4 January 2025, Saturday
KSFE Galaxy Chits Banner 2

വിഹ്വലതയുടെ ഊട്ടുപുരകൾ

ദത്താത്രേയ ദത്തു
December 25, 2022 9:11 am

ഒരുവൻ കടന്നുവന്ന കാലത്തിന്റെയും നടന്നു നീങ്ങിയ ജീവിതത്തിന്റെയും അകം വാതിലുകൾ പൊളിച്ച് പുറത്തേക്കിറങ്ങുമ്പോൾ അവനെ വായിക്കുന്നവർക്ക് മനസ്സു ഞെരുക്കത്തിന്റെ വിഹ്വലതകൾ ഉണ്ടാകാതിരിക്കുന്നതെങ്ങനെ? പാരമ്പര്യത്തെ നിരാകരിക്കാതെ ആധുനികതയിലൂടെ കഥ പറയുകയാണ് ആദർശ് വിപിൻ തന്റെ ആദ്യ കഥാസമാഹാരമായ ‘താമരക്കാലനി‘ലൂടെ. നിരാശയുടെയോ നിവർത്തികേടുകളുടെയോ സംഗീതമല്ല ശിഥിലമാകാത്ത ചിന്തകളുടെ അനുസ്യൂത പ്രവാഹമാണ് ഇതിലെ 16 കഥകളും. ഓരോ കഥയും വായിച്ച് അവസാനമെത്തുമ്പോൾ കഥാപാത്രത്തിന്റെ ഒറ്റപ്പെടലിന്റെയും ദുരവസ്ഥയുടെയും നഷ്ടങ്ങളുടെയും ഒക്കെ നടുവിൽ വായനക്കാർക്കും ഒരു മനസു ഞെരുക്കം ഉണ്ടാകും. യാഥാർത്ഥ്യത്തിന്റെ അകാല്പനിക ഭാവങ്ങളെ ഓരോ കഥാമുത്തുകളായി കോർത്ത് കോർത്തൊടുവിൽ ചാരുതയോടെ ഒരു മാല കൊരുത്തിരിക്കുകയാണ് കഥാകാരൻ.

ചന്ദനം ചാലിച്ച്, തുളസി കതിർ ചൂടി, വിമ്മിട്ടപ്പെട്ട്, കണ്ണീരിന്റെ ചവർപ്പ് കുടിച്ച്, സഹനത്തിന്റെയും സഹാനുഭൂതിയുടെയും പര്യായമാക്കി മുൻകാലകഥകൾ കൊന്നു തീർത്ത സ്ത്രീകൾക്ക് പുതുമയുടെ കമ്മീസ് ചുറ്റിച്ച്, ആഗ്രഹങ്ങളുടെ ആകാശം തുറന്നു വിട്ട്, രതിയുടെ കാണാപ്പാഠങ്ങൾ ഉപേക്ഷിച്ച്, ആധുനീകരിക്കാൻ ഇവിടെ ആദർശ് ശ്രമിച്ചു വിജയിച്ചു എന്നതിന് മകുടോദാഹരണമാണ് താമരക്കാലനിലെ പതിനാറു സ്ത്രീകളും.
തീവ്രവാദികളുടെ തോക്കിനിരയാകുന്ന മനുഷ്യസ്നേഹികളുടെ കഥയാണ് ‘വെറുക്കപ്പെട്ട ഹീറോ’. ഡാനിഷ് സിദ്ധിഖി എന്ന ഫോട്ടോഗ്രാഫറുടെ ദാരുണാന്ത്യത്തിന്റെ ചിത്രം പങ്കുവെക്കുന്ന ഈ കഥ ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ എന്നും നടക്കുന്ന കയ്യേറ്റങ്ങളുടെ ചിത്രീകരണമാണ്. എല്ലായിടത്തും സ്വയം ഒറ്റപ്പെടുന്ന വ്യക്തിത്വങ്ങൾ അത് പരിഹരിക്കാനൊരു ശ്രമവും നടത്തുന്നില്ലയെന്ന് ഓർമ്മിപ്പിക്കുന്ന കഥയാണ് ‘ഹൃദയ ബിംബങ്ങൾ’ ഏകാന്തതയോളം തീവ്രമായ മറ്റൊന്നുമില്ലെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഒളിക്കുകയാണ് ഇതിലെ സ്ത്രീ.

ഇരയ്ക്ക് ഇരയാവുന്ന താമരക്കാലൻ എന്ന ഒരിനം കൊഞ്ചിന്റെ കഥ പറയുകയാണ് ‘താമരക്കാലൻ’ എന്ന ചെറുകഥയിലൂടെ. പിതാവ് മരിച്ചു പോയ ഒരു പെൺകുട്ടിയുടെ ഉടൽ മുഴുപ്പിനെ പുതുപ്പണക്കാരൻ തന്റെ കാമവെറി തീർക്കാൻ ഒരു സായാഹ്നത്തിൽ തീരുമാനിച്ചത് കൊഞ്ച് പീലിംഗ് ശാലയുടെ ഉൾവശത്തു വച്ചാണ്. കൊഞ്ചിന്റെ മാംസം പ്രതീക്ഷിച്ചിരുന്ന തീറ്റക്കാരനെ പോലെ തന്റെ മാംസം രുചിക്കാൻ കാത്തിരിക്കുന്ന ഒരുവന്റെ കരങ്ങളിൽ പെട്ട് ഞെരിയുന്ന പെണ്ണിന്റെ പിടച്ചിലാണീ കഥ. അല്പസമയം മാറ്റിവെച്ചിരുന്നുവെങ്കിൽ എന്നന്നേക്കുമായി ഒഴിവാക്കാമായിരുന്ന വേദനകൾ നമുക്ക് ചുറ്റിലുമുണ്ടെന്ന തീവ്രമായ ഒരു സന്ദേശം നൽകിപ്പോരുന്ന കഥയാണ് ‘കൈതട്ടി വീണ ജലച്ചായങ്ങൾ.’ വ്യക്തിഗത നേട്ടങ്ങൾക്കു വേണ്ടി ശ്രമിച്ചു ചെറുതായി പോകുന്ന ഒരു ഡോക്ടറുടെ കൃത്യവിലോപത്തിന്റെ രക്തസാക്ഷിയായി അഴുകിപോയൊരു കുഞ്ഞിനെ ഈ കഥയിൽ ദർശിക്കാം.

പുരുഷത്വമെന്നത് ആണിന്റെയൊരു ആത്മവിശ്വാസമാണെന്നും വേശ്യാലയത്തിൽ ചെന്ന് ചെയ്യാകൂലി നൽകി ചെറുവർത്തമാനങ്ങൾ പറഞ്ഞ് അരക്കഴഞ്ചാത്മവിശ്വാസവുമായി മടങ്ങുന്ന ഒരു റിച്ചയേര്‍ഡ് തഹസിൽദാറിന്റെ കഥയാണ് ‘നിശാ പുഷ്പങ്ങൾ.’ മയക്കുമരുന്നിന്റെ കുരുക്കിൽപ്പെട്ട് ഇരുമ്പഴിയിലും തൂക്കുകയറിലും ഒടുങ്ങുന്ന നിരപരാധികളുടെ വേവിന്റെയും നിസ്സഹായതയുടെയും നേർക്കാഴ്ചയാണ് ‘മണിമേഖലയുടെ മന്ത്രകോടി’. പല പല സൂചനകളിലൂടെ ഒടുവിൽ ഒരു മരണം ബാക്കിയാകുന്നു എന്ന് കഥയുടെ മേമ്പൊടികളിലൂടെ ഒരു അവ്യക്തചിത്രം തുടക്കം മുതലേ കഥാകൃത്ത് വരച്ചിടുന്നു. മരണത്തെ പോലും വെല്ലുവിളിക്കാൻ കഴിയുന്ന ഒരു ആത്മവിശുദ്ധി എക്കാലവും പ്രണയത്തിനുണ്ടെന്ന് കഥാകാരൻ ‘പ്രണയത്തിനും മരണത്തിനും ഇടയിൽ’ എന്ന കഥയിലൂടെ പറയാതെ പറയുന്നു. ലൈംഗികതയുടെയും സ്വവർഗരതിയുടെയും നേർക്കാഴ്ചകൾ കൂടി ഇതിലെ കഥകൾ പറഞ്ഞു തരുന്നുണ്ട്.

അപകടകരമായ വാക്ക് പ്രയോഗങ്ങളിലൂടെ ഒരാഖ്യാനസുഖം നൽകുന്നതിനോടൊപ്പം കഥാപാത്രത്തോട് തോന്നുന്ന തികഞ്ഞ അറപ്പിനെ ഇടംവലം നോക്കാതെ എഴുതി നിറയ്ക്കുന്നുണ്ട് ‘ചൂണ്ട’ എന്ന കഥയിലൂടെ. നാട്ടുവഴക്കമുള്ള ഭാഷയാലും ഏതുറുമ്പിനും ഭാരപ്പെടാതെ ഗ്രഹിക്കാവുന്ന ശുദ്ധ വിനിമയത്തിന്റെ ഭംഗിയാലും അത്യാകർഷണത്വമുള്ള നിരീക്ഷണ പാടവത്തിന്റെ പട്ടുചേലയാലും മെനഞ്ഞെടുത്ത താമരക്കാലൻ ഭാവി ചെറുകഥാ ലോകത്തിന് ഒരു മുതൽക്കൂട്ടാകുമെന്നും ഒരുവന്റെ രോദനത്തിന്റെ, വിഹ്വലതകളുടെ, ആത്മ രതിയുടെ ഈ പിടപ്പിനെ ഹൃദയത്തിലേറ്റി കാലങ്ങളോളം വിനിമയം ചെയ്യപ്പെടുമെന്നും സാക്ഷ്യപ്പെടുത്തുന്നു. നിരാശയുടെയോ നിവർത്തികേടുകളുടെയോ സംഗീതമല്ല ശിഥിലമാകാത്ത ചിന്തകളുടെ അനുസ്യൂത പ്രവാഹമാണ് ഇതിലെ 16 കഥകളും. അകാല്പനിക ഭാവങ്ങളെ ഓരോ കഥാമുത്തുകളായി കോർത്ത് കോർത്തൊടുവിൽ ചാരുതയോടെ ഒരു മാല കൊരുത്തിരിക്കുകയാണ് കഥാകാരൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.