
അട്ടിമറിയിലൂടെ നേടിയെടുത്ത അധികാരത്തിന് നിയമസാധുത നേടിയെടുക്കുന്നതിനായി സെെനിക ഭരണകൂടം പ്രഖ്യാപിച്ച പൊതുതെരഞ്ഞെടുപ്പില്‍ മ്യാന്‍മര്‍ ജനത വോട്ടുചെയ്തു. സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്തിന്റെ വലിയൊരു ഭാഗം ഇന്നും സൈനിക വിരുദ്ധ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലോ അല്ലെങ്കില്‍ രൂക്ഷമായ പോരാട്ടം നടക്കുന്ന ഇടങ്ങളിലോ ആയതിനാല്‍ ആ പ്രദേശങ്ങളെ വോട്ടിംഗില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും ജനപ്രിയ രാഷ്ട്രീയ പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണ്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ നഗരങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന ആങ് സാന്‍ സൂചിയും അവരുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയും തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്ന് പാടെ അപ്രത്യക്ഷമായിരുന്നു. ഐക്യരാഷ്ട്രസഭയോ, പാശ്ചാത്യ ഭരണകൂടങ്ങളോ മ്യാന്മാറില്‍ ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പിനെ അംഗീകരിക്കുന്നില്ല. ചൈന, റഷ്യ, ഇന്ത്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ തെരഞ്ഞെടുപ്പ് നിരീക്ഷകരെ അയച്ചിട്ടുണ്ടെന്നാണ് സൈനിക നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
തെരഞ്ഞെടുപ്പ് ജനാധിപത്യത്തിലേക്കുള്ള മടക്കമാണെന്ന് സൈന്യം അവകാശപ്പെടുമ്പോഴും രാജ്യത്തിന്റെ പല ഭാഗങ്ങളിലും രൂക്ഷമായ പോരാട്ടം തുടരുകയാണ്. വോട്ടിങ്ങിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സഗൈങ് മേഖലയിലെ ഗ്രാമങ്ങളില്‍ സൈന്യം വ്യോമാക്രമണം നടത്തി. ബാഗോ മേഖലയില്‍ മൂന്ന് പോളിംഗ് സ്റ്റേഷനുകള്‍ക്ക് സമീപം സ്‌ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. തെക്കുകിഴക്കന്‍ മ്യാന്‍മറില്‍ സൈനിക അനുകൂല പാര്‍ട്ടിയായ യുഎസ്ഡിപി ഓഫിസിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി. രാഷ്ട്രീയ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതിന് പതിനായിരക്കണക്കിന് ആളുകളെയാണ് ഇതിനകം അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പിനെ വിമര്‍ശിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കടുത്ത നിയമങ്ങളാണ് ജൂലൈയില്‍ സൈന്യം ഏര്‍പ്പെടുത്തിയത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.