
എസ്എന്‍ഡിപി യോഗത്തിന്റെ തേരാളിയും ആധുനിക നവോത്ഥാന നായകനുമായ വെള്ളാപ്പള്ളി നടേശന്‍ എന്തുപറഞ്ഞാലും അതുതമാശയായി കരുതുന്ന ഒരു ദുശീലമാണ് നമുക്കുള്ളത്. സംസ്ഥാന നവോത്ഥാന സമിതിയുടെ അധ്യക്ഷന്‍ കൂടിയാണ് അദ്ദേഹം. ശബരിമലയില്‍ സ്ത്രീപ്രവേശനത്തിലൂടെ നവോത്ഥാനം കൊണ്ടുവരുമെന്നു വാശിപിടിച്ചയാള്‍. അമ്പതു കോടി ചെലവഴിച്ച് ഈ ആവശ്യാര്‍ത്ഥം വനിതാ മതില്‍ പണിത് ഗിന്നസ് ബുക്കില്‍ കയറിപ്പറ്റിയ മഹാന്‍, വെള്ളാപ്പള്ളിയുടെ പണികള്‍ പലതും പാളിയെങ്കിലും ഇടയ്ക്കിടെ അദ്ദേഹം പറയുന്ന മഹത്തായ കാര്യങ്ങള്‍ക്കാകട്ടെ പ്രചാരം തെല്ലുകിട്ടുന്നുമില്ല. വെള്ളാപ്പള്ളിയുടെ ശീലങ്ങള്‍ നമ്മില്‍ വളര്‍ത്തിയ ദുശീലങ്ങളുടെ ദുരന്തം. എന്തായാലും ഈയിടെ ആലപ്പുഴ കല്ലിമേല്‍ ക്ഷേത്രസമര്‍പ്പണ ചടങ്ങില്‍ അദ്ദേഹം നടത്തിയ പ്രസംഗം മലയാളിമനസിനെ ഉണര്‍ത്തേണ്ടതുതന്നെയാണ്. ഭരണി മഹോത്സവം കൊണ്ട് പ്രസിദ്ധമായ ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ ഇപ്പോഴും അയിത്തം അടിമുടി വാഴുന്നുവെന്ന സത്യമാണ് അദ്ദേഹം പുറത്തുകൊണ്ടുവന്നത്. സ്വാതന്ത്ര്യലബ്ധിയുടെ മുക്കാല്‍ നൂറ്റാണ്ടുകഴിഞ്ഞിട്ടും ക്ഷേത്രഭരണ സമിതിയില്‍ സവര്‍ണരേ പാടുള്ളൂ. അവര്‍ണര്‍ക്ക് അവിടെ ആരാധനാ സ്വാതന്ത്ര്യമില്ല.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാകട്ടെ പാരമ്പര്യ വര്‍ത്തമാനം പറഞ്ഞ് സവര്‍ണ ഭരണത്തെയും അയിത്തത്തെയും ആചാരമായി തുല്യം ചാര്‍ത്തുന്നു. പറയുന്നത് നവോത്ഥാന സമിതിയുടെ അധ്യക്ഷന്‍ ചെട്ടിക്കുളങ്ങരയില്‍ ഒരു ക്ഷേത്ര പ്രവേശന വിളംബരം നടത്തി സവര്‍ണാധിപത്യത്തെ തച്ചുടയ്ക്കാനെന്തേ നവോത്ഥാന സമിതിക്കു കഴിയുന്നില്ല. പിന്നെയും നവോത്ഥാന സമിതിക്കു മുന്നില്‍ നിരവധി നീറുന്ന വിഷയങ്ങളില്ലേ. ക്ഷേത്രപ്രവേശനവും ക്ഷേത്ര ഭരണവും മാത്രമാകരുത് നവോത്ഥാന വിഷയങ്ങള്‍. മധു എന്ന ആദിവാസി യുവാവിനെ സവര്‍ണരായ ആള്‍ക്കൂട്ടം കെട്ടിയിട്ടു തല്ലിക്കൊന്നതിന്റെ കാരണമറിയുമോ. വിശന്നു തളര്‍ന്നപ്പോള്‍ ഒരു പിടി അരി മോഷ്ടിച്ച് ഉള്‍ക്കാട്ടില്‍ കൊണ്ടുപോയി പാകം ചെയ്തുകൊണ്ടിരുന്നപ്പോഴാണ് അതു കഴിക്കുന്നതിനു മുമ്പ് അട്ടപ്പാടി മധുവിനെ സവര്‍ണര്‍ തല്ലിക്കൊല്ലുന്നത്. മരണത്തിന് മുന്നില്‍ നിസഹായനായി നിന്ന മധുവിന്റെ മുഖം നമുക്ക് നിതാന്ത നൊമ്പരം. ഈ അരുംകൊലയ്ക്ക് അഞ്ച് വയസാകുന്നു. ഇന്നും നീതിദേവത കണ്ണും കെട്ടിനില്പാണ്. മരിച്ചവനെന്തു നീതി! വാളയാറിലെ രണ്ട് പിഞ്ചു ദളിത് സഹോദരിമാരെ ക്രൂരമായി വര്‍ഷങ്ങളോളം ബലാത്സംഗം ചെയ്ത ശേഷം കൊന്നു കെട്ടിത്തൂക്കിയ കേസിനും ആറു വര്‍ഷം പഴക്കം. ഏതാനും ദിവസം മുമ്പാണ് വയനാട്ടിലെ ആദിവാസിയായ വിശ്വനാഥനെ ഒരുകൂട്ടം സവര്‍ണര്‍ മോഷ്ടാവായി മുദ്രകുത്തി അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്തത്. അപമാനഭാരത്താല്‍ വിശ്വനാഥന്‍ തൂങ്ങി മരിച്ചു. ആ കേസും ആവിയായി.
ആത്മഹത്യ ചെയ്തതിന് വിശ്വനാഥന്റെ പേരില്‍ കേസും! തങ്ങളുടെ ഊരില്‍ വെള്ളം കിട്ടാത്തതിനാല്‍ കൊടുങ്കാട്ടിലെ നദിക്കരയില്‍ പാറക്കെട്ടില്‍ പ്രസവിച്ച സുജാത എന്ന ആദിവാസി യുവതിയുടെ കുഞ്ഞു മരിച്ചു. ഊരില്‍ വെള്ളമുണ്ടായിരുന്നുവെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നുവെന്ന് ഭര്‍ത്താവ് കണ്ണന്‍. ഈ സംഭവങ്ങളെല്ലാം നമ്മുടെ നവോത്ഥാന സമിതിയുടെ അരികുവല്‍ക്കരിക്കപ്പെട്ട വിഷയമാണോ. ക്ഷേത്ര ഭരണത്തിലെ അയിത്തം വലിയൊരു വിഷയം തന്നെയാണ്. അതിലുമപ്പുറം എത്രയോ പരിഗണനാര്‍ഹമായ വിഷയങ്ങളാണ് കാടിന്റെ മക്കളുടെ ഈ വ്യഥകള്‍. നായാടി മുതല്‍ നമ്പൂതിരിവരെയുള്ളവര്‍ ഒന്നാകണമെന്നാണല്ലോ വെള്ളാപ്പള്ളി പറയാറ്. എങ്കില്‍ ആദിമ ഗോത്രങ്ങള്‍ക്ക് ഈ നവോത്ഥാനത്തില്‍ അയിത്തമരുത്. നമ്മുടെ കായിക ഇതിഹാസങ്ങള്‍ക്ക് ഇരട്ട മുഖമുണ്ടോ? ഉവ്വെന്നാണ് കായികരംഗത്തെ അത്യുന്നതങ്ങളില്‍ നിന്ന് അടുത്തിടെ പുറത്തുവരുന്ന വാര്‍ത്തകള്‍. സച്ചിനുമൊത്ത് ബാറ്റിങ്ങില്‍ ലോക റെക്കോഡിട്ട പ്രതിഭയാണ് വിനോദ് കാംബ്ലി. കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍സിലെ കളിയോടെ ബാറ്റ് താഴെവച്ച കാംബ്ലിക്ക് ഇപ്പോള്‍ ബാറ്റ് ഭാര്യയെ തല്ലാനുള്ള ആയുധം. മദ്യപിച്ചു ലക്കുകെട്ട് മുംബൈ തെരുവുകളില്‍ അലയുന്ന കാംബ്ലി. ഈ ദുരവസ്ഥയറിഞ്ഞ് പണ്ടത്തെ കളിക്കൂട്ടുകാരന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇടപെട്ട് കാംബ്ലിക്ക് ഒരു ലക്ഷം രൂപ ശമ്പളമുള്ള ഒരു ജോലി വാങ്ങിക്കൊടുത്തു.
ജോലി ഉപേക്ഷിച്ച് പിന്നെയും കുടിയോടു കുടി. കഴിഞ്ഞ ദിവസം വീട്ടില്‍ ഭാര്യയെ മദ്യപിച്ചു വന്ന് തല്ലി ഇഞ്ചപ്പരുവമാക്കി. അടുക്കളയിലെ സാമഗ്രികളൊക്കെ തല്ലിത്തകര്‍ത്തു. പതിമൂന്നുകാരനായ മകനെയും തല്ലിച്ചതച്ച കാംബ്ലി എന്ന പണ്ടത്തെ ക്രിക്കറ്റ് ഇതിഹാസം ഇപ്പോള്‍ അകത്താണ്. പൃഥ്വിഷാ എന്ന ഓമനത്ത മുഖമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ നമുക്ക് മറക്കാനാവില്ല. ബാറ്റിനെക്കാള്‍ അല്പം കൂടി പൊക്കമുള്ള ഷാ പാകിസ്ഥാനുമായുള്ള ലാഹോറിലെ മത്സരത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്ന് മിന്നല്‍പിണറായി ഇന്ത്യയെ വിജയരഥമേറ്റി. ആ ഷാ കഴിഞ്ഞ ദിവസം മുംബൈയിലെ ഹോട്ടലില്‍ നിന്നും കുടിച്ചു കിന്റായി പുറത്തിറങ്ങി. പുറത്തു കാത്തുനിന്ന മോഡല്‍ പെണ്ണുമായി ഒരു സെല്‍ഫിയെടുക്കണം. ഇതേച്ചൊല്ലി മുട്ടന്‍ തര്‍ക്കമായി. സെല്‍ഫിയെടുക്കണമെങ്കില്‍ ഒരു കുപ്പി സ്കോച്ച് പ്രതിഫലം വേണം എന്ന ഷായുടെ ആവശ്യത്തെത്തുടര്‍ന്നായിരുന്നുവത്രേ തര്‍ക്കമെന്നും റിപ്പോര്‍ട്ടുണ്ട്. എന്തായാലും പെണ്ണ് ഷായുടെ കാറിന്റെ ചില്ല് തകര്‍ത്തു. രണ്ട് പേരും ഇപ്പോള്‍ ജയിലില്‍ സസുഖം വാഴുന്നു. ജീവിച്ചിരിക്കുന്ന ഫുട്ബോള്‍ ഇതിഹാസമായ നെയ്‌മര്‍ നേരത്തെ രണ്ട് ബലാത്സംഗ കേസുകളില്‍ കുടുങ്ങി ജാമ്യത്തിലിറങ്ങി രണ്ട് സഹോദരിമാരെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായി.
അദ്ദേഹത്തിന്റെ സഹതാരം അഷ്റഫ് ഹക്കിമും പീഡന കേസുകളില്‍ പ്രതിയായി ജാമ്യത്തില്‍. ലോക ഫുട്ബോളിലെ ആരാധനാപാത്രങ്ങള്‍ക്ക് ക്രിമിനല്‍ മുഖവും. വനിതാ ഗുസ്തിതാരങ്ങളെ മാനഭംഗം ചെയ്ത കേസില്‍ ബിജെപി എംപി പ്രതിസ്ഥാനത്ത്. കായികരംഗത്തിനും വേണ്ടേ ഒരു ആഗോള നവോത്ഥാനം. വിളിക്കാരത്തി ഇമ്പിച്ചാമിനബി (92) അന്തരിച്ചുവെന്ന ഒരു വാര്‍ത്ത കഴിഞ്ഞ ദിവസം കണ്ടു. ലോകം മാറുന്നതോടെ അന്യമാവുന്ന തൊഴിലുകളെക്കുറിച്ച് ഗൃഹാതുരത്വത്തോടെ ചിന്തിക്കാനിടയാക്കിയ വേര്‍പാട്. പണ്ട് ഇന്റര്‍നെറ്റും മൊബൈലുമൊന്നുമില്ലാത്ത കാലത്ത് കല്യാണ വീടുകളില്‍ നേരിട്ടു പോയി വിളിക്കുന്ന തൊഴിലായിരുന്നു ഇമ്പിച്ചാമി മുത്തശ്ശിക്ക്. അതുകൊണ്ട് പേര് വിളിക്കാരത്തിയെന്നായി. വിളിക്കാരന്മാരും പണ്ടുണ്ടായിരുന്നു. കുട്ടികളെപ്പോലും നേരിട്ടു ക്ഷണിക്കും. തെക്കന്‍ തിരുവിതാംകൂറിലും ഈ ഏര്‍പ്പാടുണ്ടായിരുന്നു. ചെക്കന്റെയോ പെണ്ണിന്റെയോ ബന്ധത്തിലെ ഒരാണും ഒരു പെണ്ണുമായിരുന്നു വിളിക്കാര്‍. വീട്ടില്‍ ആളില്ലെങ്കില്‍ മുറ്റത്ത് മണല്‍കൂട്ടിവച്ച് അതിലൊരു ചെമ്പരത്തി പൂവയ്ക്കും. കല്യാണക്കുറി മണ്ണില്‍ എഴുതി വയ്ക്കും. അതൊരു കാലം!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.