മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡയെ ഏറ്റമുട്ടലില്‍ വധിച്ച തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ നടപടി വിരല്‍ ചൂണ്ടുന്നത് നക്സലൈറ്റ് പുനരധിവാസ പദ്ധതിയുടെ പരാജയത്തിലേക്ക്. 22 വര്‍ഷമായി മാവോയിസ്റ്റ് പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന വിക്രം, തീവ്രവാദ ബന്ധം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് മടങ്ങാനിരിക്കെയാണ് കൊല്ലപ്പെട്ടത്. രാജ്യത്തെ നക്സലൈറ്റ് — മാവോയിസ്റ്റ് പ്രവര്‍ത്തകരെ മുഖ്യധാരയിലേക്ക് തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി ഫലപ്രദമാകുന്നില്ല എന്നാണ് വധം തെളിയിക്കുന്നത്.
മാവോയിസ്റ്റ് ആശയം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് പ്രവര്‍ത്തകരെ എത്തിക്കാനുള്ള കേന്ദ്ര — സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതിയാണ് പരാജയമായത്. നക്സല്‍ — മാവോയിസ്റ്റ് സാന്നിധ്യമുള്ള സംസ്ഥാനങ്ങളില്‍ ആ സംഘടനയിലെ പ്രവര്‍ത്തകരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിയി പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. ഇതിനായുള്ള ശ്രമം വിക്രം ഗൗഡ നടത്തിവന്നിരുന്നു. എന്നാല്‍ സംസ്ഥാനത്തെ പുനരധിവാസ സമിതിയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണം ലഭ്യമായിരുന്നില്ല എന്നാണ് വിവരം.
2015ലാണ് കര്‍ണാടകയില്‍ പുനരധിവാസ സമിതി രൂപീകരിച്ചത്. തിരികെയെത്തുന്നവരുടെ പേരിലുള്ള കേസുകള്‍ ഒഴിവാക്കുക (കൊലപാതകം ഒഴികെ) ഭാവി ജീവനോപാധികള്‍ നല്‍കുക, സാമ്പത്തിക സഹായം ഏര്‍പ്പെടുത്തുക, വിദ്യാര്‍ത്ഥികളാണെങ്കില്‍ തുടര്‍പഠനത്തിന് അവസരം ഒരുക്കുക എന്നിവയായിരുന്നു ലക്ഷ്യം. എന്നാല്‍ പല നക്സല്‍ ബാധിത സംസ്ഥാനങ്ങളിലും സമിതി നീര്‍ജീവമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. തീവ്രവാദ ബന്ധം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് തിരികെയെത്താന്‍ വിക്രം ഗൗഡ ആഗ്രഹിച്ചിരുന്നതായി അടുത്ത ബന്ധുക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ വിക്രം സമിതിയുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് കര്‍ണാടക സ്റ്റേറ്റ് കമ്മിറ്റി ടു ഓവര്‍സീസ് ഇംപ്ലിമെന്റേഷന്‍ ഓഫ് നക്സല്‍ സറണ്ടര്‍ പോളിസി ഭാരവാഹികള്‍ പ്രതികരിച്ചു. വിക്രം ഗൗഡ വധത്തിന് പിന്നാലെ സമിതി അംഗമായ ബഞ്ജാരെ ജയപ്രകാശാണ് പ്രതികരണം നടത്തിയത്. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനിടെ വിക്രം ഗൗഡ വധത്തെ പുകഴ്ത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത് വന്നതും വിവാദമായി. വ്യാജ ഏറ്റുമുട്ടലിലുടെയാണ് വിക്രം ഗൗഡയെ വകവരുത്തിയതെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.