
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ ഭരണകക്ഷിയായ ബിജെപി ആശങ്കയില്‍. ബിജെഡി, ബിആര്‍എസ് എന്നീ കക്ഷികളില്‍ നിന്നടക്കമുള്ള 18 എംപിമാര്‍ നിലപാട് വ്യക്തമാക്കാത്തതിനാല്‍ ക്രോസ് വോട്ടിങ്ങ് നടക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ സഖ്യം.
പാര്‍ട്ടി നിലപാടുകളില്‍ എംപിമാര്‍ വോട്ട് ചെയ്താല്‍ ആകെയുള്ള 781 വോട്ടുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സിപി രാധാകൃഷ്ണന് 439 വോട്ടും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ബി സുദര്‍ശന്‍ റെഡ്ഡിക്ക് 324 വോട്ടും കിട്ടും. ബിജെഡിയിലെ ഏഴും ബിആര്‍എസിലെ നാലും അകാലിദള്‍, ഇസഡ്പിഎം, വിഒടിടിപി എന്നിവയിലെ ഓരോ എംപിമാരും മൂന്ന് സ്വതന്ത്രരും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഏഴ് എംപിമാരുടെ ഒഴിവുകളുണ്ട്.
കൃത്യസമയത്ത് പാര്‍ട്ടി തീരുമാനം എടുക്കുമെന്ന് ബിജെഡിയുടെ സസ്മിത് പത്രയും ബിആര്‍എസിന്റെ കെ സുരേഷ് റെഡ്ഡിയും പറഞ്ഞു. ഇന്ത്യ സഖ്യം വിട്ട ആം ആദ്മി പാര്‍ട്ടി പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസും പിന്തുണ വാഗ്ദാനം നല്‍കി. സുദർശൻ റെഡ്ഡിയെ പിന്തുണയ്ക്കുമെന്ന് ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീൻ ഒവൈസിയും അറിയിച്ചു. രഹസ്യവോട്ടെടുപ്പായതിനാല്‍ ക്രോസ് വോട്ടിങ്ങ് ഉണ്ടാകുമെന്ന് ഇരുപക്ഷവും കരുതുന്നു.
പ്രതിപക്ഷം പരാജയപ്പെട്ടാലും തോല്‍ക്കുന്ന സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വോട്ടായിരിക്കും. 2002ല്‍ ഭൈറോണ്‍ സിങ് ഷെഖാവത്തിനെതിരെ സുശീല്‍ കുമാര്‍ ഷിന്‍ഡെ 305 വോട്ട് നേടിയതാണ് ഇതുവരെയുള്ള റെക്കോഡ്. ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥി 500 വോട്ട് മറികടക്കാന്‍ സാധ്യതയില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
2022ലെ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനിന്നപ്പോള്‍ ജഗ്‌ദീപ് ധന്‍ഖറിന് 528 വോട്ടും അദ്ദേഹത്തിന്റെ മുന്‍ഗാമി വെങ്കയ്യ നായിഡുവിന് 516 വോട്ടുകളും ലഭിച്ചിരുന്നു. എങ്ങനെ വോട്ട് ചെയ്യണമെന്ന് ബിജെപി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. പാര്‍ലമെന്റ് അനക്സില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ അത്താഴവിരുന്നിനിടെ മോക്ക് പോള്‍ ആസൂത്രണം ചെയ്തെങ്കിലും പിന്നീട് റദ്ദാക്കി. 2022ൽ 15ഉം 2017ൽ 11ഉം വോട്ടുകൾ അസാധുവായിരുന്നു. 1997ലെ 46 ആണ് അസാധുവിന്റെ പേരിലുള്ള റെക്കോഡ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.