
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ താരം വിരാട് കോലി. താരം തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഔദ്യോഗികമായി അറിയിച്ചത്. രണ്ടാഴ്ച മുൻപ് വിരമിക്കാനുള്ള സന്നദ്ധത കോലി ബിസിസിഐയെ അറിയിച്ചിരുന്നു. ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും കളിക്കണമെന്ന് ബിസിസിഐ അഭ്യർത്ഥിച്ചെങ്കിലും കോലി പ്രതികരിച്ചില്ല. വിരമിക്കൽ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ബിസിസിഐ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
“14 വർഷങ്ങൾക്ക് മുൻപാണ് ഞാൻ ആദ്യമായി ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ നീല ജേഴ്സി അണിഞ്ഞത്. സത്യം പറഞ്ഞാൽ, ഈ യാത്ര എന്നെ ഇത്രയും ദൂരം കൊണ്ടെത്തിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ടെസ്റ്റ് ക്രിക്കറ്റ് എന്നെ ഒരുപാട് പരീക്ഷിച്ചു, വളരെയധികം പഠിപ്പിച്ചു. ദിവസങ്ങൾ നീണ്ട പോരാട്ടങ്ങളും, മറ്റാർക്കും കാണാൻ കഴിയാത്ത നമുക്ക് മാത്രം അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ള ചില ചെറിയ നിമിഷങ്ങളും എക്കാലത്തും എന്നോടൊപ്പം ഉണ്ടാകും. ഈ ഫോർമാറ്റിൽ നിന്ന് പിന്മാറുക എന്നത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ, ഇപ്പോൾ അതാണ് ശരിയെന്ന് എനിക്ക് തോന്നുന്നു.” കോലി കുറിച്ചു.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ നാലാമത്തെ താരവും, ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഏഴാമത്തെ താരവുമാണ് വിരാട് കോലി. 14 വർഷത്തെ ടെസ്റ്റ് കരിയറിൽ 30 സെഞ്ച്വറികൾ അദ്ദേഹം നേടിയിട്ടുണ്ട്. ഒരു ഇന്ത്യൻ ബാറ്റർ നേടുന്ന നാലാമത്തെ ഉയർന്ന സെഞ്ച്വറി നേട്ടം കൂടിയാണിത്. കൂടാതെ 31 അർദ്ധ സെഞ്ച്വറികളും കോലിയുടെ പേരിലുണ്ട്. ഏഴ് ടീമുകൾക്കെതിരെ ടെസ്റ്റ് മത്സരങ്ങൾ കളിച്ച കോലി, അഞ്ച് ടീമുകൾക്കെതിരെ 1000‑ൽ അധികം റൺസ് നേടിയിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരെയാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം. 30 മത്സരങ്ങളിൽ നിന്ന് 9 സെഞ്ച്വറികളും 5 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടെ 2232 റൺസാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.