22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

August 30, 2023
August 19, 2023
August 18, 2023
August 11, 2023
July 30, 2023
July 9, 2023
June 7, 2023
May 28, 2023
March 12, 2023
December 14, 2022

ഇസ്രയേല്‍ ജയിൽ അധികൃതരുടെ അക്രമം: പലസ്തീന്‍ തടവുകാര്‍ നിരഹാര സമരത്തില്‍

Janayugom Webdesk
August 19, 2023 9:30 pm

ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വീർ ചുമത്തിയ ശിക്ഷാ നടപടികളിൽ പ്രതിഷേധിച്ച് ഇസ്രയേല്‍ ജയിലുകളില്‍ ആയിരക്കണക്കിന് പലസ്തീന്‍ തടവുകാര്‍ നിരാഹാര സമരം നടത്തി. പലസ്തീന്‍ പ്രിസണേഴ്സ് മൂവ്മെന്റിന്റെ നേതൃത്വത്തിലായിരുന്നു സമരം. തടവുകാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെള്ളിയാഴ്ച അധിനിവേശ പ്രദേശങ്ങളിലും മറ്റിടങ്ങളിലും വലിയ തോതിലുള്ള റാലികൾ നടത്തിയിരുന്നു. തടവുകാരിൽ ഒരാളായ കെയ്ദ് ഫസ്ഫസ് 15 ദിവസത്തിലധികം നിരാഹാര സമരം പൂർത്തിയാക്കി.
തടവുകാരുടെ ഒരു ജയിലിൽ നിന്ന് മറ്റൊന്നിലേക്ക് ഏകപക്ഷീയവും നിർബന്ധിതവുമായ നീക്കം, ശൗചാലയ ഉപയോഗത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം, പലസ്തീനികളുടെ സെല്ലുകളില്‍ ഇസ്രയേല്‍ സേന നടത്തുന്ന ആവര്‍ത്തിച്ചുള്ള പരിശോധനകള്‍, കുടുംബാംഗങ്ങളുടെ സന്ദര്‍ശനത്തിനുള്ള വിലക്ക് തുടങ്ങിയ നടപടികള്‍ക്കെതിരെയായിരുന്നു പ്രതിഷേധം. ഇസ്രയേലിലെ നഖാബ് ജയിലിലെ പലസ്തീന്‍ തടവുകാര്‍ ഉള്‍പ്പെടുന്ന സെക്ഷൻ 26ല്‍ സുരക്ഷാ സേന പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെ സെക്ഷന്‍ മൂന്നിലും നാലിനും പരിശോധന നടത്തി. 75ലധികം തടവുകാരെ അജ്ഞാത സ്ഥലത്തേക്ക് ബലമായി മാറ്റി. നഖാബിൽ നിന്ന് മാറ്റിയ 75 തടവുകാരെയും പിന്നീട് നഫ്ഹ ജയിലിൽ കണ്ടെത്തിയിരുന്നു. 1,400 ഫലസ്തീൻ തടവുകാരുള്ള ഏറ്റവും വലിയ ഇസ്രയേലി ജയിലാണ് നഖബ്. പരിശോധനയ്ക്കിടെ തടവുകാരെ ക്രൂരമായി മര്‍ദ്ദിച്ചതായും പലസ്തീന്‍ പ്രിസണേഴ്സ് മൂവ്മെന്റ് അറിയിച്ചു.
നിലവില്‍ 5000 പലസ്തീനികള്‍ വിവിധ ഇസ്രയേലി ജയിലുകളിലുണ്ട്. ഇവരിൽ ഏകദേശം 1,200 പേർ അഡ്മിനിസ്ട്രേറ്റീവ് തടവുകാരാണ്. അവരെ യാതൊരു കുറ്റവും വിചാരണയും കൂടാതെ അനിശ്ചിതകാലത്തേക്ക് ജയിലിൽ അടയ്ക്കാൻ ഇസ്രയേലിന് കഴിയും.
ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന പലസ്തീൻ തടവുകാർക്ക് അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്ന തരത്തിലുള്ള നയപരമായ നടപടികളാണ് ദേശീയ സുരക്ഷാ മന്ത്രി ബെൻ ഗ്വിർ പ്രഖ്യാപിച്ചത്. രണ്ട് ദിവസം മുമ്പ് ബെൻ‑ഗ്വിർ നഖബ് ജയിൽ സന്ദർശിച്ചിരുന്നുവെന്നും തടവുകാർക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികാരികളോട് ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഒരു ജയിലില്‍ പലസ്തീന്‍ തടവുകാരെ ഉപദ്രവിക്കുന്ന ബെന്‍ ഗ്വിറിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ബെൻ‑ഗ്വിർ മന്ത്രിയായതിനുശേഷം ഇസ്രയേലി മെംബർസ് ഓഫ് നെസെറ്റ് (എംകെ) പലസ്തീന്‍ തടവുകാരെ സന്ദര്‍ശിക്കുന്നത് നിരോധിച്ചിരുന്നു.

Eng­lish sum­ma­ry; Over 1,000 Pales­tin­ian pris­on­ers on hunger strike against increased vio­lence by Israeli prison authorities

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.