
മേയർ സ്ഥാനത്തിൽ നിന്നും തഴയപ്പെട്ട കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ അനുനയിപ്പിക്കാനുള്ള നേതൃത്വത്തിന്റെ നീക്കങ്ങൾ പാളുന്നു. മെട്രോപൊളിറ്റൻ (എംപിസി) ചെയർപേഴ്‌സണാക്കാമെന്നാണ് ഡിസിസി നേതൃത്വത്തിന്റെ പുതിയ വാഗ്ദാനം. എന്നാൽ ദീപ്തി മേരി ഇത് തള്ളി. അതേസമയം കൊച്ചി മേയർ പദവി വാഗ്ദാനം ചെയ്‌തത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണെന്ന് ദീപ്തി മേരി വർഗീസ് പറഞ്ഞു.
എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എന്തുകൊണ്ടാണ് മറ്റൊരു തീരുമാനമുണ്ടായതെന്ന് പ്രതിപക്ഷ നേതാവാണ് പറയേണ്ടതെന്നും ദീപ്തി പറഞ്ഞു. മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ ടേം വ്യവസ്ഥയിൽ എ, ഐ ഗ്രൂപ്പുകൾ പങ്കിടാനാണ് കോൺഗ്രസിൽ ധാരണയായിരിക്കുന്നത്. ആദ്യ രണ്ടര വർഷം ഐ ഗ്രൂപ്പിന്റെ വി കെ മിനിമോൾ മേയറാകും. ഇക്കാലയളവിൽ എ ഗ്രൂപ്പിന്റെ ദീപക് ജോയി ആയിരിക്കും ഡെപ്യൂട്ടി മേയർ. തുടർന്ന് എ ഗ്രൂപ്പിലെ ഷൈനി മാത്യു മേയറും ഐ ഗ്രൂപ്പിലെ കെ വി പി കൃഷ്ണകുമാർ ഡെപ്യൂട്ടി മേയറുമാകും.
മേയറെ തെരഞ്ഞെടുക്കാൻ കെപിസിസി ഉണ്ടാക്കിയ മാനദണ്ഡങ്ങൾ അട്ടിമറിച്ചെന്നാണ് ദീപ്തിയുടെ പരാതി. മേയറെ തെരഞ്ഞെടുക്കുന്നതിന് കോര്‍ കമ്മിറ്റി ചേരണമായിരുന്നു, എന്നാൽ താൻ കൂടി ഉൾപ്പെട്ട ആ കോർ കമ്മിറ്റി ചേർന്നില്ലെന്നും കെപിസിസി നിരീക്ഷകന്റെ സാന്നിധ്യത്തിൽ രഹസ്യ വോട്ടെടുപ്പ് നടത്തണമായിരുന്നുവെന്ന നിർദേശവും അവഗണിച്ചുവെന്നും ദീപ്തി പറയുന്നു. കെപിസിസിയിലെ മുതിർന്ന ഭാരവാഹികൾ മത്സരിച്ചാൽ അവരെ പരിഗണിക്കണമെന്ന കെപിസിസി നിർദേശവും നടപ്പായില്ലെന്നും ദീപ്തി പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.