യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ ഫല സൂചനകളിൽ കമലയും ട്രംപും ഒപ്പത്തിനൊപ്പമാണ്.
ന്യൂ ഹാംപ്ഷയറിലെ ഡിക്സ്‍വിൽ നോച്ചിലാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. പ്രധാന സ്വിംഗ് സ്റ്റേറ്റായ വിസ്കോൺസിൻ ഉൾപ്പെടെ 25 സംസ്ഥാനങ്ങളിലും പോളിങ് ആരംഭിച്ചിട്ടുണ്ട്.നോർത്ത് കാരോലൈന, ജോർജിയ, മിഷിഗൻ, പെനിസിൽവേനിയ, ഫ്ലോറിഡ, ഇല്ലിനോയ് ലൂസിയാന, മേരിലാൻഡ്, മസാച്യുസിറ്റ്സ്, മിസോറി, റോഡ് ഐലൻഡ്, സൗത്ത് കാരോലൈന, വാഷിങ്ടൻ ഡിസി തുടങ്ങി പ്രധാന സംസ്ഥാനങ്ങളിലെല്ലാം പ്രാദേശിക സമയം രാവിലെ 7 മണി മുതൽ വോട്ടിങ് ആരംഭിച്ചു.
സ്വിംഗ് സ്റ്റേറ്റുകൾ തെരഞ്ഞെടുപ്പിൽ നിർണായകമാണ്. വോട്ടെടുപ്പ് ആരംഭിക്കുമ്പോൾ തന്നെ ഗണ്യമായ പോളിങ്ങാണ് ഈ സംസ്ഥാനങ്ങളിൽ കാണുന്നത്. 7.4 കോടി ആളുകൾ മുൻകൂർ വോട്ട് സൗകര്യം ഉപയോഗപ്പെടുത്തി ഇതിനോടകം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. 2020‑ൽ രേഖപ്പെടുത്തിയ മൊത്തം വോട്ടുകളുടെ പകുതിയോളമാണിത്. പ്രവർത്തി ദിനമാണ് അമേരിക്കയിൽ വോട്ടെടുപ്പ് നടക്കുന്നത്. മിക്ക ബൂത്തുകളിലും വലിയ തിരക്ക് അനുഭവപ്പെടുന്നതായാണ് റിപ്പോർട്ട്.
ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രധാന സംസ്ഥാനങ്ങളിലടക്കം ഡോണൾഡ് ട്രംപും കമല ഹാരിസും തമ്മിൽ നടക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, മൂന്ന് ഡസനിലധികം ഇന്ത്യൻ വംശജർ സംസ്ഥാന, പ്രാദേശിക തെരഞ്ഞെടുപ്പ്കളിലായി മത്സരിക്കുന്നുണ്ട്. കമല ഹാരിസ് ജയിച്ചാൽ ആദ്യത്തെ വനിതാ പ്രസിഡന്റാകും. ഡോണൾഡ് ട്രംപ് വീണ്ടും പ്രസിഡന്റായാൽ അതും വേറിട്ട ചരിത്രമാകും. 127 വർഷത്തിനുശേഷം, തുടർച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയാകും ട്രംപ്. പോളിങ് ശതമാനം ഇക്കുറി റെക്കോഡിലെത്തുമെന്നാണ് പ്രതീക്ഷ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.