
ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ആദ്യ ഏകദിനത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലാന്‍ഡിനെ മുട്ടുകുത്തിച്ചത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം ആറ് പന്തുകള്‍ ബാക്കിനില്‍ക്കെ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഇന്ത്യക്ക് വേണ്ടി വിരാട് കോലി(93)യും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും(56) അര്‍ധസെഞ്ചുറി നേടി. 49 റണ്‍സെടുത്ത ശ്രേയസ് അയ്യരും മികച്ച പിന്തുണ നല്‍കി. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1–0ത്തിന് ഇന്ത്യ മുന്നിലെത്തി.
മികച്ച തുടക്കത്തിന് ശേഷം മധ്യനിരയിൽ ഡാരിൽ മിച്ചൽ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് കിവീസിനെ മികച്ച സ്കോറിലെത്തിച്ചത്. ഡെവോൺ കോൺവെയും ഹെന്റി നിക്കോൾസും ചേർന്ന് ഒന്നാം വിക്കറ്റിൽ 117 റൺസ് കൂട്ടിച്ചേർത്തു. 69 പന്തിൽ 62 റൺസെടുത്ത നിക്കോൾസിനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടുപിന്നാലെ 56 റൺസെടുത്ത കോൺവെയെ മുഹമ്മദ് സിറാജ് മടക്കി.
ഓപ്പണർമാർ പുറത്തായ ശേഷം ക്രീസിലെത്തിയ ഡാരിൽ മിച്ചൽ ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ചു. വെറും 71 പന്തിൽ നിന്ന് 84 റൺസെടുത്ത മിച്ചലാണ് കിവീസിന്റെ ടോപ് സ്കോറർ. ഇന്നിങ്സിന്റെ അവസാന ഓവറുകളിൽ റൺറേറ്റ് ഉയർത്തുന്നതിൽ മിച്ചലിന്റെ പ്രകടനം നിർണായകമായി.
ഇന്ത്യൻ നിരയിൽ പേസർമാർ മികച്ചു നിന്നെങ്കിലും റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാട്ടിയില്ല. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡ് വിരാട് കോലിക്ക് സ്വന്തമായി. ലങ്കന്‍ ഇതിഹാസതാരം കുമാര്‍ സംഗക്കാരയെ മറികടന്നാണ് ഇന്ത്യയുടെ റൺമെഷീൻ രണ്ടാമനായത്. 34,357 റൺസ് നേടിയ സച്ചിനാണ് ഈ റെക്കോഡിൽ ഒന്നാം സ്ഥാനത്തുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 28,000 റൺസെന്ന നാഴികക്കല്ലും ഇന്നലെ കോലി പിന്നിട്ടു. ഈ നേട്ടത്തിലെത്തുന്ന ലോകത്തിലെ മൂന്നാമത്തെ ബാറ്ററാണ് കോലി. ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങളില്‍ കളിക്കുന്ന അഞ്ചാമത്തെ താരമെന്ന നേട്ടവും കോലി സ്വന്തം പേരിലാക്കിയിരുന്നു. തന്റെ കരിയറിലെ 309-ാം ഏകദിന മത്സരത്തിലാണ് കോലി വഡോദരയില്‍ കളത്തിലിറങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.