17 January 2026, Saturday

വീയപുരം ചാമ്പ്യന്‍ ; പ്രസിഡന്റ്സ് ട്രോഫി നിരണം ചുണ്ടന്

Janayugom Webdesk
കൊല്ലം
January 10, 2026 10:39 pm

അഷ്ടമുടി കായലിന്റെ ഓളങ്ങളെയും ആയിരക്കണക്കിന് കാണികളെയും സാക്ഷിയാക്കി പ്രസിഡന്റ്സ് ട്രോഫി നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന്‍ സ്വന്തമാക്കി. സിബിഎൽ അഞ്ചാം സീസണിലെ ഓവറോള്‍ കിരീടം കരസ്ഥമാക്കി ചാമ്പ്യന്‍മാരായി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന്‍
11-ാമത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) അഞ്ചാം എഡിഷന്റെ ഫൈനലും കൊല്ലത്ത് അഷ്ടമുടിക്കായലിൽ അരങ്ങേറി. 11 മത്സരങ്ങളിൽ നിന്നായി 108 പോയിന്റുകൾ കരസ്ഥമാക്കിയാണ് വില്ലേജ് ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ വീയപുരം ചുണ്ടൻ സിബിഎൽ ചാമ്പ്യന്മാരായത്. 92 പോയിന്റുമായി പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ മേല്പാടം ചുണ്ടൻ സിബിഎൽ മത്സരങ്ങളിൽ രണ്ടാം സ്ഥാനവും 86 പോയിന്റുകളുമായി നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ മൂന്നാം സ്ഥാനത്തെത്തി.

ഫൈനൽ മത്സരത്തിൽ മൂന്ന് മിനിറ്റ് 36 സെക്കൻഡ് 548 മൈക്രോ സെക്കൻഡിൽ ലക്ഷ്യസ്ഥാനത്തെത്തി നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ പ്രസിഡന്റ്സ് ട്രോഫി ഉറപ്പിച്ചപ്പോൾ മൂന്ന് മിനിറ്റ് 37 സെക്കൻഡ് 826 മൈക്രോ സെക്കൻഡിൽ വില്ലേജ് ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ വീയപുരം ചുണ്ടനും മൂന്ന് മിനിറ്റ് 40 സെക്കൻഡ് 233 മൈക്രോ സെക്കൻഡിൽ പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ മേല്പാടം ചുണ്ടനും യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
മത്സരങ്ങളുടെ ഭാഗമായി വനിതകളുടെ രണ്ട് വള്ളങ്ങൾ അടക്കം ഏഴു ചെറുവള്ളങ്ങളുടെ മത്സരവും നടന്നു. അതിൽ ഇരുട്ടുകുത്തി ബി വിഭാഗത്തിൽ ചെന്നിത്തല ടൗൺ ബോട്ട് ക്ലബ്ബിന്റെ ജലറാണി ഇരുട്ടുകുത്തി എ വിഭാഗത്തിൽ ആലപ്പുഴ പള്ളിപ്പാട് ബോട്ട് ക്ലബ്ബിന്റെ പി ജി കർണൻ കരുത്ത് തെളിയിച്ചപ്പോൾ തെക്കനോടി വനിതകളുടെ മത്സരത്തിൽ ആലപ്പുഴ ജനത ബോട്ടു ക്ലബ്ബിന്റെ ചെല്ലിക്കാടനും ജേതാക്കളായി. സിബിഎൽ ജേതാക്കൾക്ക് 25 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് 15 ലക്ഷം, മൂന്നാം സ്ഥാനത്തിന് 10 ലക്ഷം, കൊല്ലം ജേതാക്കൾക്ക് അഞ്ച് ലക്ഷം, രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷം, മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം എന്നിങ്ങനെയാണ് സമ്മാനത്തുക.

മന്ത്രി ജെ ചിഞ്ചുറാണി ജലോത്സവം ഉദ്ഘാടനം ചെയ്തു. മറ്റ് ജില്ലകളിൽ ജലോത്സവം നടന്നുവരുന്ന പ്രദേശങ്ങളേക്കാൾ വിസ്തൃതിയുള്ളതും നേർരേഖയിൽ ട്രാക്ക് സ്ഥിതി ചെയ്യുന്നതും അഷ്ടമുടിക്കായലിനെ മത്സരം നടത്താൻ അനുയോജ്യമാക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. മേയർ എ കെ ഹഫീസ് പതാക ഉയർത്തി മത്സരങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. എം മുകേഷ് എംഎൽഎ അധ്യക്ഷനായി. എൻ കെ പ്രേമചന്ദ്രൻ എംപി മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്തു. ടൂറിസം അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീധന്യ സുരേഷ് ചാമ്പ്യൻസ് ബോട്ട് ലീഗ് റിപ്പോർട്ട് അവതരണം നടത്തി. എം നൗഷാദ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാദേവി, ജില്ലാ കളക്ടർ എൻ ദേവിദാസ്, ഡെപ്യൂട്ടി മേയർ കരുമാലിൽ ഡോ. ഉദയ സുകുമാരൻ, എഡിഎം ജി നിർമ്മൽകുമാർ, സി ബി എൽ ചീഫ് കോഓർഡിനേറ്റർ ആർ കെ കുറുപ്പ്, ഡിടിപിസി സെക്രട്ടറി ജ്യോതിഷ് കേശവൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.