
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമ്മാണത്തിന് നവംബർ ആദ്യ ആഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. ഔദ്യോഗിക തീയതി പ്രഖ്യാപനം ഉടനുണ്ടാവും. നവംബർ അഞ്ചിനായിരിക്കുമെന്നാണ് സൂചനകൾ. തുറമുഖത്തിന്റെ രണ്ട് മുതൽ നാല് ഘട്ടംവരെ ഒരുമിച്ചാണ് നിർമ്മിക്കുന്നത്. ഇതിനുള്ള 10,000 കോടി രൂപ അഡാനി പോർട്ട് (എവിപിപിഎൽ) വഹിക്കും. മേയ് രണ്ടിനാണ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമർപ്പിച്ചത്. രണ്ടും മൂന്നും ഘട്ടങ്ങളിൽ തുറമുഖത്തിനായി ഒരിഞ്ച് സ്വകാര്യഭൂമി പോലും ഏറ്റെടുക്കേണ്ടതില്ല. പകരം പദ്ധതി പ്രദേശത്തെ കടൽ നികത്തി കരയാക്കി മാറ്റും.
77.17 ഹെക്ടറാണ് ഇത്തരത്തിൽ കടൽ നികത്തുക. ഒന്നാംഘട്ടത്തിൽ 63 ഹെക്ടർ കടൽ നികത്തിയിരുന്നു. രണ്ടാം ഘട്ടത്തിന്റെ പ്രതിവർഷ സ്ഥാപിതശേഷി 30 ലക്ഷം ടിഇയു കണ്ടെയ്നറാണ്. ഒന്നാംഘട്ടത്തിൽ ഇത് 10 ലക്ഷം കണ്ടെയ്നറായിരുന്നു. ഒന്നാം ഘട്ടത്തിൽ 800 മീറ്ററുള്ള ബർത്താണുള്ളത്. ഇവിടെ ഒരേസമയം രണ്ട് കപ്പലുകൾ ബെർത്ത് ചെയ്യാം. രണ്ടാംഘട്ടത്തിൽ 2000 മീറ്ററാകുന്നതോടെ അഞ്ച് കപ്പലുകൾ ബർത്ത് ചെയ്യാനാവും. നാവികസേനയ്ക്കും കോസ്റ്റ് ഗാർഡിനും കൂടി ഉപയോഗിക്കാവുന്ന തരത്തിലുള്ളതായിരിക്കും ബെർത്ത്. നിലവിൽ മൂന്ന് കിലോമീറ്റർ നീളത്തിലാണ് ബ്രേക്ക് വാട്ടർ. ഇത് നാല് കിലോമീറ്ററാവും. രണ്ടാംഘട്ട നിർമ്മാണം പരിശോധിക്കാൻ എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡുമായി (ഐഇഎൽ) വിസിൽ ധാരണാപത്രം ഒപ്പിട്ടുണ്ട്. ഇതുവരെ 520 കപ്പലുകളാണ് വിഴിഞ്ഞ് എത്തിയത്.
മത്സ്യബന്ധന തുറമുഖ നിർമ്മാണവും തുടങ്ങും
തുറമുഖത്തിന്റെ രണ്ടാം ഘട്ടത്തിനൊപ്പം ഏറെ നാളായി കാത്തിരിക്കുന്ന വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിന്റെ നിർമ്മാണവും തുടങ്ങും. 271 കോടിയാണ് മത്സ്യബന്ധന തുറമുഖത്തിനായുള്ള ചെലവ്. നിലവിലെ ഫിഷിങ് ഹാർബറിനും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനും ഇടയിലുള്ള സ്ഥലത്താണ് മത്സ്യബന്ധന തുറമുഖം നിർമ്മിക്കുക. രണ്ട് പാക്കേജുകളായാണ് പദ്ധതി. ഒന്നാം പാക്കേജിൽ മത്സ്യബന്ധന ബെർത്തും അനുബന്ധ വികസനങ്ങളും എവിപിപിഎൽ നടത്തും. 235 മീറ്റർ നീളത്തിൽ പുലിമുട്ടും 500 മീറ്ററിൽ ഫിഷിങ് ബെർത്തുമാണ് നിർമ്മിക്കുക. 146 കോടിയാണ് ചെലവ്. രണ്ടാം പാക്കേജിൽ 250 മീറ്ററിലെ പുലിമുട്ട് നിർമ്മിക്കുന്നതിന് 125 കോടിയാണ് ചെലവ്. ജെട്ടി, എൻജിൻ, നെറ്റ് ലോക്കർ റൂമുകൾ, ഓഫിസ്, ടോയ്‍ലെറ്റ് ബ്ലോക്കുകളും കാന്റീനും നിർമ്മിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.