വിഷുവന്നെത്തി വിഷുപ്പക്ഷിതന്‍ വിളിക്കൊപ്പം
വിടരും കണിക്കൊന്ന ചൊരിയും പ്രഭാപൂരം
മലയില്‍ മഴമേഘപാളികളാഘോഷത്തിന്‍
ഉലയിലൂതിക്കാച്ചും വര്‍ണരേണുക്കള്‍ നീളേ
ദാഹനീരിനായ് കേഴും മണ്ണിനു പുതുവര്‍ഷം
തുള്ളിനീരടര്‍ന്നുടലുണര്‍ത്തും പുളകങ്ങള്‍
ആടിപോയ് മറഞ്ഞു സംക്രാന്തിതന്നറക്കുള്ളില്‍
ചൂടിവന്നെത്തി പൊന്നിന്‍കിരണം പ്രഭാതമായ്
കിളിപാടുന്നു പുതുവത്സരപ്പിറവിതന്‍
പുളകം നിറയുന്നൊരുത്സവപ്പെരുമകള്‍
പുത്തനാം ഉടുപ്പുലഞ്ഞുണരും പൂമേനിയില്‍
മുത്തമിട്ടോടും കുളിര്‍കാറ്റിന്റെ കുസൃതികള്‍
ധനധാന്യങ്ങള്‍ കണിക്കൊന്ന കായ്‌കനികളും
നിനവിലൊരുക്കുന്നൊരമ്മതന്‍ വാത്സല്യമായ്
ഓട്ടുരുളിയില്‍ കണിക്കാഴ്‌ചതന്‍ പ്രഭാപൂരം
ചേര്‍ത്തു നിര്‍ത്തുമാറുണ്ണിക്കണ്ണന്റെ കടാക്ഷങ്ങള്‍
ഓാര്‍ത്തെടുക്കുവാന്‍ വിളവെടുപ്പിന്‍ വിളംബരം
പാര്‍ത്തുനിന്നൊരീ നാടിന്‍ നാട്ടാരിന്‍ പ്രതീക്ഷകള്‍
വര്‍ത്തമാനത്തില്‍ ഭൂതം ഭാവിയുമണിചേരും
സത്തയായ് സായൂജ്യമായ് നാട്ടിലെത്തുന്നു വിഷു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.