
വിഎസ് രാഷ്ട്രീയത്തില്‍ വരുന്ന കാലത്ത് പൊതുവെ സമ്പന്നരും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരും ഒക്കെയായിരുന്നു ആ രംഗത്തുണ്ടായിരുന്നത്. ടി വി തോമസ്, പി ടി പുന്നൂസ്, കെ സി ജോര്‍ജ് തുടങ്ങിയവരെല്ലാം വലിയ കുടുംബങ്ങളില്‍ നിന്നുള്ള അഭ്യസ്തവിദ്യരായിരുന്നു. കെ വി പത്രോസ്, സെെമണ്‍ ആശാന്‍ തുടങ്ങിയവര്‍ മാത്രമായിരുന്നു വ്യത്യസ്തരായിരുന്നത്. എകെജി, നായനാര്‍, ഇഎംഎസ്, കെ ദാമോദരന്‍ എന്നിവരെല്ലാം ജന്മി — നാടുവാഴിത്ത കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. പി കൃഷ്ണപിള്ള അതിനപവാദമായിരുന്നു. സമാനമായി, ഒരു സാധാരണ കുടുംബത്തിലെ, അധഃസ്ഥിതരായി കരുതപ്പെട്ടിരുന്ന ഈഴവ കുടുംബത്തിലെ അംഗമായിരുന്നു വിഎസ്. പാവപ്പെട്ടവനെങ്കിലും പുരോഗമനാശയക്കാരനായിരുന്നു പിതാവ് പ്രധാനി ശങ്കരന്‍. സാമൂഹിക അസമത്വത്തിനെതിരെ പ്രവര്‍ത്തിച്ചിരുന്നതുകൊണ്ട് ശങ്കരനെ നാരായണ ഗുരുവാണ് പ്രധാനി എന്ന് വിളിച്ചത്. തൊഴിലാളി സംഘടനകളെന്ന പോലെ കുട്ടനാട്ടിലെ കൃഷിപ്പണിക്കാരായ പാവപ്പെട്ടവരെ സംഘടിപ്പിക്കാന്‍ 17-ാം വയസിലാണ് പി കൃഷ്ണപിള്ള, വിഎസിനെ നിയോഗിച്ചത്. അങ്ങനെ അടിമവേല ചെയ്തിരുന്ന പുലയരെയും കുറവരെയും ബോധവല്‍ക്കരിച്ചുകൊണ്ടാണ് അച്യുതാനന്ദന്‍ സംഘാടനം തുടങ്ങിയത്. ഒരു മാസംകൊണ്ട് തൊഴിലാളികളുടെ ഒരു യൂണിറ്റും ഒരു വര്‍ഷംകൊണ്ടും യൂണിയനും ഉണ്ടാക്കി. കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ക്ലാസുകളാണ് വിഎസിനെ കരുത്തുള്ള കമ്മ്യൂണിസ്റ്റാക്കി മാറ്റിയത്. പുന്നപ്ര‑വയലാര്‍ സമരത്തെത്തുടര്‍ന്ന് ജയിലിലായിരുന്ന വിഎസ്, പട്ടംതാണുപിള്ള മന്ത്രിസഭ സമരസഖാക്കളെ വെറുതെ വിട്ടപ്പോഴാണ് പുറത്തിറങ്ങിയത്. ഈ ലേഖകന്‍ അന്ന് നാലിലോ അഞ്ചിലോ പഠിക്കുകയായിരുന്നു. ടി വി തോമസ് ഉള്‍പ്പെടെയുള്ള പുന്നപ്ര സമരസഖാക്കള്‍ക്ക് പിരപ്പന്‍കോട് സ്വീകരണം നല്‍കിയത് ഓര്‍മ്മയിലുണ്ട്.
1948ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചപ്പോള്‍ കലാസമിതികള്‍, യുവജന സംഘടനകള്‍, വായനശാലകള്‍ എന്നിവ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. അക്കാലത്താണ് വള്ളികുന്നത്ത് തോപ്പില്‍ ഭാസിയുടെ നേതൃത്വത്തില്‍ യുവജനസംഘം ഉണ്ടായത്. 1952ല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ വിഎസ്, പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകള്‍ ചേര്‍ത്ത് പാര്‍ട്ടി രൂപീകരിച്ച ജില്ലാ കമ്മിറ്റിയായിരുന്നു അത്. 1957ലെ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ 10ല്‍ എട്ട് സീറ്റും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേടി.
1954ലായിരുന്നു കേരള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സമ്മേളനം. അന്ന് സംസ്ഥാന കമ്മിറ്റിയിലെത്തിയ വിഎസ് 1956ല്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗമായി. 1958ലെ ദേവികുളം ഉപതെരഞ്ഞെടുപ്പ് ചുമതല വി എസിനായിരുന്നു. അതേ കാലത്താണ് അമൃത്‌സര്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്. അതുകൊണ്ട് പങ്കെടുക്കാനായില്ലെങ്കിലും വി എസിനെ ദേശീയ കൗണ്‍സിലിലേക്ക് തെരഞ്ഞെടുത്തു. കര്‍ക്കശക്കാരന്‍ എന്ന വിശേഷണം വി എസിന് മുമ്പേ ഉണ്ടെങ്കിലും പാര്‍ട്ടിയിലെ വിഭാഗീയത ഇതിന്റെ ഭാഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചു. 1991ലെ തീരുമാനത്തിന്റെ മറവിലാണ് അങ്ങനെയൊരു ദുരാരോപണം ചിലര്‍ ഉയര്‍ത്തിയത്. അന്ന് ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 13 എണ്ണത്തിലും എല്‍ഡിഎഫ് വിജയിച്ചു. തൊട്ടടുത്ത് വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനായി മന്ത്രിസഭ പിരിച്ചുവിടാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. ഇ കെ നായനാരെ പാര്‍ട്ടി ചുമതലകളിലേക്കും അച്യുതാനന്ദനെ പാര്‍ലമെന്ററി ചുമതലകളിലേക്കും മാറ്റാനുള്ള പാര്‍ട്ടി തീരുമാനമായിരുന്നു പിന്നില്‍. എന്നാല്‍ രാജീവ് ഗാന്ധി വധം നടന്നതോടെ എല്‍ഡിഎഫ് തോറ്റു. ഇതോടെ വിഎസിന് മുഖ്യമന്ത്രിയാകാനുള്ള മോഹം കൊണ്ട് മന്ത്രിസഭ രാജിവയ്പിക്കുകയായിരുന്നു എന്ന പ്രചരണം ചിലര്‍ നടത്തി.
1996ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ വിഎസ് മുഖ്യമന്ത്രിയാകുമെന്നായിരുന്നു ധാരണ. പക്ഷെ വിഎസ് തോറ്റു. പാര്‍ട്ടിയിലെ തന്നെ ചില കേന്ദ്രങ്ങള്‍ അതിന് പിന്നിലുണ്ടെന്ന് പിന്നീട് പുറത്തുവന്നതാണ്. അന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നായനാരുടെ പേര് വിഎസ് നിര്‍ദേശിച്ചു. തുടര്‍ന്ന് എല്‍ഡിഎഫ് കണ്‍വീനറായ വിഎസ് അഴിമതിക്കെതിരെ ശക്തമായി ഇടപെട്ടു. ഇഎംഎസിനും നായനാര്‍ക്കും ചടയനും ശേഷം ധീരമായ നിലപാടെടുത്ത വിഎസിന് പാര്‍ലമെന്ററി വ്യാമോഹമുള്ള പുതിയ തലമുറയുടെ രീതികളോട് വിയോജിപ്പുണ്ടായിരുന്നു. ദേശാഭിമാനി ചീഫ് എഡിറ്ററായിരുന്ന വിഎസ് മാധ്യമപ്രവര്‍ത്തനം വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. മികച്ച ഗ്രന്ഥകാരനാണ്. എട്ട് കൃതികളും 186 ലേഖനങ്ങളുമെഴുതി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടെടുത്തതുകൊണ്ട് വെട്ടിനിരത്തല്‍ നടത്തിയെന്ന അപഖ്യാതി കേള്‍ക്കേണ്ടി വന്നു. കേരളത്തിന്റെ പരിസ്ഥിതി സന്തുലനത്തിന് നെല്‍വയല്‍ സംരക്ഷിക്കണമെന്ന കാര്‍ഷിക സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
മുല്ലപ്പെരിയാര്‍ പ്രശ്നം പൊതുശ്രദ്ധയില്‍ കൊണ്ടുവരുന്നത് വിഎസ് പ്രതിപക്ഷ നേതാവായിരിക്കുമ്പോഴാണ്. 2003ല്‍ സ്ഥലം സന്ദര്‍ശിച്ച് വിശദമായ പഠനം നടത്തി. 2006ല്‍ മുഖ്യമന്ത്രിയായിരിക്കെ കരുണാനിധിയെ കണ്ട് ചര്‍ച്ച ചെയ്ത് സമവായമുണ്ടാക്കി. പ്രശ്ന പഠനത്തിന് സമിതിയും രൂപീകരിച്ചു.
ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ ശക്തിപ്പെടുത്തി പുരോഗമന കലാസാഹിത്യ സംഘം രൂപീകരിക്കുന്നത് വിഎസ് സെക്രട്ടറിയായിരിക്കെയാണ്. സ്റ്റഡി സര്‍ക്കിളിന്റെ അധ്യക്ഷന്‍ വെെലോപ്പിള്ളി ആയിരുന്നു. സംഘടന രൂപീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ പാര്‍ട്ടി അംഗങ്ങള്‍ മാത്രമായിരിക്കണം അതില്‍ വേണ്ടതെന്ന അഭിപ്രായം ശക്തമായി. കണ്ണൂര്‍ മേഖലയില്‍ നിന്നുള്ള നേതാക്കളാണ് ഈ വാദം പ്രധാനമായും ഉയര്‍ത്തിയത്. എറണാകുളത്തായിരുന്നു സ്റ്റഡി സര്‍ക്കിള്‍ യോഗം. ഈ ലേഖകന്‍, എം എന്‍ കുറുപ്പ്, എരുമേലി പരമേശ്വരന്‍പിള്ള, പി ഗോവിന്ദപിള്ള, ടി കെ രാമകൃഷ്ണന്‍ എന്നിവരായിരുന്നു ഉപസമിതിയിലുണ്ടായിരുന്നത്. യോഗം തുടങ്ങുന്നതിന് മുമ്പേ വെെലോപ്പിള്ളി ഹാളിലെത്തിയിരുന്നു. തൊട്ടടുത്ത മുറിയില്‍ ഉപസമിതിയുമായി വിഎസ് ചര്‍ച്ച നടത്തി. പാര്‍ട്ടി അംഗമല്ലെങ്കിലും പുരോഗമന ചിന്തകളുള്ള ആരെയും സംഘടനയിലുള്‍പ്പെടുത്താമെന്ന് തീരുമാനമുണ്ടായി. യോഗം കഴിഞ്ഞ് ഹാളില്‍ ആദ്യമെത്തിയ എന്നോട് വെെലോപ്പിള്ളി ചോദിച്ചു ‘എന്താ മുരളീ കറുത്ത പുകയോ വെളുത്ത പുകയോ’. ‘വെളുത്ത പുക’ എന്ന് ഞാന്‍ മറുപടി പറഞ്ഞു. ‘ആ വിദ്വാന്‍ (വിഎസ്) വന്നിരുന്നിട്ടും അങ്ങനെ തീരുമാനിച്ചോ?’ വിഎസ് കടുംപിടിത്തക്കാരനാണെന്നും കടുത്ത തീരുമാനമായിരിക്കും എന്നുമാണ് വെെലോപ്പിള്ളി ധരിച്ചിരുന്നത്. വെെകാതെ മുറിയില്‍ നിന്നും ഹാളിലെത്തിയ വിഎസിനെ കെട്ടിപ്പിടിച്ചുകൊണ്ട് വെെലോപ്പിള്ളി പറഞ്ഞു ‘വിഎസേ എന്നെക്കൂടി നിങ്ങളുടെ അടുത്ത ഫ്രാക്ഷനില്‍ വിളിക്കണേ’. ‘ശ്രമിക്കാം’ എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് വിഎസ് ഇറങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.