
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ സമൂഹത്തിന് നേരെ വർധിച്ചുവരുന്ന ആസൂത്രിത അക്രമങ്ങളിലും വിദ്വേഷ സംഭവങ്ങളിലും ആശങ്ക രേഖപ്പെടുത്തി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. ക്രിസ്മസ് ആഘോഷ വേളകളിൽ ഉൾപ്പെടെ വിശ്വാസികൾ നേരിടുന്ന ഭീഷണികൾ ചൂണ്ടിക്കാട്ടിയാണ് ഫോറം കേന്ദ്ര സർക്കാരിന് കത്തു നൽകിയത്.പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്രിസ്മസ് ദിനത്തിൽ പള്ളി സന്ദർശനം നടത്തി സൗഹൃദത്തിന്റെ മുഖംമൂടി അണിയുമ്പോഴും, താഴെത്തട്ടിൽ ക്രൈസ്തവ വേട്ട തുടരുകയാണെന്ന് കത്തിൽ പറയുന്നു. സംഘ്പരിവാർ ശക്തികൾ ക്രൈസ്തവർക്കെതിരെ നടത്തുന്ന ആക്രമണങ്ങൾ കേന്ദ്ര സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ആരോപിച്ചു.
രാജ്യത്ത് ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ വർഷം തോറും വർധിച്ചു വരികയാണെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ചൂണ്ടിക്കാട്ടുന്നു. 2024ൽ ആകെ 834 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം 2025 നവംബർ വരെ 706 സംഭവങ്ങൾ രേഖപ്പെടുത്തിക്കഴിഞ്ഞുവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.
ഉത്തർപ്രദേശിലും ഛത്തീസ്ഗഡിലുമാണ് ഏറ്റവും കൂടുതൽ അക്രമങ്ങൾ നടക്കുന്നത്. മരണപ്പെട്ട ക്രൈസ്തവ വിശ്വാസികളുടെ മൃതദേഹങ്ങളോട് പോലും അനാദരവ് കാട്ടുന്ന സംഭവങ്ങൾ ഛത്തീസ്ഗഡിൽ വർധിക്കുന്നതായി കത്തിൽ പ്രത്യേകം പരാമർശിക്കുന്നു. 2025‑ൽ മാത്രം മൃതദേഹങ്ങൾ അടക്കം ചെയ്യാൻ അനുവദിക്കാത്തതോ, അടക്കം ചെയ്തവ പുറത്തെടുക്കാൻ പ്രേരിപ്പിച്ചതോ ആയ 23 ക്രൂര സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതിൽ 19 സംഭവങ്ങളും നടന്നത് ബിജെപി ഭരണത്തിലുള്ള ഛത്തീസ്ഗഡിലാണ്. ഡിസംബർ 24‑ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച ബന്ദ് ക്രൈസ്തവ വിശ്വാസികൾക്കിടയിൽ വലിയ ഭീതിയാണ് പടർത്തിയതെന്നും കത്തില്‍ പറയുന്നു. വിവിധ സംസ്ഥാനങ്ങൾ നടപ്പിലാക്കിയ മതപരിവർത്തന നിരോധന നിയമങ്ങൾ ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള ആയുധമായി മാറുകയാണെന്നും യുസിഎഫ് ആരോപിക്കുന്നു. ക്രിസ്മസ് ആഘോഷങ്ങൾക്കിടയിൽ സ്കൂളുകളിലും മാളുകളിലും നടന്ന അക്രമങ്ങളും പ്രാർത്ഥനാ യോഗങ്ങൾ തടസ്സപ്പെടുത്തുന്നതും അതീവ ഗൗരവത്തോടെ കാണണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.