
രാജ്യത്തെ പ്രമുഖ പത്രങ്ങളുടെ പത്രാധിപരും പത്മഭൂഷൺ ജേതാവുമായ എച്ച് കെ ദുവ(88) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മൂന്നാഴ്ചയായി ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം മാർച്ച് അഞ്ചിന് ഉച്ചയ്ക്ക് 12 മണിക്ക് ലോധീ റോഡ് ശ്മശാനത്തിൽ നടക്കും. മാധ്യമരംഗത്ത് സമാനതകളില്ലാത്ത വ്യക്തിമുദ്ര പതിപ്പിച്ച ദുവ, ദ ട്രിബ്യൂൺ, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യൻ എക്സ്പ്രസ്, ഹിന്ദുസ്ഥാൻ ടൈംസ് എന്നീ പ്രമുഖ പത്രങ്ങളുടെ എഡിറ്റർ-ഇൻ‑ചീഫ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രിമാരായ എച്ച് ഡി ദേവഗൗഡ, അടൽ ബിഹാരി വാജ്പേയി എന്നിവരുടെ മാധ്യമ ഉപദേശകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
ഡെന്മാർക്കിലെ ഇന്ത്യൻ അംബാസഡറായും സേവനമനുഷ്ഠിച്ച അദ്ദേഹത്തെ 2008ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. 2009ൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട അദ്ദേഹം മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി ശക്തമായി വാദിച്ച വ്യക്തിയായിരുന്നു. എച്ച് കെ ദുവയുടെ നിര്യാണത്തിൽ കോൺഗ്രസ് എംപി മനീഷ് തിവാരി ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. മാധ്യമസ്വാതന്ത്ര്യത്തിനായി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ട, രാഷ്ട്രീയക്കാർക്കും ഉടമകൾക്കും മുന്നിൽ തലകുനിക്കാത്ത പത്രാധിപരായിരുന്നു അദ്ദേഹമെന്ന് മനീഷ് തിവാരി അനുസ്മരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.