23 December 2024, Monday
KSFE Galaxy Chits Banner 2

വയ്യാവേലിപ്പെട്ടിക്ക് വയസ് ഇരുപത്താറ്!

ദേവിക
September 19, 2022 5:45 am

പത്തനംതിട്ട കലഞ്ഞൂരില്‍ ഭര്‍ത്താവ് ഭാര്യയുടെ കെെവെട്ടിയെന്ന വാര്‍ത്തയാണ് ഇന്നലെ ചാനലുകളില്‍ തത്തിക്കളിച്ചത്. ഭര്‍ത്താവ് അറസ്റ്റില്‍. ഏഴ് മണിക്കൂര്‍ ശ്രമത്തിനിടെ‍ ഭാര്യയുടെ കെെ വിജയകരമായി തുന്നിപ്പിടിപ്പിച്ചു. അക്രമത്തിന് പ്രേരിപ്പിച്ചത്, ഭാര്യ മൊബെെലില്‍ സംസാരിക്കുന്നതിലുള്ള സംശയരോഗം. ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു, ഭര്‍ത്താവിന്റെ മൊബെെലുമായി ഭാര്യ കാമുകനൊപ്പം കടന്നു, കാമുകന്റെയും കാമുകിയുടെയും അരുംകൊല ചെയ്യപ്പെട്ട ഭര്‍ത്താവിന്റെയും മൊബെെല്‍ ഫോണുകള്‍ പൊലീസ് കസ്റ്റഡിയില്‍, മൊബെെല്‍ ഫോണ്‍ വാങ്ങിക്കൊടുക്കാത്തതിന് ഏഴ് വയസുകാരന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നു. റയില്‍പാതയില്‍ വീണ മൊബെെല്‍ ഫോണ്‍ എടുക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ തീവണ്ടികയറി മരിച്ചു… ഇതെല്ലാം കേട്ടപ്പോഴാ മലയാളത്തിന്റെ തൂലികക്കാരനായ തകഴിയോടും മലയാളസാഹിത്യത്തിന്റെ ലാസ്യലഹരിയായിരുന്ന മാധവിക്കുട്ടിയെന്ന കമലാസുരയ്യയോടും കട്ടക്കലിപ്പു തോന്നിയത്. സര്‍വവിജ്ഞാനങ്ങളുടെയും കലവറയായ മൊബെെല്‍ ഫോണ്‍ എന്ന വയ്യാവേലിപ്പെട്ടിയുടെ ഉദ്ഘാടനം 26 വര്‍ഷം മുമ്പ് സെപ്റ്റംബര്‍ 17ന് നിര്‍വഹിച്ചത് ഇവരായിരുന്നു. ദക്ഷിണ മേഖലാ നാവിക മേധാവി റിയര്‍ അഡ്മിറല്‍ എ ആര്‍ താണ്ഡനുമായി കുശലം പറഞ്ഞായിരുന്നു ഉദ്ഘാടനം. ആദ്യ ദിവസം മൊബെെല്‍ ഫോണിനുവേണ്ടി ബുക്കു ചെയ്തവര്‍ ആയിരത്തോളം പേര്‍. ഇന്ന് കേരളത്തിലെ ജനസംഖ്യ 3.53 കോടി. പക്ഷെ കേരളീയരുടെ പക്കലുള്ളത് നാല് കോടിയില്‍പ്പരം ഫോണുകള്‍. മൊബെെലുകള്‍ വര്‍ധിക്കുന്നതനുസരിച്ച് അക്രമങ്ങളും തിന്മകളും പെരുകുന്നു.

എന്തായാലും തകഴിയും ആമിയും മലയാളികളോട് ഈ ചതി കാട്ടേണ്ടിയിരുന്നില്ല. പട്ടികള്‍ നാടുവാണീടും കാലം എന്ന മട്ടിലായി സംഗതികളുടെ പോക്ക്. തെരുവ് പട്ടിയെയോ പേപ്പട്ടിയെയോ പത്ത് സെക്കന്റ് തുറിച്ചുനോക്കിയാല്‍ ഊണകത്ത്. കടിച്ചുകീറാന്‍ വരുന്ന പട്ടിയെ തുരത്താന്‍ കല്ലോ വടിയോ എടുത്താല്‍ ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് കലാപാഹ്വാനത്തിന് കേസ്. കാസര്‍കോട് ബേക്കലെ ടെെഗര്‍ സമീര്‍ മതപാഠശാലയിലെ കുട്ടികള്‍ക്ക് കൂട്ടായി കളിത്തോക്കുമായി കൂട്ടുപോയതിന് കേസ്. ലെെസന്‍സ് പോലും വേണ്ടാത്ത എയര്‍ഗണ്ണും അദ്ദേഹത്തിന്റെ മൊബെെലും വരെ പൊലീസ് പിടിച്ചെടുത്തു. ഈ തോക്കില്‍ നിന്നു വെടിയുതിര്‍ത്താല്‍ പട്ടി പോയിട്ട് കട്ടുറുമ്പുപോലും ചാകില്ല. പക്ഷെ പട്ടിപ്രേമികളും പട്ടിവിരുദ്ധരും തമ്മില്‍ കലാപമുണ്ടാക്കാനുള്ള ആഹ്വാനമായിരുന്നുവത്രെ പാവം സമീറിന്റെ കളിത്തോക്കുമായുള്ള സഞ്ചാരം. ചെെന, ദക്ഷിണകൊറിയ, തായ്‌ലന്‍ഡ്, ഫിലിപ്പെെന്‍സ്, കംബോഡിയ, ലാവോസ്, വിയറ്റ്നാം തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങള്‍ മാത്രമല്ല ഇന്ത്യയിലെ നാഗാലാന്‍ഡും പട്ടിയിറച്ചി തിന്നുന്നവരുടെ പറുദീസയാണ്. ദേവിക ഒരിക്കല്‍ തായ്‌ലന്‍ഡ് കാണാന്‍ പോയി. നിരത്തുവക്കുകളില്‍ ശ്വാനമാംസം വറുത്തുവച്ചിരിക്കുന്നു. കണ്ടാല്‍ ഒന്നോടെ തിന്നാന്‍ തോന്നിപ്പോകും. അവിടത്തെ ജനങ്ങള്‍ ഓരോ പാക്കറ്റ് പട്ടി ഫ്രെെ വാങ്ങി കറുമുറെ ചവച്ചുകൊണ്ടാണ് സായാഹ്നസവാരി. പാറ്റയും പുഴുക്കളുമെല്ലാം വറുത്തവിഭവങ്ങളായുണ്ട്. പട്ടിമാംസം വറുത്തെടുക്കുമ്പോള്‍ എന്തൊരു മണമാണ്.


ഇതുകൂടി വായിക്കൂ:തീവ്രഹിന്ദുത്വ വാദികളുടെ ദേശീയത  


ചെെനയിലാണെങ്കില്‍ പ്രതിവര്‍ഷം ഒരു കോടി പട്ടികളെയാണ് ജനം തിന്നുമുടിക്കുന്നത്. 40 ലക്ഷം പൂച്ചകളെയും. രണ്ടാം സ്ഥാനത്തു നില്ക്കുന്ന വിയറ്റ്നാമില്‍ 80 ലക്ഷം പട്ടികളെയാണ് ശാപ്പിടുന്നത്. ലോകത്തെ ഏറ്റവുമധികം ഇസ്‌ലാമിക ജനസംഖ്യയുള്ള ഇന്തോനേഷ്യയില്‍ അഞ്ച് ശതമാനം പേര്‍ ശുനകമാംസം ഭക്ഷിക്കുന്നു. ഭക്ഷ്യക്ഷാമം കൊണ്ടല്ല. അതൊക്കെ അവരുടെ ഭക്ഷണ സംസ്കാരമാണ്. പട്ടിമാംസ വാര്‍ഷിക മഹോത്സവം നടത്തുന്ന ആഫ്രിക്കന്‍ സംസ്ഥാനങ്ങളും ഏറെയാണ്. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടനുസരിച്ച് ഈ രാജ്യങ്ങളിലെല്ലാം ഇപ്പോള്‍ നായിറച്ചിക്ക് വലിയ ക്ഷാമമാണ്. ഇതെല്ലാം കണക്കിലെടുത്ത് ഈ രാജ്യങ്ങളിലേക്ക് ശുനക കയറ്റുമതിയുടെ സാധ്യതകള്‍ ആരായുന്ന ചര്‍ച്ചകള്‍ക്കും തുടക്കമിടണം. കയറ്റുമതി വര്‍ധിക്കുന്നതനുസരിച്ച് സ്വയംതൊഴില്‍ കണ്ടെത്താനും വ്യാവസായികാടിസ്ഥാനത്തില്‍ പട്ടിഫാമുകള്‍ തുടങ്ങാനുമാകും. ഓരോ പട്ടിക്കും അവന്റെതായ ഒരു ദിനമുണ്ടെന്നാണല്ലോ ചൊല്ല്. ഗുരുവായൂര്‍ കൃഷ്ണന്റെ തിരുനടയിലും കുചേല‑കുബേര ഇരട്ടത്താപ്പോ. അവല്‍പ്പൊതിയുമായെത്തിയ സതീര്‍ത്ഥ്യന്‍ കുചേല ബ്രാഹ്മണനെ ആശ്ലേഷിച്ചു സ്വീകരിച്ചവനാണ് ദളിതനും യാദവകുലജാതനുമായ കൃഷ്ണന്‍. ഗുരുവായൂരപ്പനായ കൃഷ്ണന് കയ്യിലുള്ള നാണയത്തുട്ടുകള്‍ കാണിക്കയിട്ട് സായൂജ്യമടയുന്ന ആയിരങ്ങളുണ്ട്. അവരെയാരും ഗുരുവായൂര്‍ പൂര്‍ണകുംഭം നല്കിയും പൊന്നാടയണിയിച്ചും സ്വീകരിക്കാറുമില്ല. എന്നാല്‍ ‘വെളുത്ത മുണ്ടിന് പായിട്ടു കൊടുക്ക്’ എന്ന് പണ്ടാരോ പറഞ്ഞപോലെ ശനിയാഴ്ച ഒരു മഹാകോടീശ്വരന്‍ ഗുരുവായൂരിലെത്തി, മുകേഷ് അംബാനി. മോഡിത്തണലില്‍ ലോകകോടീശ്വരനായി വളര്‍ന്നയാള്‍.

വിമാനമിറങ്ങാനുള്ള സംവിധാനമടക്കം 23 നിലകളുള്ള മുംബെെയിലെ കൊട്ടാരത്തിന്റെ ഉടമ. മകന്‍ ആനന്ദ് അംബാനിയും അയാളുടെ പ്രതിശ്രുത വധുവിനുമൊപ്പമുള്ള ഗുരുവായൂര്‍ സന്ദര്‍ശനം. ശ്രീകൃഷ്ണാ കോളജിലെ ഹെലിപാഡില്‍ വന്നിറങ്ങിയ അംബാനിക്കും പരിവാരങ്ങള്‍ക്കും പൂര്‍ണകുംഭത്തോടെ വരവേല്പ്. പൊന്നാട ചാര്‍ത്തല്‍, ആന, അമ്പാരി, നെറ്റിപ്പട്ടം, വെണ്‍ചാമരം, ചെണ്ടമേളം പഞ്ചവാദ്യം എന്നിവയോടെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്റെ നേതൃത്വത്തില്‍ രാജകീയ വരവേല്പ്. ഇതെല്ലാം കാണാന്‍ ഭഗവാന്‍ കനിയാന്‍ നാണയത്തുട്ടുകള്‍ കാണിക്കയായി സമര്‍പ്പിച്ച കുചേലന്മാരായ കുറേ അപ്പാവികളും. സ്വീകരണമേളം കഴിഞ്ഞപ്പോള്‍ അംബാനിവക ഒന്നരക്കോടിയുടെ ചെക്ക് ഭഗവാന് രൊക്കമായി നല്കുന്നു. ഗുരുവായൂരപ്പന്‍ ആദ്യം സ്വീകരിക്കുന്നത് കുചേല ഭക്തന്മാരുടെ നാണയത്തുട്ടുകളോ കുബേര സന്ദര്‍ശകന്റെ കോടികളോ. ഭഗവാനേ കലികാലമെന്നതൊക്കെ ശരി, പക്ഷെ ഇരട്ടത്താപ്പ് ശരിയല്ല. ലോക രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഷോമാന്‍ ആരെന്നു ചോദിച്ചാല്‍ മോഡിയുടെ പേരു വിട്ടൊരു കളിയുണ്ടോ. തന്റെ പരിപാടികള്‍ക്കെല്ലാം ഈവന്റ്മാനേജ്മെന്റ് കമ്പനികള്‍ക്ക് ലക്ഷങ്ങള്‍ നല്കുിയാണ് ആളെക്കൂട്ടുന്നത്.


ഇതുകൂടി വായിക്കൂ:പേ വിഷബാധ: സംയുക്ത കര്‍മ്മ പദ്ധതി നടപ്പിലാക്കണം 


പക്ഷെ മിനിഞ്ഞാന്ന് ഈ മഹാന്റെ ഒരു ചീറ്റപരിപാടി ചീറ്റിപ്പോയി. ഇന്ത്യയില്‍ ചീറ്റപ്പുലികളുടെ വംശനാശം സംഭവിച്ചിട്ട് 70 വര്‍ഷമായി. മന്‍മോഹന്‍ ഭരണത്തിന്റെ അവസാനകാലത്ത് അന്ന് വനം-പരിസ്ഥിതി മന്ത്രിയായിരുന്ന ജയ്റാം രമേശ് നമീബിയയില്‍ നിന്ന് എട്ട് ചീറ്റപ്പുലികളെ വാങ്ങാന്‍ കരാര്‍ ഒപ്പിട്ടു. മോഡി വന്നശേഷം കരാര്‍ പെട്ടെന്നു നടപ്പാക്കാന്‍ ഒരു നടപടിയുമെടുത്തില്ല. കരാറനുസരിച്ച് എട്ട് വേഗപ്പുലികളെ അയയ്ക്കുന്നുവെന്ന അറിയിപ്പ് കിട്ടിയപ്പോഴാണ് മോഡി പോലും പുലി ഇറക്കുമതി അറിഞ്ഞത്. പുലിയെങ്കില്‍ പുലി, ഇന്ത്യയുടെ വികസനവേഗം ഈ വേഗപ്പുലികളെപ്പോലെയാക്കുമെന്നൊരു പ്രഖ്യാപനവും. പട്ടിണിപ്പട്ടികയില്‍ ലോകത്തെ ഏറ്റവും വലിയ രാജ്യം എന്ന ബഹുമതിപ്പട്ടം കിട്ടിയ അന്നായിരുന്നു ഈ വേഗപ്പുലി പ്രയോഗമെന്നതു മറ്റൊരു കാര്യം. ചീറ്റപ്പുലികളെ കുനോ വനങ്ങളില്‍ തുറന്നുവിടുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത മോഡി വനത്തിലിറങ്ങിയ ചീറ്റകളുടെ ചിത്രമെടുക്കുന്നു. പക്ഷെ കാമറയിലെ ലെന്‍സിന്റെ ഷട്ടര്‍ തുറക്കാതെയായിരുന്നു ഈ ഫോട്ടംപിടി കലാപരിപാടി. മോഡിക്കല്ലാതെ ആര്‍ക്കുകഴിയും ഷട്ടറടച്ച കാമറയില്‍ പടമെടുക്കാന്‍ എന്നായിരിക്കും സംഘികളുടെ ചോദ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.