23 December 2024, Monday
KSFE Galaxy Chits Banner 2

ജോഷിമഠ് നമ്മുടെ അരികിലാണ്

ദേവിക
വാതില്‍പ്പഴുതീലൂടെ
January 16, 2023 4:45 am

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ പതിനായിരങ്ങള്‍ പലായനപാതയിലാണ്. നൂറുകണക്കിനു വീടുകളും ഹോട്ടലുകളും എന്തിന് മഹാക്ഷേത്രങ്ങള്‍ പോലും വിണ്ടുകീറി ഭൂമിയിലേക്ക് താണുകൊണ്ടിരിക്കുന്നു. അമ്പലങ്ങളിലെ ദേവഗണങ്ങളെ ഉടന്‍ കുടിയൊഴിപ്പിച്ചില്ലെങ്കില്‍ അവരും പാതാളത്തില്‍ വിലയം പ്രാപിക്കുമെന്ന അവസ്ഥ. നമ്മുടെ പശ്ചിമഘട്ട മലനിരകള്‍ കേരളത്തിന്റെ പ്രകൃതിക്ക് കാവലാളായി നിന്നകാലം കഴിഞ്ഞു. അതുപോലെ തന്നെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ സംരക്ഷിത കോട്ടയൊരുക്കി നിന്ന ഹിമവാനെ ‘അസ്ത്യുത്തരസ്യാംദിശി ദേവതാത്മാ, ഹിമാലയോ നാമഃ നഗാധിരാജ’ എന്ന കാളിദാസന്റെ വാഴ്ത്തുപാട്ടിന്റെ കാലവും പഴങ്കഥ. ഹിമാലയനിരകളും പരിസ്ഥിതി ആഘാതത്തില്‍ താണുകൊണ്ടിരിക്കുന്നുവെന്ന് പഠനങ്ങള്‍. അതിവികസന മോഹത്തില്‍ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചതിന്റെ ദുരന്തക്കാഴ്ചകളാണ് ജോഷിമഠിലേത്. 76ല്‍‍ ഡോ. മഹേഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പതിനെട്ടംഗ ശാസ്ത്രജ്ഞസംഘം നടത്തിയ പഠനത്തില്‍ ഈ ദേവഭൂമി പ്രതിവര്‍ഷം രണ്ടിഞ്ചു വീതം താണുകൊണ്ടിരിക്കുന്നുവെന്ന് കണ്ടെത്തി. ഇതനുസരിച്ചുള്ള വികസന പദ്ധതികളെ ആകാവൂ എന്ന ഈ സംഘത്തിന്റെ ശുപാര്‍ശ ചവറ്റുകൊട്ടയിലെറിഞ്ഞു. ഹൈമവതഭൂമിയുടെ മാറിടം പിളര്‍ന്ന് തുരങ്കങ്ങളുണ്ടാക്കി തപോവന്‍ വൈദ്യുതനിലയം പണിതതാണ് ഇപ്പോഴത്തെ ദുരന്തത്തിന് ആക്കം കൂട്ടിയതെന്ന ഇന്ത്യന്‍ ശൂന്യാകാശ ഗവേഷണ സംഘടനയുടെ റിപ്പോര്‍ട്ട് പൂഴ്ത്തി.

റിപ്പോര്‍ട്ട് മുക്കിയാല്‍ വരാനിരിക്കുന്ന ദുരന്തങ്ങള്‍ മുങ്ങുമോ! ‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ’ എന്ന പാട്ടുകേട്ട് മലയാളിയും പരിഭ്രാന്തരാകേണ്ട അവസ്ഥ. പതിറ്റാണ്ടുകളായി തുടരുന്ന നമ്മുടെ അതിവികസന മോഹത്തിന്റെയും മനുഷ്യന്റെ ഭൂമിക്കുവേണ്ടിയുള്ള അത്യാര്‍ത്തിയുടെയും ഫലമായി മലയാളക്കര എന്ന തുണ്ടു ഭൂമികയുടെ പരിസ്ഥിതി അതിവേഗം തകര്‍ന്നുകൊണ്ടിരിക്കുന്നു. ഇക്കണക്കിനു പോയാല്‍ പരിസ്ഥിതി ദുര്‍ബലമല്ലാത്ത ഒരുതുണ്ടു ഭൂമിപോലുമില്ലാത്ത അവസ്ഥ വരാന്‍ ഏറെക്കാലം വേണ്ടിവരില്ല. 125വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ഒരു ജലബോംബായി നമ്മെ തുറിച്ചുനോക്കുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ചുഡാമായ ഇടുക്കിയുടെ ആയക്കെട്ടു പ്രദേശങ്ങള്‍പോലും ഭൂമാഫിയ കയ്യേറിയിരിക്കുന്നു. ആ പ്രദേശം മുഴുവന്‍ കുരിശിന്റെ വഴികളും ഏലത്തോട്ടങ്ങളുമായി മാറിയിരിക്കുന്നു. ഈ മാഫിയകളെ ഇറക്കിവിട്ടാല്‍ രാഷ്ട്രീയ‑വര്‍ഗീയ പ്രക്ഷോഭങ്ങള്‍ കൊടുമ്പിരിക്കൊള്ളും. ഇടുക്കിയില്‍ പത്തു വര്‍ഷത്തിനു മുമ്പ് അടുത്തടുത്ത് 28 ഭൂചലനങ്ങളാണുണ്ടായത്. ഉരുള്‍പൊട്ടലില്‍ ഇന്ത്യയില്‍ കേരളം മുന്‍പന്തിയില്‍. രണ്ട് വര്‍ഷത്തിനിടെ കിഴക്കന്‍ മലയോരങ്ങളില്‍ മാത്രം 384 ഉരുള്‍പൊട്ടലുകളാണുണ്ടായത്. ഇതിനിടെ രണ്ട് മഹാപ്രളയങ്ങള്‍. ഒരു പ്രളയം കഴിഞ്ഞപ്പോള്‍ കുട്ടനാട് 30 സെന്റീമീറ്റര്‍ വരെ താണു. അഷ്ടമുടിക്കായലിലെ ചെറുതുരുത്തുകള്‍ അപ്രത്യക്ഷമായി.


ഇതുകൂടി വായിക്കൂ: ജനജീവിതം ദുരിതത്തിലാക്കുന്ന പരിഷ്കാരം


വലിയ തുരുത്തുകളും കായലില്‍ താണു. ഗുജറാത്തിലുണ്ടായ ഭൂകമ്പത്തിനു തൊട്ടുപിന്നാലെയാണ് കേരളത്തിലെ ഭൗമഘടനയിലും കാതലായ പ്രത്യാഘാതങ്ങളുണ്ടായതെന്ന് ഈ രംഗത്ത് പഠനങ്ങള്‍ നടത്തുന്ന തൃശൂരിലെ ശ്രീമുരുഗന്‍ ഓര്‍മ്മിപ്പിക്കുന്നു. പത്തു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ 1365 കിണറുകളാണ് ഇടിഞ്ഞു താണത്. ഇതേക്കുറിച്ച് തലസ്ഥാനത്തെ ഭൗമവിജ്ഞാനീയ കേന്ദ്രം നടത്തിയ പഠനം പാതിവഴിക്ക് അവസാനിപ്പിച്ചു. കിണറുകളില്‍ നിന്നും വിവിധയിനം ശബ്ദങ്ങളുണ്ടാവുക, കിണര്‍ വേനല്‍ക്കാലത്തുപോലും കവിഞ്ഞൊഴുകുക, കിണറുവെള്ളത്തിനുണ്ടാകുന്ന നിറം മാറ്റം, വെള്ളത്തില്‍ മണ്ണെണ്ണയുടെ സാന്നിധ്യം എന്നിവ കണ്ടാല്‍ ചിലപ്പോള്‍ ശാസ്ത്രജ്ഞര്‍ വന്നെന്നിരിക്കും. ‘എണ്ണക്കിണറില്‍ നിന്നും വ്യാവസായികാടിസ്ഥാനത്തിലുള്ള പര്യവേക്ഷണത്തിനു സാധ്യതയുണ്ടോ എന്നറിയാന്‍! ഇല്ലെന്നു കണ്ടാല്‍ സ്ഥലം കാലിയാക്കുന്ന ശാസ്ത്രകില്ലാടികള്‍. കിണറുകളുടെ ഈ ഭാവമാറ്റത്തിനു കാരണമെന്തെന്ന് അന്വേഷിക്കേണ്ടതില്ല. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍ 95 ശതമാനവും വനങ്ങള്‍ക്കുള്ളിലെന്നാണ് കണക്ക്. 1100ല്‍പരം ക്വാറികളും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവ. അഡാനിക്ക് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് കരിങ്കല്‍ ശേഖരിക്കാന്‍ അനുവദിച്ച 13 ക്വാറികളും ആനപരിപാലന കേന്ദ്രത്തിലും കടുവാസംരക്ഷണ കേന്ദ്രങ്ങളിലും പരിസ്ഥിതിലോല മേഖലകളിലും. പിന്നെയെങ്ങനെ പിടി 7നും ചക്കക്കൊമ്പനും നാട്ടിലിറങ്ങി നാശനഷ്ടങ്ങള്‍ വരുത്താതിരിക്കും.

കടുവാക്കൂട്ടങ്ങള്‍ നാട്ടിലിറങ്ങി മനുഷ്യരെ കടിച്ചുതിന്നാതിരിക്കും. തങ്ങളുടെ ആവാസവ്യവസ്ഥ മനുഷ്യന്‍ കയ്യേറുമ്പോഴുള്ള സ്വാഭാവിക പരിണാമങ്ങള്‍ മാത്രം. എന്നിട്ടു നാം പറയും കടുവയുടെയും ആനയുടെയും വരിയുടച്ച് സന്താനനിയന്ത്രണം നടപ്പാക്കാമെന്ന്! ഈയിടെ തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെ യാത്ര ചെയ്യാനിടയായി. ഓരോ 10 മീറ്റര്‍ ഇടവിട്ട് ലോട്ടറി തട്ടുകടകള്‍. നിരത്തില്‍ കാതങ്ങളോളം സഞ്ചരിച്ച് നടന്നു ടിക്കറ്റ് വില്‍ക്കുന്നവരും ധാരാളം. വഴിയില്‍ വണ്ടിനിര്‍ത്തി കച്ചവടക്കാരോട് തിരക്കി. ലോട്ടറി തഴച്ചുവളരുന്നതിനു കാരണം കേരളം ഭാഗ്യാന്വേഷികളുടെ നാടായതുകൊണ്ടു മാത്രം. അതുകൊണ്ടാണല്ലോ നാം തട്ടിപ്പുചക്രവര്‍ത്തിമാരായ പ്രവീണ്‍ റാണയുടെയും മോന്‍സന്‍മാവുങ്കലിന്റെയും പിന്നാലെ പരക്കം പായുന്നത്. ഇവരുടെയെല്ലാം പേരിനു മുന്നില്‍ ഡോക്ടര്‍ എന്ന വാക്കുകൂടി സ്വയം എടുത്തണിയുമ്പോള്‍ വിശ്വാസ ലബ്ധിക്കിനിയെന്തുവേണം. നിക്ഷേപത്തിന് 95 ശതമാനം പലിശ ലഭിക്കുമെന്ന വാഗ്ദാനത്തില്‍ മയങ്ങിവീണുപോകുന്ന ഭാഗ്യാന്വേഷികളെയല്ലേ കടലാവണക്കിന്‍ പത്തല്‍ വെട്ടിയടിക്കേണ്ടത്! ലാബെല്ലാ രാജന്‍ എന്ന മഹാതട്ടിപ്പുകാരന്‍ മൂന്നരപ്പതിറ്റാണ്ടു മുമ്പ് കോടികള്‍ തട്ടിമുങ്ങിയതു നമുക്ക് പാഠമായില്ല. എന്നെയൊന്നു കബളിപ്പിക്കണമേ എന്നു കെഞ്ചി തട്ടിപ്പുകാര്‍ക്ക് തലവച്ചുകൊടുക്കുന്ന മലയാളി കണ്ടാലും കൊണ്ടാലും പഠിക്കില്ല. തട്ടിപ്പുകാരുടെ പരസ്യങ്ങള്‍ വാങ്ങിവിഴുങ്ങി കൊഴുക്കുന്ന വന്‍കിട മാധ്യങ്ങളുടെ അടുത്ത ഊഴം തട്ടിപ്പിനിരയായവരുടെ കണ്ണീര്‍ക്കഥ പരമ്പരകള്‍!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.