഗത്തിന്റെ ഗുണങ്ങൾ വരികൾക്കും വേണം. സംഗീതകാരനും പാട്ടെഴുത്തുക്കാരനും പരസ്പരം ഇഴചേരുമ്പോൾ മാത്രമെ മികച്ച ഗാനം പിറവിയെടുക്കൂന്നുള്ളൂ. നിങ്ങൾ ചെയ്യുന്ന ജോലിയിൽ ഏകാഗ്രചിത്തനാകണം. അതിൽ നിന്നും വ്യതിചലിക്കരുത്. മറ്റൊരാൾക്ക് തിരുത്തി പ്രയോഗിക്കാൻ കഴിയുന്ന തരത്തിൽ നിങ്ങളുടെ സംഗീതം അയഞ്ഞു പോകരുത്. നിങ്ങൾക്കതിന് നിശ്ചയങ്ങളുണ്ടായിരിക്കണം, സൂക്ഷമതയുണ്ടായിരിക്കണം, നിങ്ങൾ അതിൻ നോട്ടേഷൻ പൂർണ്ണമായി എഴുതിവയ്ക്കണം. അപ്പോൾ മാത്രമെ നിങ്ങളൊരു സംഗീത സംവിധായകൻ ആകുന്നുള്ളൂ. ഇക്കാര്യങ്ങളെല്ലാം പൂർണമായി പാലിക്കാൻ കഴിയുന്ന ആളായിരുന്നു കീരവാണി. ഈ വിശ്വ പ്രശസ്തിക്ക് കീരവാണി പാത്രമാകൂമ്പോൾ ആത്മാര്‍ത്ഥത, ഏകാഗ്രത, കഠിനാധ്വാനം എന്നിവയുടെ സമ്മേളനമാണ് നാം കാണേണ്ടത്. ‘നാട്ടു നാട്ടു…’ ഗാനത്തിന്റെ വരികളെഴുതിയ കവിയെ കൂടി ഈ സന്ദർഭത്തിൽ ഓർക്കുകയാണ്. രാഗവും വാക്കും ചേരുമ്പോഴാണ് അതിന്റെ മനോഹാരിത പൂർണമാകുന്നത്. പാട്ടെഴുത്തുകാരൻ ചന്ദ്രബാബു ഉൾപ്പടെ എല്ലാവരെയും ഹൃദയം തുറന്ന് അഭിനന്ദിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.