13 February 2026, Friday

വികസന മുന്നേറ്റ ജാഥകള്‍ ഇന്ന് പര്യടനം പുനരാരംഭിക്കും

Janayugom Webdesk
തിരുവനന്തപുരം/മലപ്പുറം/കൊച്ചി
February 13, 2026 8:54 am

എൽഡിഎഫ് വികസന മുന്നേറ്റ ജാഥകള്‍ ഇന്ന് പുനരാരംഭിക്കും. ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജാഥയുടെ പര്യടനം ഇന്നലെ ഒഴിവാക്കിയിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ക്യാപ്റ്റനായ എൽഡിഎഫ് തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയുടെ പര്യടനം ഇന്ന് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് ആരംഭിക്കും. വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലെ സ്വീകരണത്തിന് ശേഷം അരുവിക്കര മണ്ഡലത്തിലാണ് ഇന്നത്തെ സമാപനം. നാളെ കാട്ടാക്കട, പാറശാല, നെയ്യാറ്റിന്‍കര, കോവളം മണ്ഡലങ്ങളിലാണ് ജാഥാ പര്യടനം. ഞായറാഴ്ച പുത്തരിക്കണ്ടം മൈതാനിയിലാണ് തെക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയുടെ സമാപനം. 

സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖലാ ജനകീയ വികസന മുന്നേറ്റ ജാഥ ഇന്ന് തിരൂരങ്ങാടി മണ്ഡലത്തിൽ നിന്നും പുനരാരംഭിക്കും. ഇന്ന് രാവിലെ പത്ത് മണിക്ക് എടരിക്കോട്, മൂന്ന് മണിക്ക് താനൂര്‍, നാല് മണിക്ക് തിരൂർ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം അഞ്ച് മണിക്ക് പൊന്നാനി കുണ്ടുകടവ് ജങ്ഷനില്‍ സമാപിക്കും. നാളെ രാവിലെ പത്ത് മണിക്ക് തവനൂർ മണ്ഡലത്തിലെ എടപ്പാളിലാണ് ജില്ലയിലെ അവസാന സ്വീകരണം. 

കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന എൽഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥ ഇന്ന് അങ്കമാലിയിൽ നിന്നും പര്യടനം ആരംഭിക്കും. രാവിലെ 10ന് അങ്കമാലി സിഎസ്എ ഓഡിറ്റോറിയത്തിന് സമീപം സജ്ജമാക്കുന്ന വേദിയിലാണ് ആദ്യ സ്വീകരണം. മൂന്നിന് ആലുവ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം ആലുവ മണ്ഡലത്തിലെയും നാലിന് പറവൂരിൽ പഴയ മുനിസിപ്പൽ പാർക്ക് ജങ്ഷനിൽ പറവൂർ മണ്ഡലത്തിലെയും അഞ്ചിന് ചെറായി ഗൗരീശ്വര ക്ഷേത്ര മൈതാനിയിൽ വൈപ്പിൻ മണ്ഡലത്തിലെയും സ്വീകരണത്തോടെ ഇന്നത്തെ പര്യടനം സമാപിക്കും. 

നാളെ രാവിലെ 10ന് തോപ്പുംപടി ഇഎസ്എ ജങ്ഷനിൽ കൊച്ചി മണ്ഡലത്തിൽ ആദ്യ സ്വീകരണം. മൂന്നിന് കുണ്ടന്നൂർ ജങ്ഷനിൽ തൃപ്പൂണിത്തുറ മണ്ഡലത്തിലെയും നാലിന് കളമശേരി പത്തടിപ്പാലത്ത് കളമശേരി മണ്ഡലത്തിലെയും സ്വീകരണം. അഞ്ചിന് കലൂർ സ്റ്റേഡിയത്തിൽ എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളുടെ സ്വീകരണത്തോടെ ജാഥ സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.