
വെനീസ് ചലച്ചിത്രമേളയില്‍ സില്‍വര്‍ ലയണ്‍ പ്രൈസ് സ്വന്തമാക്കി ഗാസ യുദ്ധ ചിത്രമായ ‘വോയിസ് ഓഫ് ഹിന്ദ് റജാബ്’. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ കൂട്ടക്കുരുതിയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയായ ഹിന്ദ് റജാബിന്റെ കഥയാണ് ഡോക്യുമെന്ററി പറയുന്നത്. കൗതര്‍ ബെന്‍ ഹാനിയയാണ് ‘വോയിസ് ഓഫ് ഹിന്ദ് റജാബ് ’ സംവിധാനം ചെയ്തിരിക്കുന്നത്. ഗാസയില്‍ നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കവെ റജാബും ബന്ധുക്കളും സഞ്ചരിച്ച കാറിനു നേരെ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ക്കുകയും പെണ്‍കുട്ടി ഒഴികെ ബാക്കിയുള്ളവര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് കാറില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഹിന്ദ് റജാബും കൊല്ലപ്പെട്ടു. വെടിവയ്പിന് തൊട്ടുമുമ്പ് പലസ്തീന്‍ റെഡ് ക്രെസന്റ് സൊസൈറ്റിയിലേക്ക് റജബ് നടത്തിയ ഒരു മണിക്കൂര്‍ നീണ്ട ഫോണ്‍ സംഭാഷണം അതേപടി ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചിട്ടുണ്ട്. വെനീസ് ചലച്ചിത്രമേളയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രം കൂടിയാണിത്.
ഇത് റജബിന്റെ മാത്രം കഥയല്ല മറിച്ച് വംശഹത്യക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന ഒരു പറ്റം ആളുകളുടെ കഥയാണെന്ന് കൗതര്‍ ബെന്‍ ഹാനിയ പറഞ്ഞു. ഹിന്ദിനെ തിരിച്ചുകൊണ്ടുവരാന്‍ തങ്ങള്‍ക്ക് സാധിക്കില്ല. പക്ഷേ ഹമാസിലെ ജനങ്ങളുടെ ശബ്ദം ലോകത്തെ കേള്‍പ്പിക്കാന്‍ തന്റെ ഡോക്യുമെന്ററിക്ക് സാധിക്കുമെന്ന് ഹാനിയ കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ സംവിധായകന്‍ ജിം ജാര്‍മസ്കിന്റെ ‘ഫാദര്‍ മദര്‍ സിസ്റ്റര്‍ ബ്രദര്‍’ എന്ന ചിത്രം ഒന്നാമതെത്തി. മാതാപിതാക്കളും മുതിര്‍ന്ന മക്കളും തമ്മിലുണ്ടാകുന്ന ആശയക്കുഴപ്പമാണ് ചിത്രത്തിന്റെ പ്രമേയം. ഇസ്രയേല്‍ പലസ്തീനില്‍ നടത്തിവരുന്ന കൂട്ടക്കുരുതിയില്‍ പ്രതിഷേധിക്കുന്ന ബാഡ്ജ് ധരിച്ചാണ് ജിം ജാര്‍മസ്ക് സമ്മാനം ഏറ്റുവാങ്ങാന്‍ വേദിയിലെത്തിയത്. ഇറ്റലിയുടെ ടോണി സെര്‍വിലോയും ചൈനയുടെ സിന്‍ ഷിലെയും മികച്ച നടനും നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു. ഹൊറൈസണ്‍സ് സൈഡ്ബാര്‍ എന്ന വിഭാഗത്തില്‍ ഇന്ത്യക്കാരിയായ അന്നപൂര്‍ണ റോയിയെ മികച്ച സംവിധായകയായി തെരഞ്ഞെടുത്തു. അവാര്‍ഡ് കൈപ്പറ്റുന്നതിനിടെ ടോണി സെര്‍വിലോ, അന്നപൂര്‍ണ റോയി ഉള്‍പ്പെടെ നിരവധി പേര്‍ ഗാസയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയും ഇസ്രയേലിന്റെ വംശഹത്യ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.