
ടിവികെ അധ്യക്ഷൻ വിജയ് കരൂരിൽ എത്താത്തതിൽ പ്രതിഷേധിച്ച് 20 ലക്ഷം രൂപ തിരിച്ചുനൽകി വീട്ടമ്മ. ദുരന്തത്തിൽ മരിച്ച രമേശിന്‍റെ ഭാര്യ സാംഗവി ആണ് ടിവികെയുടെ ബാങ്ക് അക്കൌണ്ടിലേക്ക് പണം തിരിച്ചയച്ചത്. മഹാബലിപുരത്തെ കൂടിക്കാഴ്ചയ്ക്ക് തന്നെ വിളിച്ചില്ലെന്നും സാംഗവി പറഞ്ഞു. സാംഗവിയുടെ ഭർതൃസഹോദരി ഭൂപതിയും ബന്ധുക്കളും ചെന്നൈയിൽ എത്തിയിരുന്നു.
വിജയ്ക്കെതിരെ തിരുച്ചിറപ്പള്ളിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മരിച്ച ടിവികെ പ്രവർത്തകരുടെ കുടുംബത്തെ അവഗണിച്ചെന്നാണ് പരാതി. കഴിഞ്ഞ വർഷത്തെ വിക്രവാണ്ടി സമ്മേളനത്തിനിടെ മരിച്ച ശ്രീനിവാസൻ, കല എന്നിവരുടെ ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്. ഒരു സമുദായ സംഘടനയുടെ പേരിലാണ് പോസ്റ്റർ വന്നത്. 15 വർഷം വിജയ്ക്കായി പ്രവർത്തിച്ച ഇരുവരെയും മറന്നു. രണ്ട് പേരുടെയും കുടുംബം അനാഥമായെന്നും പോസ്റ്ററിൽ പറയുന്നു.
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട് വിജയ് മാപ്പ് ചോദിച്ചു. തന്‍റെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് മാപ്പ് ചോദിച്ചത്. വിജയ് കാലിൽ തൊട്ട് മാപ്പ് ചോദിച്ചതായി മരിച്ചവരുടെ ബന്ധുക്കളായ സ്ത്രീകൾ പറഞ്ഞു. കരൂരിൽ സംഭവിച്ചത് എന്തെന്ന് മനസിലായിട്ടില്ലെന്നും വിജയ് കൂടിക്കാഴ്ചയിൽ പറഞ്ഞു. കരൂരിലെ വീട്ടിലേക്ക് എത്താത്തതിലും ക്ഷമ ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.