സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ പുതിയ ഒരു വെളിപ്പെടുത്തല്‍കൂടി നടത്തി സംവിധായകന്‍ വിനയന്‍. അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത് ഇടപെട്ടുവെന്നും അതിനുള്ള തെളിവായി നേമം പുഷ്പരാജിന്റെ ശബ്ദ സന്ദേശവും വിനയന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കി. രഞ്ജിത് ജൂറി ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നും പുഷ്പരാജ് മറ്റൊരാളോട് പറയുന്നത് ഓഡിയോയില്‍ കേള്‍ക്കാം. മാധ്യമപ്രവര്‍ത്തകനോടാണ് നേമം പുഷ്പരാജ് രഞ്ജിത് തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്ന് തുറന്നടിച്ചത്. എന്തു കഷ്ടപ്പാടും സഹിച്ച് സിനിയെടുത്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ തയ്യാറുള്ള ചെറുപ്പക്കാരുടെ മനസ്സു മടുപ്പിക്കുന്നത് ക്രൂരതയാണെന്നും വിഷയത്തില്‍ സർക്കാരിൽ നിന്ന് നീതി ലഭിച്ചില്ലങ്കിൽ മാത്രമേ മറ്റു നടപടികളിലേക്കു നീങ്ങാൻ ആഗ്രഹിക്കുന്നുള്ളുവെന്നും ഓഡിയോ പങ്കുവെച്ചുകൊണ്ട് വിനയന്‍ കുറിച്ചു.
വിനയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഇത്തവണത്തെ സ്റ്റേറ്റ് ഫിലിം അവാർഡിൻെറ മെയിൻ ജൂറി മെമ്പറും പ്രാഥമിക ജൂറിയുടെ ചെയർമാനുമായിരുന്ന
ശ്രീ നേമം പുഷ്പരാജിൻെറ വാക്കുകളാണ് ഇവിടെ കൊടുത്തിരിക്കുന്നത്..
ഒരു മാദ്ധ്യമ പ്രവർത്തകനോടാണ് അദ്ദേഹം സംസാരിക്കുന്നത്.. ഒരു സർക്കാർ ജുറി മെമ്പർ എന്ന നിലയിൽ പരിമിതികളുള്ളപ്പോൾ തന്നെ അദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്
ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ രഞ്ജിത്ത് പദവി ദുരുപയോഗം ചെയ്ത് അവാർഡ് നിർണ്ണയത്തിൽ ഇടപെട്ടു എന്ന് കഴിഞ്ഞ ദിവസം ഞാൻ ഇവിടെ പോസ്റ്റുചെയ്തിരുന്നു.. അതിനു കൃത്യമായ തെളിവുകൾ എൻെറ കൈയ്യിലുണ്ടന്നും… ധാർമ്മികത ഉണ്ടങ്കിൽ രഞ്ജിത് ചെയർമാൻ സ്ഥാനം രാജി വയ്കണമെന്നും ഞാൻ പറഞ്ഞിരുന്നു..
എൻെറ വാക്കുകൾക്ക് അടിവരയിട്ടുകൊണ്ട് ചെയർമാൻ സ്ഥാനത്തിരിക്കാൻ
രഞ്ജിത് ഒരു കാരണവശാലും യോഗ്യനല്ലന്ന് സംവിധായകനും ജൂറി മെമ്പറുമായ നേമം പുഷ്പരാജ് ഇപ്പോൾ പറയുന്നു.. അക്കാദമി ചെയർമാൻ എന്നനിലയിൽ അവാർഡു നിണ്ണയത്തിൽ അനാവശ്യ ഇടപെടൽ നടത്തി എന്നു വ്യക്തമായി ഒരു സീനിയർ ജൂറി മെമ്പർ പറഞ്ഞു കഴിഞ്ഞാൽ.. ഇനി മറുപടി പറയേണ്ടത് അക്കാദമി ചെയർമാൻ രഞ്ജിത്ത് ആണ്..
ശ്രീ നേമം പുഷ്പരാജ് ഈ ശബ്ദരേഖയിൽ പറയുന്നതു കൂടാതെ അവാർഡു നിർണ്ണയത്തിൽ നടന്ന പല വൃത്തികെട്ട ഇടപെടലുകളുടെയും ഗൂഢാലോചനയുടെയും ഒക്കെ ഞെട്ടിക്കുന്ന വിവരങ്ങൾ വിശദമായി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.. അത് ആവശ്യമുള്ള ഘട്ടത്തിൽ മാത്രം വെളിപ്പെടുത്താം..
ഇപ്പോൾ എനിക്കു ചോദിക്കാനുള്ളത് ഇ ജൂറിമെമ്പറുടെ വെളിപ്പെടുത്തലിനു ശേഷം നിയമപരമായോ ധാർമ്മികമായോ ആ പദവിയിലിരിക്കാൻ ശ്രീ രഞ്ജിത്തിന് അവകാശമുണ്ടോ?
ഈ വിവരം അവാർഡു നിർണ്ണയ സമയത്തു തന്നെ അറിഞ്ഞിരുന്ന സാംസ്കാരിക വകുപ്പ് ഇപ്പോഴെങ്കിലും നടപടി എടുക്കുമോ?
നേരത്തെ സർക്കാരിൻെറ PRD യുടെ കീഴിലായിരുന്നു ഈ അവാർഡു നിർണ്ണയവും മറ്റും നടത്തിയിരുന്നത്.. 1996ലെ അവാർഡു നിർണ്ണയത്തിൽ ഗുരുതരമായ ക്രമക്കേടു നടന്നു എന്നു കാണിച്ച് ഹൈക്കോടതിയിൽ കേസു പോകുകയുണ്ടായി
ദേശാടനം എന്ന സിനിമയേ മനപ്പുർവം ഒഴിവാക്കി എന്നതായിരുന്നു പ്രശ്നം.. അന്ന് ബഹുമാന്യനായ ജസ്റ്റീസ് നാരായണക്കുറുപ്പ് അവാർഡ് നിർണ്ണയത്തിൽ പക്ഷപാതമുണ്ട് സുതാര്യത ഇല്ലായിരുന്നു എന്നു കണ്ടെത്തുകയും സത്യസന്ധമായി അവാഡു നിർണ്ണയം നടക്കുവാനായി PRD യിൽ നിന്നു മാറ്റി ചലച്ചിത്ര അക്കാദമി രൂപീകരിക്കുവാനും അക്കാദമി ജൂറിയെ നിയമിച്ചു കഴിഞ്ഞാൽ പിന്നെ അവരിൽ യാതൊരു ഇടപെടലും ഉണ്ടാകാതെ അവാർഡു നിർണ്ണയം നടത്തണമെന്നും ഹൈക്കോടതി ഉത്തരവിടുകയും ഉണ്ടായി.. അന്ന് സാംസ്കാരിക വകുപ്പു മന്ത്രി ആയിരുന്ന അന്തരിച്ച ടി കെ രാമകൃഷ്ണൻ സാറാണ് കേരളത്തിലെ ആദ്യത്തെ ചലച്ചിത്ര അക്കാദമിരൂപീ കരിച്ചത്..ശ്രീ ഷാജി എൻ കരുണായിരുന്നു ആദ്യത്തെ ചെയർമാൻ എന്നാണെൻെറ ഒാർമ്മ.. അതിനു ശേഷവും പല സർക്കാരുകളും അവാർഡുകൾ പലപ്പോഴും വീതം വയ്കുകയായിരുന്നു എന്ന സത്യം നിഷേധിക്കാൻ കഴിയില്ല.. പക്ഷേ അതിനൊക്കെ ഒളിവും മറവും ഉണ്ടായിരുന്നിരിക്കാം.. തെളിവ് ഇല്ലായിരുന്നിരിക്കാം… ഇത്ര ധ്രാഷ്ടൃത്തോടെ തനിക്കാരെയും പേടിക്കേണ്ട കാര്യമില്ല എന്ന മാടമ്പിത്തരത്തോടെ അവാർഡു നിർണ്ണയത്തിൽ കൈ കടത്തിയ ആദ്യത്തെ ചെയർമാൻ ശ്രീ രഞ്ജിത്താണ് എന്നകാര്യം യാതൊരു സംശവുമില്ല.. എവിടുന്നാണ് ഇതിനുള്ള ധൈര്യം അദ്ദേഹത്തിന് ലഭിച്ചത്… സർക്കാരിനെ പ്രതിക്കുട്ടിൽ നിർത്തുന്ന ഈ ഗൂഡാലോചനക്കു പിന്നിൽ മറ്റാരൊക്കെയാണ്… ശക്തമായ ഒരന്വേഷത്തിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉത്തരവിടുകയും.. കുറ്റവാളികളേ കണ്ടെത്തുകയും ചെയ്യുമെന്നു കരുതുന്നു.. അല്ലങ്കിൽ ഈ വീതം വയ്കൽ നയം ഇടതുപക്ഷ സർക്കാരിൻെറ അറിവോടെയാണന്ന് പൊതുജനം ചിന്തിച്ചു പോകും.. എനിക്കൊരാവാർഡു കിട്ടാനോ എൻെറ സിനിമയ്ക് അവാർഡു കിട്ടാനോ വേണ്ടിയല്ല ഞാനിതിന് ഇറങ്ങി തിരിച്ചതെന്ന് ദയവായി കരുതരുത്… ഞാനീ അവാർഡുകൾക്കു വേണ്ടി സിനിമ എടുക്കുന്ന ആളല്ലാ.. അതിൻെറ പുറകെ പോയിട്ടുമില്ല, ഇഷ്ടക്കാർക്ക് അവാഡ് വീതം വച്ച രഞ്ജിത്തിൻെറ ഈ പരിപാടി സിനിമയേ പാഷനായി കാണുന്ന… അതിനു വേണ്ടി ജീവൻകളഞ്ഞു നിൽക്കുന്ന.. ഒരു വലിയ കൂട്ടം കലാകാരന്മാരോടു ചെയ്യുന്ന ചതിയാണ്.. കൊല്ലാക്കൊലയാണ്..
എന്തു കഷ്ടപ്പാടും സഹിച്ച് സിനിയെടുത്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ തയ്യാറുള്ള ചെറുപ്പക്കാരുടെ മനസ്സു മടുപ്പിക്കുന്ന ക്രൂരതയാണ്..
ബഹുമാനപ്പെട്ട സർക്കാരിൽ നിന്ന് നീതി ലഭിച്ചില്ലങ്കിൽ മാത്രമേ മറ്റു നടപടികളിലേക്കു നീങ്ങാൻ ആഗ്രഹിക്കുന്നുള്ളു..
അതേസമയം സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയവുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാഡമി ചെയർമാനെതിരെ ചലച്ചിത്ര അക്കാദമി അംഗവും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റുമായ എൻ അരുൺ രംഗത്തെത്തിയിരുന്നു. സംവിധായകൻ വിനയൻ കഴിഞ്ഞ ദിവസം നടത്തിയ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് അരുണ്‍ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ ആരോപണങ്ങളിൽ കഴമ്പുണ്ടെങ്കിൽ ചെയർമാന് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും അരുൺ അഭിപ്രായപ്പെട്ടു.
വിനയന്റെ ആരോപണങ്ങൾ വസ്തുതയാണെന്ന് വെളിവാക്കുവാനുള്ള തെളിവുകൾ ഉണ്ടെന്നാണ് പറയുന്നത്. ഈ സാഹചര്യത്തിൽ ജൂറി അംഗത്തിന്റേതായി സോഷ്യൽ മീഡിയയിൽ വരുന്ന ശബ്ദരേഖ ഗൗരവത്തോടെ നോക്കിക്കാണേണ്ടതുണ്ട്. ഈ വിഷയത്തിൽ അന്വേഷണം നടത്തി തെളിവുകൾ പരിശോധിച്ച് മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്, മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും അരുൺ കത്തയച്ചു.
പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ അവാർഡിനു പരിഗണിക്കാത്തതിന് പിന്നിൽ ചെയർമാൻ രഞ്ജിത്തിന്റെ ഇടപെടൽ ആണെന്നും കൃത്യമായ തെളിവ് കേരള ജനത മുഴുവൻ അറിയുന്ന രീതിയിൽ കൊടുക്കുമെന്നും ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ കഴിഞ്ഞ ദിവസം സംവിധായകൻ വിനയൻ ഉന്നയിച്ചിരുന്നു.
English Summary: Vinayan released audio on Facebook over state award
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.