ഗവ. വിക്ടോറിയ കോളജില്‍ പ്രീഡിഗ്രിക്ക് ചേരാന്‍ കഴിയാതിരുന്ന സങ്കടം ഡോ. പി സരിന്‍ ഇന്നലെ തീര്‍ത്തു. അത്രയേറെ ഊഷ്മളമായ സ്വീകരണമാണ് സരിന്‍ബ്രോയ്ക്ക് വിക്ടോറിയയുടെ ചുണക്കുട്ടികള്‍ നല്‍കിയത്. സ്ഥാനാര്‍ത്ഥി പര്യടനത്തിനിടെ കോളജില്‍ എത്തിയ സരിന് കവാടത്തില്‍ വച്ചുതന്നെ കുട്ടികള്‍ ആര്‍പ്പുവിളികളോടെയുള്ള വരവേല്പ് നല്‍കി.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി സൂര്യ, ഉച്ചത്തില്‍ വിളിച്ച അഭിവാദ്യങ്ങള്‍ കാമ്പസിലാകെ അലയടിച്ചു. അലങ്കാരത്തിനായി നിറയെ ബലൂണുകളും പ്ലക്കാര്‍ഡുകളും. നടുമുറ്റത്തോടു ചേര്‍ന്നുള്ള മലയാളം ബിഎ ക്ലാസില്‍ ചെന്ന സരിന്‍ കുട്ടികള്‍ക്കൊപ്പം തന്റെ വിദ്യാഭ്യാസ കാലവും സിവില്‍ സര്‍വീസിന് മലയാള സാഹിത്യം ഐച്ഛികമായെടുത്ത കാര്യവും പങ്കുവച്ചു. ആസ്വദിച്ച് പഠിക്കുന്നപോലെ ആസ്വദിച്ച് വോട്ടുചെയ്യണമെന്നു കൂടി പറഞ്ഞാണ് സരിന്‍ ക്ലാസ്‌മുറിവിട്ടത്. ഒന്നാം നിലയിലെ രണ്ടാം വര്‍ഷ എംഎ ക്ലാസില്‍ ചെന്നപ്പോള്‍ അധ്യാപിക കെ എസ് സുഷമകുമാരി ക്ലാസെടുക്കുകയായിരുന്നു. ശ്രീജ കെ വിയുടെ ലേബര്‍ റൂം എന്ന നാടകത്തിന്റെ ക്ലാസിന് ഇടയ്ക്കുവച്ച് കര്‍ട്ടനിട്ട് ടീച്ചര്‍ തെല്ലുനേരം മാറിനിന്നു. ടീച്ചര്‍ നിര്‍ത്തിവച്ച ക്ലാസ് തുടരുന്നതുപോലെയാണ് ഡോ. സരിന്‍ മലയാള സാഹിത്യത്തെക്കുറിച്ച് ഏതാനും വാചകങ്ങള്‍ പറഞ്ഞത്.
തൊട്ടപ്പുറത്തെ എംഎ ഒന്നാം വര്‍ഷ ക്ലാസ് മുറിയിലെത്തിയപ്പോള്‍ ‘ഡോക്ടര്‍’ ഭിഷഗ്വരനാണോ പിഎച്ച്‌ഡിയാണോ എന്നൊരു കുട്ടിക്ക് സംശയം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുള്ള എംബിബിഎസുകാരനാണെന്നും പിന്നീടാണ് സിവില്‍ സര്‍വീസില്‍ കയറിയതെന്നും സരിന്‍ വിശദീകരിച്ചു. വിക്ടോറിയയില്‍ പഠിക്കാന്‍ കഴിയാതെ പോയ സങ്കടം തീര്‍ന്നത് ഇപ്പോഴാണെന്ന് പറഞ്ഞ സരിന്‍ കാല്‍നൂറ്റാണ്ട് മുമ്പത്തെ ഓര്‍മ്മകള്‍ പങ്കിട്ടു.
പ്രീഡിഗ്രിയുടെ അവസാന ബാച്ചായിരുന്നു അത്. വിക്ടോറിയ ഉള്‍പ്പെടെ നാല് കോളജുകളില്‍ അപേക്ഷിച്ചു. തൃശൂര്‍ സെന്റ് തോമസില്‍ ആദ്യം പ്രവേശനം ലഭിച്ചപ്പോള്‍ അവിടെ ചേര്‍ന്നു. വിക്ടോറിയയിലും പ്രവേശനം ലഭിച്ചെങ്കിലും പല കാരണങ്ങളാല്‍ തൃശൂര്‍ ഉറപ്പിച്ചു. താന്‍ പഠിച്ചിട്ടില്ലെങ്കിലും വിക്ടോറിയ തന്റെ മനസിലുള്ള കോളജാണെന്ന് പറഞ്ഞാണ് മറ്റ് ക്ലാസുകളിലും സ്റ്റാഫ് റൂമിലേക്കുമൊക്കെ നീങ്ങിയത്. കോളജ് യൂണിയന്‍ ചെയര്‍മാന്‍ അഗ്നി ആഷിക്, ജനറല്‍ സെക്രട്ടറി രഞ്ജന എന്നിവരുടെ നേതൃത്വത്തിലായിരുന്നു കോളജിലെ വരവേല്പ്.
പുലര്‍ച്ചെ മേലാമുറി, പട്ടിക്കര മീന്‍ മാര്‍ക്കറ്റുകളില്‍ വ്യാപാരികളെ സന്ദര്‍ശിച്ചുകൊണ്ടായിരുന്നു പര്യടനത്തിന് തുടക്കം. മാനത്ത് വെള്ളകീറി തുടങ്ങിയതേയുള്ളുവെങ്കിലും സരിന്‍ എത്തിയെന്നറിഞ്ഞപ്പോള്‍ ആളുകള്‍ ഇരച്ചെത്തി. തുടര്‍ന്ന് കല്പാത്തി അഗ്രഹാരത്തിലെത്തിയ സ്ഥാനാര്‍ത്ഥി സാധ്യമായിടത്തോളം വീടുകളിലെത്തി വോട്ടര്‍മാരെ കണ്ടു. രണ്ട് ബൂത്തുകളിലായി രണ്ടായിരത്തിലേറെ വോട്ടര്‍മാരുള്ള പുതിയ കല്പാത്തി, പഴയ കല്പാത്തി, ചാത്തപുരം, കല്‍ച്ചെട്ടിത്തെരുവ്, ഗോവിന്ദരാജപുരം, വൈദ്യനാഥപുരം എന്നീ അഗ്രഹാരങ്ങളിലൂടെയായിരുന്നു ഓട്ടപ്രദക്ഷിണം.
സിവില്‍ സ്റ്റേഷനില്‍ ജീവനക്കാരും കോടതിയില്‍ അഭിഭാഷകരും സരിന് ഹൃദ്യമായ വരവേല്പ് നല്‍കി. പിന്നീടായിരുന്നു വിക്ടോറിയ കോളജ് സന്ദര്‍ശനം. തുടര്‍ന്ന് പിഎംജി, മോയന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ചെമ്പൈ സംഗീത കോളജില്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും കണ്ട് അരമണിക്കൂറോളം ചെലവഴിച്ചു. വിദ്യാര്‍ത്ഥികള്‍ പ്രാക്ടീസ് ചെയ്യുന്നിടത്തു ചെന്ന് അല്പനേരത്തെ സംഗീതാസ്വാദനവും കഴിഞ്ഞാണ് സരിന്‍ മടങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.