18 January 2026, Sunday

Related news

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

കേരള സര്‍വകലാശാലയില്‍ വിസിയുടെ ധിക്കാരം തുടരുന്നു

Janayugom Webdesk
തിരുവനന്തപുരം
July 11, 2025 10:46 pm

ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാനുള്ള തീവ്ര ശ്രമങ്ങള്‍ക്കിടെ കേരള സര്‍വകലാശാല വൈസ്‌ ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ നിയമവിരുദ്ധ നടപടികള്‍ തുടരുന്നു. കോടതിയെപ്പോലും അവഗണിച്ചാണ് വിസിയുടെ ഇടപെടല്‍. രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ അയച്ച മൂന്നു ഫയലുകള്‍ വിസി തിരിച്ചയച്ചു. അതേസമയം, താന്‍ പ്രതിഷ്ഠിച്ച രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. മിനി കാപ്പന്‍ അയച്ച 25 ഫയലുകള്‍ വിസി ഒപ്പുവയ്ക്കുകയും ചെയ്തു. വിസിയുടെ അധികാര ദുര്‍വിനിയോഗം തുടരുന്നതോടെ ഭരണപ്രതിസന്ധിയിലായിരിക്കുകയാണ് കേരള സര്‍വകലാശാല. വൈസ് ചാന്‍സലര്‍ നിയമവിരുദ്ധവും ക്രമവിരുദ്ധവുമായ നടപടികള്‍ തുടരുന്നുവെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറഞ്ഞു. സർവകലാശാലയിൽ രജിസ്ട്രാർ ഇല്ലെങ്കിൽ മറ്റൊരാൾക്ക് ചുമതല നൽകാനുള്ള അധികാരം സിൻഡിക്കേറ്റിനെന്നാണ് ചട്ടം. രജിസ്ട്രാർ ചെയ്യേണ്ട ജോലികൾ എന്തൊക്കെയാണെന്ന് നിശ്ചയിക്കാനുള്ള അധികാരവും സിൻഡിക്കേറ്റിനാണ്. ഇതെല്ലാം മറികടന്ന് വിസി ചട്ടവിരുദ്ധമായി അമിതാധികാര പ്രയോ​ഗം നടത്തുകയാണ്. രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിനെതിരായി സിൻഡിക്കേറ്റിന്റെ അധികാരം മറികടന്ന് വിസി തെറ്റായ നടപടിയാണെടുത്തത്. സിൻഡി​ക്കേറ്റ് അം​ഗങ്ങൾ യോ​ഗം ചേർന്ന് അത് തിരുത്തി. അനിൽകുമാർ വീണ്ടും ചുമതല ഏറ്റെടുത്ത് രജിസ്ട്രാർ ആയി തുടരുകയാണ്. എട്ട് ദിവസത്തേക്ക് താല്‍ക്കാലിക വൈസ് ചാൻസലറായി എത്തിയ ഡോ. സിസ തോമസും സിൻഡിക്കേറ്റിന്റെ അധികാരങ്ങൾ കവർന്നെടുത്ത് തെറ്റായ നടപടികൾ സ്വീകരിച്ചു. ഇത് നിയമവിരുദ്ധമാണെന്നും സിന്‍ഡിക്കേറ്റ് പറഞ്ഞു. 

വ്യാഴാഴ്ച സര്‍വകലാശാലയില്‍ രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ എത്തിയെങ്കിലും രജിസ്ട്രാര്‍ക്കുള്ള ഇ- ഫയലുകള്‍ അനില്‍കുമാറിന് അയക്കരുതെന്ന് കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് ഡയറക്ടര്‍ക്ക് വിസി നിര്‍ദേശം നല്‍കിയിരുന്നു. വൈകിട്ടോടെയാണ് ഡോ. കെ എസ് അനില്‍കുമാറിന്റെ ഡിജിറ്റല്‍ ഒപ്പ് പുനഃസ്ഥാപിച്ചത്. താല്‍ക്കാലിക വിസി സിസ തോമസും സമാന നടപടി സ്വീകരിച്ചിരുന്നു. രജിസ്ട്രാര്‍ വഴിയെത്തിയ ഫയലുകള്‍ സ്വീകരിക്കാതെ അതത് വകുപ്പുകളിലേക്ക് തിരിച്ചയച്ച് ജോയിന്റ് രജിസ്ട്രാര്‍ വഴി നേരിട്ട് അയച്ചാല്‍ മതിയെന്ന് നിര്‍ദേശിക്കുകയായിരുന്നു. 25 ഫയലുകളാണ് മിനി കാപ്പൻ അയച്ചത്. രജിസ്ട്രാർ ഇൻ ചാർജ് എന്ന നിലയിലാണ് മിനി കാപ്പൻ ഫയലുകൾ അയച്ചത്. തെറ്റായ ഉത്തരവിൻ പ്രകാരം ആരെങ്കിലും ഏതെങ്കിലും ഫയൽ നോക്കിയിട്ടുണ്ടെങ്കിൽ അത് സർവകലാശാലയുടെ തീരുമാനമായി മാറില്ല. അത്തരം പ്രവൃത്തികൾ ചെയ്യുന്നവർ ഭവിഷ്യത്തുകൾ നേരിടേണ്ടിവരും. തന്റെ താല്പര്യങ്ങൾ സിൻഡിക്കേറ്റ് അനുസരിച്ചില്ലെങ്കിൽ വൈസ് ചാൻസിലർ ഒപ്പിടില്ലെന്ന നിലപാടെടുക്കുമ്പോൾ വിദ്യാർത്ഥികളാണ് പ്രതിസന്ധിയിലാകുന്നത്.
സർവകലാശാലയിൽ ഭരണ പ്രതിസന്ധിയുണ്ടെന്ന് വരുത്തിത്തീർക്കാനാണ് അധികാരികൾ ശ്രമിക്കുന്നതെങ്കിൽ അതിനെ സർവകലാശാലാ സമൂഹം ശക്തമായി പ്രതിരോധിക്കുമെന്നും സിൻഡിക്കേറ്റ് അംഗങ്ങള്‍ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.