13 January 2026, Tuesday

പരീക്ഷാക്കാലത്ത് കേന്ദ്രത്തിന്റെ നിർദേശം; സിബിഎസ്ഇ വിദ്യാലയങ്ങളിൽ ‘വികസിത് ഭാരത് പരിപാടികള്‍

Janayugom Webdesk
ന്യൂഡൽഹി
January 13, 2026 9:54 pm

സിബിഎസ്ഇ വിദ്യാലയങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ‘വികസിത് ഭാരത്’ പദ്ധതിയോടനുബന്ധിച്ച് പ്രത്യേക പരിപാടികളും ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിയെക്കുറിച്ചുള്ള ക്വിസ് മത്സരങ്ങളും നടത്താൻ നിർദേശം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരീക്ഷാ സമ്മർദ്ദ ലഘൂകരണ പരിപാടിയായ ‘പരീക്ഷാ പേ ചർച്ച’യ്ക്ക് മുന്നോടിയായാണ് ഈ നീക്കം. എന്നാൽ വാർഷിക‑ബോർഡ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് മേൽ ഇത്തരം അധിക പ്രവർത്തനങ്ങൾ അടിച്ചേല്പിക്കുന്നത് പഠനത്തെ ബാധിക്കുമെന്ന് അക്കാദമിക് സമൂഹം ചൂണ്ടിക്കാട്ടുന്നു.

ഈ മാസം 12 മുതൽ 23 വരെ രാജ്യത്തുടനീളമുള്ള 31,000 സിബിഎസ്ഇ വിദ്യാലയങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് ‘സ്വദേശി സങ്കല്പ്‘എന്ന പേരിൽ കൂട്ടയോട്ടം നടത്തിയാണ് പരിപാടികൾക്ക് തുടക്കമിട്ടത്. 2047-ഓടെ ഭാരതത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള പ്രതിജ്ഞയെടുക്കാനും വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.

2025 മേയിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയെ ആസ്പദമാക്കി 23‑ന് (പരാക്രമ ദിവസ്) തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രീയ വിദ്യാലയങ്ങളിൽ വെച്ച് പ്രത്യേക ക്വിസ് മത്സരം നടത്താൻ നിര്‍ദേശമുണ്ട്. ഖോ-ഖോ, കബഡി തുടങ്ങിയ തദ്ദേശീയ കായിക ഇനങ്ങൾ, യോഗ സെഷനുകൾ, ലഘുനാടകങ്ങൾ, കവിതാ മത്സരങ്ങൾ എന്നിവയും ഇതിന്റെ ഭാഗമായി നടക്കും.

അതേസമയം പരീക്ഷകൾ തൊട്ടടുത്തെത്തി നിൽക്കുന്ന സമയത്ത് ഇത്തരം പരിപാടികൾ നടത്തുന്നതിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. തുടർച്ചയായ സർക്കുലറുകൾ വഴി ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നത് പഠനത്തിനുള്ള വിലപ്പെട്ട സമയം കവരുന്നതായി സ്കൂൾ പ്രിൻസിപ്പൽമാർ പരാതിപ്പെടുന്നു. ആഴ്ചതോറും പുതിയ പരിപാടികൾ നടത്തുന്നതും അവയുടെ ഫോട്ടോകളും റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വലിയ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. പരീക്ഷാ സമ്മർദ്ദം കുറയ്ക്കാൻ എന്ന പേരിൽ നടത്തുന്ന പരിപാടി തന്നെ വിദ്യാർത്ഥികൾക്ക് അധിക ഭാരമാകുന്നു എന്നും അക്കാദമിക് സമൂഹം ചൂണ്ടിക്കാട്ടുന്നു.

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.