18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024

വിഴിഞ്ഞം കോൺക്ലേവ്: തുറമുഖേതര നിക്ഷേപങ്ങളിലേക്കും വഴിതുറക്കും

Janayugom Webdesk
തിരുവനന്തപുരം
November 18, 2024 10:12 pm

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട നിക്ഷേപ സാധ്യതകൾ അനാവരണം ചെ­യ്ത് ജനുവരിയിൽ നടക്കുന്ന ആദ്യത്തെ രാജ്യാന്തര കോൺക്ലേവിൽ തുറമുഖേതര വ്യവസായങ്ങളെയും വിഴിഞ്ഞവുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകൾക്ക് വഴിതുറക്കും.
അടിസ്ഥാനസൗകര്യ വികസനത്തിനൊപ്പം വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, മാനുഫാക്ചറിങ് മേഖലകളിലെ നിക്ഷേപ സാധ്യതകൾ ഈ രംഗത്തെ വിദഗ്ധർ അവതരിപ്പിക്കും. കണ്ടെയ്നർ ഫ്രെയ്റ്റ് സ്റ്റേഷൻ, കണ്ടെയ്നർ യാർഡ്, എക്യുപ്മെന്റ് റിപ്പയർ യൂണിറ്റുകൾ, വെയർഹൗസുകൾ, ലോജിസ്റ്റിക്സ് പാർക്കുകൾ തുടങ്ങി ഷിപ്പിങ്ങുമായി ബന്ധപ്പെട്ട ഒട്ടേറെ സാധ്യതകൾ വിഴിഞ്ഞം മുന്നോട്ടുവയ്ക്കുന്നുണ്ട്. അതോടൊപ്പം പാരമ്പര്യേതര ഊർജം, ഫിഷറീസ്, അക്വാകൾച്ചർ തുടങ്ങിയവയിലെ നിക്ഷേപസാധ്യതകളും കോൺക്ലേവ് അനാവരണം ചെയ്യും. 

ജനുവരി 29നും 30നും തിരുവനന്തപുരം ഹയാത്ത് റീജൻസിയിലാണ് കോൺക്ലേവ് നടക്കുക. ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രീസിന്റെ സഹകരണത്തോടെ കെഎസ്­ഐഡിസി, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന ‘വിഴിഞ്ഞം കോൺക്ലേവ് 2025 ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് സമ്മിറ്റ്’ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിഴിഞ്ഞം തുറമുഖം പൂർണമായും പ്രവർത്തനസജ്ജമാകുന്നതിനൊപ്പം തന്നെ അതോടനുബന്ധിച്ചുള്ള വ്യാവസായിക സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് കോൺക്ലേവിലൂടെ ലക്ഷ്യമിടുന്നത്.

രാജ്യത്തെ മറ്റ് തുറമുഖങ്ങളോടനുബന്ധിച്ച് വിജയകരമായ രീതിയിൽ നടത്തപ്പെടുന്ന വ്യവസായങ്ങളുടെയും കമ്പനികളുടെയും പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുക്കും. 

മറ്റു തുറമുഖങ്ങളോടനുബന്ധിച്ചുള്ള കമ്പനികളെ ഇവിടെ നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുന്നതിനൊപ്പം കേരളത്തിനകത്തുള്ള കമ്പനികൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയുടെ നിക്ഷേപ സാധ്യതകളും വിശകലനം ചെയ്യും. നിക്ഷേപം നടത്താൻ താല്പര്യപ്പെടുന്നവർക്ക് മാർഗനിര്‍ദേശം നൽകുന്ന സെഷനുകൾക്ക് കോ­ൺക്ലേവിൽ പ്രാധാന്യം നൽകും.
ബിസിനസ് ലീഡർമാരുമായി പ്രതിനിധികൾക്ക് നേരിട്ട് സംവദിക്കാനുള്ള അവസരമായിരിക്കും പ്രധാനമായും ഒരുക്കുക. നിക്ഷേപക കേന്ദ്രീകൃതമായ നയങ്ങളും നേട്ടങ്ങളും കോൺക്ലേവിൽ അവതരിപ്പിക്കും. രജിസ്റ്റർ ചെയ്യുന്ന 300 പ്രതിനിധികൾക്കാണ് കോൺക്ലേവിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.