
തെരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ ബിജെപി നടപ്പാക്കുന്ന വോട്ട് മോഷണത്തിനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും ബിഹാര്‍ നിയമസഭാ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെയും നേതൃത്വത്തില്‍ ഇന്ത്യ സംഘം നടത്തിയ വോട്ട് അധികാര്‍ യാത്രയ്ക്ക് ഉജ്വല സമാപനം. ഈമാസം 17ന് ആരംഭിച്ച യാത്ര 1,300 കീലോമീറ്റര്‍ ദുരം സഞ്ചരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ജനാധിപത്യ ധ്വംസനം ജനങ്ങള്‍ക്കുമുമ്പില്‍ തുറന്നുകാട്ടിയത്. 25 ജില്ലകളിലായി 110 നിയമസഭാ മണ്ഡലങ്ങളിലൂടെയായിരുന്നു യാത്ര. സമാപന സമ്മേളനത്തിന്റെ ഭാഗമായി പട്നയിലെ ഗാന്ധി മൈതാനില്‍ നിന്നും ആരംഭിച്ച ബഹുജന റാലി അംബേദ്കര്‍ പാര്‍ക്കില്‍ സമാപിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷനും മോഡി-നീതിഷ് സര്‍ക്കാരുകള്‍ക്കുമെതിരെയുള്ള താക്കീതായും യാത്ര മാറി.
ബിഹാറില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേക അതിതീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം വഴി 56 ലക്ഷം വോട്ടര്‍മാരെ പുറന്തള്ളിയതടക്കം ജനകീയവിഷയങ്ങള്‍ ശ്രദ്ധയിലെത്തിക്കാന്‍ യാത്രയ്ക്ക് സാധിച്ചു. യാത്രയിലുടനീളം ആയിരക്കണക്കിന് പേരാണ് തങ്ങളുടെ പരാതികളുമായി ജാഥയില്‍ പങ്കെടുക്കാനെത്തിയത്. സിപിഐ, കോണ്‍ഗ്രസ്, സിപിഐ(എംഎല്‍) സിപിഐ(എം), വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി), ജെഎംഎം, എന്‍സിപി, ശിവസേന (യുബിടി), തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ യാത്രയുടെ ഭാഗമായിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി തുടങ്ങി ഒട്ടേറെ നേതാക്കള്‍ വിവിധയിടങ്ങളില്‍ യാത്രയെ അഭിസംബോധന ചെയ്തിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊരേന്‍, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജ, നാഗേന്ദ്രനാഥ് ഓജ, ബിഹാര്‍ സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡെ, സിപിഐ(എം) ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐ (എംഎല്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, വിഐപി നേതാവ് മുകേഷ് സാഹ്നി, ശിവസേന യുബിടി നേതാവ് സഞ്ജയ് റൗട്ട്, എന്‍സിപി നേതാവ് ജിതേന്ദ്ര അവാദ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപി യൂസഫ് പഠാന്‍ എന്നിവര്‍ സമാപന യോഗത്തില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.