
മാസങ്ങൾ നീണ്ട ശാന്തതയ്ക്ക് ശേഷം മണിപ്പൂരിൽ വീണ്ടും സംഘര്‍ഷം. ചുരാചന്ദ്പൂർ ജില്ലയിൽ മെയ്തി വിഭാഗത്തില്പെട്ട യുവാവിനെ അജ്ഞാതരായ സായുധ സംഘം വെടിവെച്ചുകൊന്നു. കുക്കി ഭൂരിപക്ഷപ്രദേശമായ നാഥ്ജാങ് ഗ്രാമത്തിലാണ് സംഭവം. കുക്കി യുവതിയെ വിവാഹം ചെയ്ത മെയ്തി സമുദായാംഗമായ മായങ്ലംബം ഋഷികാന്ത് സിങ്ങാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം ഏഴിനും 7.30‑നും ഇടയിലാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതായും സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഈ മാസം 19നാണ് നേപ്പാളിൽ നിന്ന് ഋഷികാന്ത മണിപ്പൂരിലെത്തുന്നത്. ഭാര്യയെ കാണാനെത്തിയപ്പോള്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഭാര്യയെ കാണുന്നതിനും അവരോടൊപ്പം കുറച്ചുദിവസം താമസിക്കാനും ഋഷികാന്ത കുക്കി വിഭാഗത്തിലെ നേതാക്കളിൽ നിന്നും അനുവാദം വാങ്ങിയിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. എന്നാൽ, ആയുധങ്ങളുമായെത്തിയ ഒരു സംഘം ഋഷികാന്തയെയും ഭാര്യയേയും തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് ഭാര്യയെ സംഘം വിട്ടയച്ചു.
ഋഷികാന്ത് കൈകൂപ്പി ജീവനുവേണ്ടി യാചിക്കുന്നത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച ദൃശ്യങ്ങളില്‍ കാണാം. വെടിയുതിര്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഗുവാഹട്ടിയിലെ ഒരു ഐപി അഡ്രസില്‍ നിന്നാണ് കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പങ്ക് വച്ചിരിക്കുന്നതെന്നും സുപ്രണ്ട് ഗൗരവ് ഗോദ്ര പറഞ്ഞു. നേപ്പാളില്‍ താമസിച്ച് ജോലി ചെയ്യുകയായിരുന്നു സിങ്. ഡിസംബർ 19 മുതലാണ് അദ്ദേഹം ചുരാചന്ദ്പൂരില്‍ താമസത്തിന് എത്തുന്നതെന്നും പൊലീസ് പറഞ്ഞു. മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിട്ട് ഫെബ്രുവരി 14‑ന് ഒരു വർഷം തികയാനിരിക്കെയാണ് കൊലപാതകം അരങ്ങേറിയത്. സംസ്ഥാനത്ത് ജനാധിപത്യ സർക്കാർ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും വിവിധ വിഭാഗങ്ങളും തമ്മിൽ ചർച്ചകൾ നടന്നു വരുന്ന സാഹചര്യത്തിൽ ഈ കൊലപാതകം വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. 2023 മേയ് മാസത്തിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം മേയ്തി ഭൂരിപക്ഷം വസിക്കുന്ന ഇംഫാൽ താഴ് വരയും ഗോത്ര വര്‍ഗങ്ങൾ താമസിക്കുന്ന പര്‍വ്വത പ്രദേശങ്ങളും എന്ന രീതിയില്‍ മണിപ്പൂര്‍ രണ്ടായി വിഭജിക്കപ്പെട്ട നിലയില്‍ തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.