ഗാസയിൽ വാക്സിനേഷനിടയിലെ അക്രമത്തിൽ കൊല്ലപ്പെട്ടത് 42 പലസ്തീൻ സ്വദേശികൾ. 107 പേർക്കു പരുക്കേറ്റു. മധ്യഗാസയിൽ ദെയ്റൽ ബലാഹിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ പകൽ ഏതാനും മണിക്കൂർ വെടിനിർത്തലുണ്ടായിരുന്നെങ്കിലും മറ്റു സ്ഥലങ്ങളിൽ ഇളവില്ല. വാക്സിനേഷൻ കേന്ദ്രങ്ങളോടു ചേർന്ന മഗാസി അഭയാർഥി ക്യാംപിലും ബുറേജിലും ഇന്നലെ തുടർച്ചയായ ബോംബാക്രമണമുണ്ടായി. എന്നാൽ ഗാസയിൽ ആദ്യഘട്ട പോളിയോ വാക്സിനേഷൻ വിജയകരമായി പൂർത്തിയാക്കിയതായി ഐക്യരാഷ്ട്ര സംഘടന അറിയിച്ചു.
അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ സൈനിക നടപടി ഒൻപതാം ദിവസത്തിലേക്കു കടന്നു. കഴിഞ്ഞ മാസം 28നുശേഷം ഇതുവര ജെനിനിലും തുൽകരിമിലും 33 പലസ്തീൻകാരാണു കൊല്ലപ്പെട്ടത്. 130 പേർക്കു പരുക്കേറ്റു. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ ഗാസയിൽ 40,861 പലസ്തീൻകാർ കൊല്ലപ്പെട്ടു. 94,398 പേർക്കു പരുക്കേറ്റു. മധ്യഗാസയിൽ ആദ്യഘട്ടം പിന്നിടുമ്പോൾ 1,89,000 കുട്ടികൾക്കാണു വാക്സീൻ നൽകിയതെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. അടുത്ത ഘട്ടം തെക്കൻ ഗാസയിലാണ്. വെടിനിർത്തൽ മധ്യസ്ഥ ചർച്ചകൾ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ പിടിവാശി മൂലം നീളുകയാണെന്നാണ് സൂചന . യുദ്ധം നിർത്തിയാലും തെക്കൻ ഗാസ–ഈജിപ്ത് അതിർത്തിയിലെ ഫിലഡൽഫിയ ഇടനാഴിയിൽ ഇസ്രയേൽ സൈന്യം തുടരുമെന്നാണു നെതന്യാഹുവിന്റെ നിലപാട്. ഹമാസ് ഇതിനെ എതിർക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.