സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ബിജെപിയിൽ പൊട്ടിപ്പുറപ്പെട്ട കലാപം അണയ്ക്കാൻ തീവ്രശ്രമവുമായി നേതൃത്വം. വിജയപ്രതീക്ഷ വച്ചുപുലർത്തിയ പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ തോൽവിയടക്കം ചർച്ചചെയ്യാൻ ഇന്ന് കൊച്ചിയിൽ ചേർന്ന ആദ്യ സംഘടനാ യോഗത്തിൽ നിന്ന് വിട്ടുനിന്ന നേതാക്കൾ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനോടുള്ള അതൃപ്തി പരസ്യമാക്കി. മുതിർന്ന നേതാക്കളായ പി കെ കൃഷ്ണദാസ്, എം ടി രമേശ്, എ എൻ രാധാകൃഷ്ണന്‍ എന്നിവരാണ് തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ നിന്ന് മാറി നിന്നത്. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം കൃഷ്ണദാസ് പക്ഷം കടുപ്പിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാന നേതാക്കളുടെ അസാന്നിധ്യം. എന്നാല്‍ കൃഷ്ണദാസ് പക്ഷത്തെ രണ്ടാംനിര നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ശോഭാ സുരേന്ദ്രനും യോഗത്തിനെത്തി.
അതേസമയം എതിർ വിഭാഗം രാജി ആവശ്യപ്പെടുന്നതിന് മുമ്പേ രാജി സന്നദ്ധത അറിയിച്ച കെ സുരേന്ദ്രന്റെ തന്ത്രം താൽക്കാലികമായി വിജയം കണ്ടു. പാർട്ടിയുടെ അധ്യക്ഷ പദവിയിൽ നിന്ന് കെ സുരേന്ദ്രനും മറ്റ് പദവികളിൽ നിന്ന് മറ്റ് നേതാക്കളും രാജിവയ്ക്കുന്നുവെന്ന വാർത്തകൾ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കർ നേരത്തെ തള്ളിയതോടെയാണ് ഔദ്യോഗിക പക്ഷത്തിന് ആശ്വാസമായത്. സുരേന്ദ്രന്റെ രാജിക്കായുള്ള മുറവിളിക്കിടെയാണ് ജാവഡേക്കർ സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികപക്ഷത്തെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചത്.
എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് നേതൃമാറ്റം ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തെ സമീപിക്കാൻ ഒരുങ്ങുകയാണ് കൃഷ്ണദാസ് പക്ഷം. വി മുരളീധരന്റെ പിന്തുണയും കൃഷ്ണദാസ് പക്ഷത്തിനുണ്ട്. ഇതുവരെ ഒപ്പം നിന്ന വി മുരളീധരനുമായുള്ള അകൽച്ച സൂചിപ്പിച്ചായിരുന്നു സുരേന്ദ്രൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. വി മുരളീധരൻ പ്രസിഡന്റായിരിക്കെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ തോൽവിയിൽ ആരും അധ്യക്ഷന്റെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു സുരേന്ദ്രന്റെ പരാമർശം. മുരളീധരനെ വീണ്ടും അധ്യക്ഷനാക്കാനുള്ള നീക്കങ്ങൾക്ക് തടയിടുന്നത് മുന്നിൽ കണ്ടായിരുന്നു സുരേന്ദ്രന്റെ ഈ പ്രതികരണം.
കൊച്ചിയിൽ ചേർന്ന യോഗത്തിലെ നേതാക്കളുടെ അസാന്നിധ്യത്തെ സുരേന്ദ്രൻ നിസാരവല്‍ക്കരിച്ചു. സംഘടനാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട പതിവ് യോഗമായതിനാൽ എല്ലാ നേതാക്കളും പങ്കെടുക്കണമെന്ന് നിർബന്ധമില്ലെന്നാണ് വിശദീകരണം. യോഗത്തിൽ 14 പേർ വന്നില്ലെന്നും എല്ലാ യോഗത്തിലും 100 ശതമാനം ആളുകൾ എത്തില്ലെന്നുമായിരുന്നു വിശദീകരിച്ചത്. എം ടി രമേശിനും കൃഷ്ണദാസിനും എ എൻ രാധാകൃഷ്ണനും ഒരു ഗ്രൂപ്പുമില്ല. അവർക്ക് ഒരു ഗ്രൂപ്പ് മാത്രമേ ഉള്ളൂവെന്നും അത് ബിജെപി ഗ്രൂപ്പാണെന്നും പറഞ്ഞാണ് സുരേന്ദ്രൻ ബിജെപിക്കുള്ളിലെ കലാപം മറച്ചുപിടിക്കാൻ ശ്രമിച്ചത്.
ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിൽനിന്ന് ഇതുവരെ റിപ്പോർട്ടുകൾ ലഭിക്കാത്തതിനാൽ അക്കാര്യം യോഗത്തിൽ ചർച്ചചെയ്തിട്ടില്ലെന്നും ഡിസംബര്‍ ഏഴ്, എട്ട് തീയതികളിൽ ചേരുന്ന സംസ്ഥാന നേതൃയോഗത്തിൽ ജില്ലകൾ നൽകുന്ന റിപ്പോർട്ട് വിശദമായി പരിശോധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. പാലക്കാട്ടെ തോൽവില്‍ പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് കയർക്കുകയായിരുന്നു സുരേന്ദ്രന്‍. ‘മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശരിയല്ല. ബിജെപിക്ക് വ്യക്തമായ പ്രക്രിയയുണ്ട്. പാർട്ടിപ്രവർത്തകരുടെ കാര്യം തങ്ങൾ നോക്കിക്കൊള്ളാം, മാധ്യമപ്രവർത്തകർ എന്തിനാണ് അതില്‍ ഇടപെടുന്നത്. ബിജെപിക്കെതിരെ പെയ്‌ഡ് വാർത്തകളാണ് പുറത്തുവരുന്നത് എന്നിങ്ങനെയായിരുന്നു വാദങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.