എഡിജിപി എം ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചെന്ന് പ്രത്യേക വിജിലൻസ് സംഘം കോടതിയെ അറിയിച്ചു.
അജിത് കുമാറിനും പി ശശിക്കുമെതിരായ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ സ്വകാര്യ ഹർജി പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം വി രാജകുമാര പരിഗണിക്കവേയാണ് വിജിലൻസ് നിലപാട് വ്യക്തമാക്കിയത്. അജിത് കുമാറിനെതിരെ ഹര്‍ജിക്കാരൻ ഉന്നയിച്ചതടക്കമുളള വിവിധ ആരോപണങ്ങൾ സർക്കാർ നിർദേശത്തെ തുടർന്ന് അന്വേഷിക്കുകയാണെന്ന് വിജിലൻസ് കോടതിയെ ധരിപ്പിച്ചു. അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന ഇടക്കാല റിപ്പോർട്ട് ഡിസംബർ10 ന് നൽകാൻ കോടതി വിജിലൻസിന് നിർദേശം നൽകി. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമാകും സ്വകാര്യ ഹർജിയിൽ കോടതി തീരുമാനം എടുക്കുക.
നിലവിൽ പി ശശിക്കെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നില്ല. ഹർജിക്കാരന് നേരിട്ട് അറിവുള്ള കാര്യങ്ങളാണോ ഹർജിയിൽ ഉന്നയിച്ചിട്ടുളളതെന്നും കോടതി ചോദിച്ചു. പി വി അൻവറിന്റെ പ്രസംഗത്തിന്റെ ശബ്ദരേഖ ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കിയിരുന്നത് പരിശോധിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം. ആരോപണങ്ങളെ കുറിച്ച് കേട്ടറിവേ ഉള്ളൂ എന്ന ഹർജിക്കാരന്റെ മറുപടി കോടതിക്ക് തൃപ്തികരമായില്ല. എം ആർ അജിത് കുമാർ ഭാര്യാ സഹോദരനുമായി ചേർന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുളള ഭൂമി തിരുവനന്തപുരം കവടിയാറിൽ വാങ്ങി ആഡംബര കെട്ടിടം നിർമ്മിക്കുന്നതിൽ അഴിമതിപ്പണം ഉണ്ടെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എഡിജിപിയെ വഴിവിട്ട് സഹായിക്കുന്നതായും ഹർജിക്കാരൻ ആരോപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.