23 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 19, 2025
March 10, 2025
December 18, 2024
December 10, 2024
December 9, 2024
December 4, 2024
December 3, 2024
November 18, 2024
November 10, 2024
November 4, 2024

വിഴിഞ്ഞം തുറമുഖം കടലാക്രമണത്തിന് ആക്കം കൂട്ടി

കെ രംഗനാഥ്
തിരുവനന്തപുരം
September 2, 2022 10:09 pm

അശാസ്ത്രീയമായ വിഴിഞ്ഞം തുറമുഖനിര്‍മ്മാണം സമീപ കടലോരഗ്രാമങ്ങളിലെ കടലാക്രമണത്തിന് ആക്കം കൂട്ടിയെന്ന് പഠനറിപ്പോര്‍ട്ട് പുറത്ത്. തുറമുഖനിര്‍മ്മാണ കമ്പനിയായ അഡാനി ഗ്രൂപ്പ് നിയോഗിച്ച വിദഗ്ധസംഘത്തിന്റേതാണ് ഗുരുതരമായ ഈ കണ്ടെത്തലെന്നതാണ് കൗതുകകരം.
അഡാനി വിഴിഞ്ഞം പോര്‍ട്ട് കമ്പനി നിയോഗിച്ച ചെന്നെെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷന്‍ ടെക്നോളജിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ തുറമുഖ നിര്‍മ്മാണമല്ല കടലാക്രമണം രൂക്ഷമായതിനു കാരണമെന്ന അഡാനിഗ്രൂപ്പിന്റെ വാദം പൊളിയുന്നു. വിദഗ്ധരും മത്സ്യത്തൊഴിലാളികളും തീരശോഷണം അനുദിനം വര്‍ധിക്കുന്നതിനു കാരണം അശാസ്ത്രീയ തുറമുഖനിര്‍മ്മാണം തന്നെയാണെന്നാണ് അഡാനി ഗ്രൂപ്പു തന്നെ നിയോഗിച്ച വിദഗ്ധസംഘത്തിന്റെ പഠനറിപ്പോര്‍ട്ട് അടിവരയിടുന്നത്. നിര്‍മ്മാണം ആരംഭിച്ച 2015 മുതല്‍ വിഴിഞ്ഞത്തിനു വടക്കുഭാഗത്തെ പൂന്തുറ, തോപ്പ്, വലിയതുറ, ശംഖുംമുഖം തെക്കുഭാഗത്ത് പൂവാര്‍ മുതല്‍ അടിമലത്തുറ വരെയും കടലോരഗ്രാമങ്ങള്‍ കടലെടുത്തുകൊണ്ടിരിക്കുന്നു. വലിയതുറയിലെ തുറമുഖ പാലം കടലാക്രമണത്താല്‍ നശിച്ചുകഴിഞ്ഞു. ശംഖുംമുഖം, തോപ്പു ഭാഗത്തെ തിരുവനന്തപുരം വിമാനത്താവളം, ശംഖുംമുഖം കൊട്ടാരം, ആറാട്ടുകൊട്ടാരം, ശംഖുംമുഖം ദേവീക്ഷേത്രം എന്നിവ അടുത്ത പത്ത് വര്‍ഷത്തിനകം കടലെടുക്കുമെന്ന് വിവിധ പഠനറിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ‘ജനയുഗം’ ഈയിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിനിടെയാണ് തുറമുഖ നിര്‍മ്മാണം തന്നെയാണ് വിഴിഞ്ഞത്തിന് തെക്കും വടക്കുമുള്ള പ്രദേശങ്ങള്‍ കടലെടുക്കുന്ന പ്രവണത തീവ്രമാക്കിയതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ശംഖുംമുഖത്തിനു വടക്ക്, കണ്ണാന്തുറ, വേളി, കൊച്ചുവേളി, വെട്ടുകാട് മുതല്‍ പള്ളിത്തുറ, തുമ്പ, സെന്റ് ഡൊമിനിക് വെട്ടുകാട്, സെന്റ് ആന്‍ഡ്രൂസ്, പുത്തന്‍തോപ്പ്, പുതുക്കുറിച്ചി മുതല്‍ പെരുമാതുറ മുതലപ്പൊഴി വരെയുള്ള കടലോരഗ്രാമങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. ഈ കടല്‍ത്തീര ഗ്രാമങ്ങളില്‍ നേരിട്ടും ഉപഗ്രഹസര്‍വേ നടത്തിയുമാണ് തുറമുഖംമൂലമുള്ള ഭീകരമായ തീരശോഷണം കണ്ടെത്തിയത്. സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ പ്രതിവര്‍ഷം ശരാശരി അഞ്ച് മീറ്റര്‍ വരെ കര കടലെടുക്കുന്നുവെങ്കില്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണംമൂലം അപകടത്തിലായ തീരഗ്രാമങ്ങളില്‍ പ്രതിവര്‍ഷം 11 മീറ്റര്‍ വരെ കരയാണ് കടലിലലിയുന്നതെന്നും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തില്‍ വ്യക്തമായി.
തുറമുഖം പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകുമ്പോഴേക്കും കടലാക്രമണത്തിന്റെ ഉഗ്രത കൂടിയേക്കാമെന്ന മുന്നറിയിപ്പോടെയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.
തുറമുഖ നിര്‍മ്മാണംമൂലമുണ്ടാകുന്ന തീരശോഷണത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതിയെ സര്‍ക്കാര്‍ നിയോഗിക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നു. ഈ സമിതിക്കും അഡാനി നിയോഗിച്ച സമിതിയുടെ വിലയിരുത്തലിനപ്പുറമൊന്നും കണ്ടെത്താനാവാത്ത സാഹചര്യമാണുള്ളതെന്ന് നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറത്തിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയും അന്താരാഷ്ട്ര സമുദ്ര പഠന ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ ഗവേഷകനുമായ എ ജെ വിജയന്‍ പറയുന്നു. തുറമുഖനിര്‍മ്മാണത്തിന് നല്കിയ അനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തങ്ങള്‍ ദേശീയഹരിത ട്രെെബ്യൂണലിനെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതേത്തുടര്‍ന്ന് തുറുമുഖനിര്‍മ്മാണംമൂലം രൂക്ഷമായ കടലാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ട്രെെബ്യൂണല്‍ അടിയന്തര നടപടികള്‍ ആരംഭിച്ചതാണ് പുതിയ സംഭവവികാസം. അഡാനി നിയോഗിച്ച വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ട് പോലും വിഷയത്തിന്റെ പൂര്‍ണമായ ഗൗരവത്തിലേക്ക് കടന്നിട്ടില്ലെന്നും വിജയന്‍ അഭിപ്രായപ്പെട്ടു.
കടലിലെ ചക്രവാതച്ചുഴി മുതലുള്ള കാരണങ്ങളും കടലാക്രമണം രൂക്ഷമാക്കുന്നുവെന്ന പരാമര്‍ശവും പഠനവിധേയമാക്കേണ്ടതാണ്. ചുഴലിക്കാറ്റും ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും മുന്‍കാലങ്ങളിലും ഇതുപോലെതന്നെയുണ്ടായിട്ടുണ്ട്. അന്നൊന്നുമില്ലാത്ത ശക്തമായ കടലാക്രമണമുണ്ടായത് തുറമുഖനിര്‍മ്മാണത്തിനുശേഷം കഴിഞ്ഞ ഏഴ് വര്‍ഷത്തിനിപ്പുറമാണെന്ന് അഡാനിഗ്രൂപ്പുതന്നെ സമ്മതിക്കുന്നു. നാലായിരം കോടിയുടെ തുറമുഖ പദ്ധതിയെത്തുടര്‍ന്നുണ്ടായ അഭൂതപൂര്‍വമായ കടലാക്രമണം തടയാന്‍ പതിനായിരം കോടി രൂപയെങ്കിലും വേണ്ടിവരുമെന്ന് വിദഗ്ധര്‍ പറയുന്നു. ദേശീയ ഹരിതട്രെെബ്യൂണല്‍ ഇതിനകം ഉത്തരവിട്ടു കഴിഞ്ഞ പുനര്‍പഠനത്തില്‍ വിഴിഞ്ഞത്തിനു തെക്കും വടക്കുമുള്ള 10 കിലോമീറ്റര്‍ കടലോരത്തെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതു മുതലപ്പൊഴി വരെയുള്ള 54 കിലോമീറ്ററായി വര്‍ധിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നുകഴിഞ്ഞു.

Eng­lish Sum­ma­ry: Vizhin­jam har­bor added momen­tum to the sea attack

You may like this video also

YouTube video player

TOP NEWS

March 23, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.