
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യയിലേക്ക്. 23-ാമത് ഇന്ത്യ‑റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഡിസംബർ 4, 5 തീയതികളിലാണ് അദ്ദേഹം ന്യൂഡൽഹിയിൽ സന്ദര്‍ശനം നടത്തുക. യുക്രെയ്ൻ യുദ്ധത്തിനും, പാകിസ്ഥാനെതിരായ ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിനും ശേഷം പുടിൻ നടത്തുന്ന ആദ്യ സന്ദർശനമെന്ന നിലയിൽ ഇതിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രതിരോധ മേഖലയിലെ സഹകരണത്തിനാകും മുൻതൂക്കം. ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് കരുത്തേകാൻ എസ്-400 മിസൈൽ സംവിധാനത്തിന്റെ പുതിയ കരാറുകളിൽ ഒപ്പുവെച്ചേക്കും. ഇന്ത്യയുടെ ആയുധ ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം കുറയുന്ന സാഹചര്യത്തിലാണ് സന്ദർശനമെന്നതും ശ്രദ്ധേയം. 2009‑ൽ 76 ശതമാനമായിരുന്ന റഷ്യൻ ഇറക്കുമതി 2024‑ൽ 36 ശതമാനമായി കുറഞ്ഞിരുന്നു. ഫ്രാൻസ്, യുഎസ് തുടങ്ങിയ രാജ്യങ്ങളുമായുള്ള സഹകരണവും ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുമാണ് ഇതിന് കാരണം.
പുതിയ എസ്-400 കരാറിലൂടെ റഷ്യയുമായുള്ള ബന്ധം വീണ്ടും ശക്തമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. എസ്-400 സംവിധാനത്തിന്റെ കാര്യക്ഷമത കഴിഞ്ഞ മേയിൽ നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യത്തിലൂടെ തെളിയിക്കപ്പെട്ടിരുന്നു. ആദംപൂരിൽ വിന്യസിച്ചിരുന്ന എസ്-400 യൂണിറ്റ് 314 കിലോമീറ്റർ അകലെയുള്ള പാകിസ്ഥാൻ യുദ്ധവിമാനത്തെ വെടിവെച്ചിട്ടിരുന്നു. 300-ലധികം ലക്ഷ്യങ്ങളെ ഒരേസമയം ട്രാക്ക് ചെയ്യാനും, അഞ്ച് മിനിറ്റിനുള്ളിൽ സജ്ജമാകാനുമുള്ള ഇതിന്റെ കഴിവ് ഇന്ത്യയ്ക്ക് വലിയ മുതൽകൂട്ടാണ്.
ഇന്ത്യൻ വ്യോമസേനയ്ക്ക് നിലവിലുള്ളതിന് പുറമെ രണ്ടോ മൂന്നോ എസ്-400 റെജിമെന്റുകൾ കൂടി നൽകാൻ റഷ്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനായുള്ള ചർച്ചകൾ ഉച്ചകോടിയിൽ നടക്കും. നിലവിലെ കരാർ പ്രകാരം 5 എസ്-400 റെജിമെന്റുകളിൽ മൂന്നെണ്ണം റഷ്യ കൈമാറിക്കഴിഞ്ഞു. ബാക്കിയുള്ളവ 2026 പകുതിയോടെ ലഭ്യമാക്കുമെന്ന് റഷ്യൻ കമ്പനിയായ റോസ്റ്റെക് ഉറപ്പ് നൽകിയിട്ടുണ്ട്.
പുതിയ കരാറിന്റെ ഏറ്റവും വലിയ പ്രത്യേകത റഷ്യ മുന്നോട്ടുവെക്കുന്ന സാങ്കേതിക വിദ്യാ കൈമാറ്റമായിരിക്കും. മിസൈലുകളും അനുബന്ധ സംവിധാനങ്ങളും നിർമ്മിക്കുന്നതിനായുള്ള 50 % സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ റഷ്യ തയ്യാറാണ്. ഇത് തദ്ദേശീയ നിർമ്മാണത്തിന് കരുത്തേകും. 48എൻ6 മിസൈലുകളുടെ ഉല്പാദനത്തിലും സംയോജനത്തിലും ഇന്ത്യൻ കമ്പനികൾ കൂടി പങ്കാളികളാകുമെന്നാണ് റിപ്പോര്‍ട്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.