ആധുനികകേരളത്തിന്റെ നവോത്ഥാന പ്രവർത്തനങ്ങളെ വിശകലനം ചെയ്യുമ്പോൾ ഒരു പ്രകാശഗോപുരം പോലെ തിളങ്ങുന്ന നാമമാണ് വി ടി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെടുന്ന വെള്ളിത്തിരുത്തിതാഴത്ത് രാമൻ ഭട്ടതിരിപ്പാടിന്റേത്. ജാതിവ്യവസ്ഥയെന്ന നീരാളി അടിമുടി ചുറ്റിവരിഞ്ഞ സമൂഹം. ജാത്യാചാരാനുഷ്ഠാനങ്ങളാൽ അന്ധത പടർന്ന കാലം. അത്തരം ഇരുണ്ടകാലത്തിലൂടെയാണ് 19-ാം നൂറ്റാണ്ട് കടന്നുപോയത്. ആ നൂറ്റാണ്ടിന്റെ ഒടുവിൽ 1888 ലാണ് സാമൂഹ്യവിപ്ലവത്തിന് വഴിതെളിയിച്ചുകൊണ്ട് ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത്. അരുവിപ്പുറത്തുനിന്നും ഒരു പുത്തൻപ്രകാശം കേരളമാകെ പടർന്നു. ആ പ്രകാശപ്രവാഹം ഏറ്റുവാങ്ങിയ നവോത്ഥാനനായകരിൽ പ്രധാനിയാണ് വി ടി ഭട്ടതിരിപ്പാട്. മലബാറിന്റെ ഭാഗമായ പൊന്നാനി താലൂക്കിലെ മേഴത്തൂർ വില്ലേജിൽ 1896 മാർച്ച് 26 നാണ് വി ടിയുടെ ജനനം. മിത്തും യാഥാർത്ഥ്യവും ഒത്തുചേർന്ന പ്രദേശമാണ് മേഴത്തൂർ ഗ്രാമം. പറയിപെറ്റ പന്തിരുകുലത്തിലെ വരരുചിയെന്ന ബ്രാഹ്മണശ്രേഷ്ഠൻ ജന്മം നല്കിയ മേഴത്തോൾ അഗ്നിഹോത്രിയുടെയും പാക്കനാരുടേയും പൂർവഗ്രാമമെന്ന ഖ്യാതിയും മേഴത്തൂരിനുണ്ട്. വെള്ളിത്തിരുത്തിതാഴത്ത് ഇല്ലത്തെ തുപ്പൻ ഭട്ടതിരിപ്പാടിന്റേയും ശ്രീദേവി അന്തർജനത്തിന്റെയും രണ്ടാമത്തെ മകനായിരുന്നു വി ടി. അമ്മയുടെ പൂർവഭവനം അങ്കമാലി കിടങ്ങൂർ കൈപ്പിള്ളിമനയാണ്. ജാതിശ്രേണിയിൽ ഉന്നതരായിരുന്നു നമ്പൂതിരിമാർ. എന്നാൽ ആ സമുദായത്തിനകത്ത് അപ്ഫൻമാരും അന്തർജനങ്ങളും വിവേചനപരവും ദുഃസഹവുമായ ജീവിതമാണ് അനുഭവിച്ചിരുന്നത്. 64 ആചാരാനുഷ്ഠാനങ്ങൾക്കൊണ്ട് ബന്ധിതമായിരുന്നു അവരുടെ ജീവിതം. ഇത് പുറംലോകം അറിയുകയോ മനസിലാക്കുകയോ ചെയ്തിരുന്നില്ല. അയിത്തം, അനാചാരം, അസ്പർശ്യത, ഉച്ഛനീചത്വം തുടങ്ങിയ ജാത്യാചാരങ്ങൾക്കെതിരെ പ്രതികരണങ്ങൾ ഉണ്ടായിത്തുടങ്ങി. സമുദായങ്ങളിൽ ഉല്പതിഷ്ണുക്കൾ പ്രതിഷേധവുമായി രംഗത്തുവന്നു. അതിന് പ്രധാനകാരണം ശ്രീനാരായണസന്ദേശങ്ങളുടെ പ്രചാരണങ്ങളായിരുന്നു. 1903ൽ രൂപീകരിക്കപ്പെട്ട ശ്രീനാരായണധർമ്മപരിപാലനയോഗം മാതൃകയിൽ സമുദായസംഘടനകൾ രൂപമെടുത്തു. 1907‑ലാണ് യോഗക്ഷേമ സഭ രൂപീകരിച്ചത്. അധികം വൈകാതെ നമ്പൂതിരി യുവാക്കൾ ‘യുവജനസംഘം’ സംഘടിപ്പിച്ചു. നമ്പൂതിരി സമുദായത്തിൽ കനിഷ്ഠപുത്രനൊഴികെ മറ്റ് ആൺമക്കളെല്ലാം അപ്ഫൻ സ്ഥാനക്കാരാണ്. പിറവിൽ അപ്ഫനായിരുന്ന വി ടിയുടെ സമാവർത്തനം ഒമ്പതാംവയസിൽ കഴിഞ്ഞു. തുടർന്ന് നാല് വർഷം വേദാധ്യയനം കഴിച്ചു. എന്നിട്ടും പള്ളിക്കൂടം വിദ്യാഭ്യാസം തരപ്പെട്ടില്ല. അക്ഷരവിദ്യ പഠിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. മുണ്ടമൂകശാസ്താംകോവിലിൽ ശാന്തിപ്പണി ചെയ്തകാലത്ത് അമ്പലവട്ടത്തുള്ള അമ്മുക്കുട്ടിയെന്ന തിയ്യാടിപെൺകുട്ടിയിൽ നിന്നാണ് ആദ്യമായി അക്ഷരവിദ്യ പഠിച്ചെടുത്തത്. അപ്പോൾ വി ടിക്ക് പ്രായം 17 ആയിരുന്നു. തുടർന്നാണ് പെരിന്തൽമണ്ണ ഹെെസ്കൂളിൽ ചേർന്നത്. അവിടെ പഠനം തുടരാനായില്ല. പിന്നീടാണ് തൃശൂർ നമ്പൂതിരി വിദ്യാലയത്തിൽ വിദ്യാർത്ഥിയായി ചേർന്നത്. ദേശീയ പ്രസ്ഥാനവും സത്യാന്വേഷണകനായ ഗാന്ധിജിയും വി ടിയുടെ ഹൃദയം കവർന്നു. പൊതുപ്രവർത്തന രംഗത്തേക്ക് വരാൻ മടിച്ചുനിന്നിരുന്ന വി ടിയുടെ വൈക്ലബ്യം മാറ്റിയത് തൃശൂരിലെ തന്റെ സുഹൃത്ത് കെ കെ വാരിയരായിരുന്നു. കമ്മ്യൂണിസ്റ്റ് ആശയപ്രചാരണം നന്നേ ചെറുപ്പത്തിലെ നടത്തിയിരുന്ന കെ കെ വാരിയർ പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിനേതാവും തൃശൂർ എം പിയുമായി. സമുദായപരിഷ്കരണത്തിനൊപ്പം സാമൂഹ്യമാറ്റവും ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവർത്തനത്തിനാണ് വി ടിയും കൂട്ടുകാരും നേതൃത്വം കൊടുത്തത്. നമ്പൂതിരിമാരുടെ പരിഷ്കരണ പ്രസ്ഥാനത്തെ അപ്ഫൻമാരുടെ സംഘമെന്നാണ് വിളിച്ചിരുന്നത്. വി ടി, ഇ എം എസ്, പ്രേംജി, എം ആർ ബി തുടങ്ങി യുവജനസംഘത്തിന്റെ പ്രധാനപ്രവർത്തകരെല്ലാം അപ്ഫൻമാരായിരുന്നു. യോഗക്ഷേമസഭയുടെ സമ്മേളനത്തിൽ ഇഎംഎസ് നടത്തിയ അധ്യക്ഷപ്രസംഗം യുവജനസംഘത്തിന്റെ പ്രവർത്തനരേഖയായി. ‘നമ്പൂതിരിയെ മനുഷ്യനാക്കുക’ എന്ന ആഹ്വാനമാണ് ഇഎംഎസ് നടത്തിയത്. വിദ്യാഭ്യാസം, ഭാഗാവകാശം, സ്വജാതിവിവാഹം, സ്ത്രീവിദ്യാഭ്യാസം, ഘോഷബഹിഷ്കരണം എന്നീ ആവശ്യങ്ങൾക്കൊപ്പം കൂട്ടുകുടുംബവ്യവസ്ഥ നശിപ്പിക്കുക, ഏതുതൊഴിലും ചെയ്യാൻ നമ്പൂതിരിയെ പ്രാപ്തനാക്കുക, അയിത്തം ഇല്ലാതാക്കുക, അമ്പലങ്ങളിലെ ദുർവ്യയം അവസാനിപ്പിക്കുക, ജാതി-മത വ്യത്യാസമോ, കുലമഹിമയോ കൂടാതെ സർവരെയും സമന്മാരായി കണ്ട് ജീവിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും മുന്നോട്ടുവച്ചുകൊണ്ടാണ് വി ടി യുവജനസംഘത്തെ നയിച്ചത്. സാമുദായിക നവോത്ഥാനത്തിന്റെ നാഴികകല്ലാണ് വി ടിയുടെ നായകത്വത്തിൽ നടന്ന വിധവാവിവാഹം. ബഹുഭാര്യാത്വത്തിന്റെയും അകാലവൈധവ്യത്തിന്റെയും നിത്യകന്യകാത്വത്തിന്റെയും ദുർവിധിയിൽ ഞെരിഞ്ഞമർന്ന ജീവിതം തള്ളിനീക്കിയിരുന്നവരാണ് നമ്പൂതിരി സമുദായത്തിലെ ബഹുഭൂരിപക്ഷം സ്ത്രീകളും. സ്ത്രീവിമോചനത്തിനായുള്ള ആവേശഭരിതമായ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ഒരു ആചാരലംഘന ആശയമായിരുന്നു വിധവാവിവാഹം. വി ടി തന്റെ സുഹൃത്തുക്കളുമായി ഈ ആശയം പങ്കുവച്ചു. അതോടൊപ്പം ഭാര്യ ശ്രീദേവിയുമായും സംസാരിച്ചു. അവരുടെ സഹോദരി നങ്ങേമയെന്നു വിളിക്കുന്ന ഉമാ അന്തർജ്ജനം ഭർത്താവ് വി ടി നാരായണൻ നമ്പൂതിരി മരണപ്പെട്ടശേഷം വിധവാജീവിതമാണ് പുലർത്തിയിരുന്നത്. യുവജനസംഘം പ്രവർത്തകൻ എംആർബി ഉമയെ വിവാഹം കഴിക്കാൻ സന്നദ്ധനായി മുന്നോട്ട് വന്നു. പ്രമുഖവ്യക്തിത്വങ്ങൾ പങ്കെടുത്ത സദസിന്റെ സാന്നിധ്യത്തിൽ വിവാഹം സമംഗളം നടന്നു. സാമൂഹികവിപ്ലവത്തിന് തുടക്കുംക്കുറിച്ച് നമ്പൂതിരി സമുദായത്തിലെ ആദ്യവിധവാവിവാഹം ചരിത്രസംഭവമായി മാറി. സ്ത്രീവിമോചനപ്രവർത്തനവുമായി വി ടി വീണ്ടും മുന്നോട്ടുപോയി. സഹോദരി പാർവ്വതിയെ രാഘവപ്പണിക്കർക്ക് വിവാഹം ചെയ്തു കൊടുത്തു. ഭാര്യസഹോദരി പ്രിയദത്ത അന്യസമുദായത്തിൽപ്പെട്ടയാളും കമ്മ്യൂണിസ്റ്റുമായ കല്ലാട്ട് കൃഷ്ണനെ വിവാഹം കഴിക്കുന്നത് വി ടി അനുകൂലിച്ചിരുന്നു. വി ടിയും മിശ്രവിവാഹിതനായിരുന്നു. ഇരുപത്തിയെട്ടാംവയസിൽ വി ടി വിവാഹം കഴിച്ചത് തൃത്താല വടക്കേവാരിയത്ത് മാധവിക്കുട്ടി വാരസ്യാരെയാണ്.
സമുദായത്തിലെ അപ്ഫൻമാർ സ്വജാതിവിവാഹത്തിന് തയാറാകണമെന്ന യുവജനസംഘം സുഹൃത്തുക്കളുടെ നിർദേശത്തിനുവഴങ്ങി ഇട്യാമ്പറത്ത് വാസുദേവൻ നമ്പൂതിരിയുടെ മകൾ ശ്രീദേവി അന്തർജ്ജനത്തെ 1930 ജൂൺ 13 ന് ഭാര്യയായി സ്വീകരിച്ചു. യുവജനസംഘത്തിന്റെ ഓർഗനൈസിങ് സെക്രട്ടറിയായി വി ടി ചുമതലവഹിച്ചിരുന്നപ്പോഴാണ് മറ്റൊരു ആചാരലംഘനം കൂടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. കലയെയും സാഹിത്യത്തെയും സാമൂഹ്യമാറ്റത്തിനു വേണ്ടി വിനിയോഗിക്കുകയെന്ന നിലപാടിൽ അടിയുറച്ചു നിന്നയാളാണ് വി ടി. അദ്ദേഹത്തിന്റെ എഴുത്തും സംസ്കാരിക പ്രവർത്തനങ്ങളും വിചാരവിപ്ലവത്തിന്റെ ആയുധങ്ങളായിരുന്നു. ജീവിതത്തിന്റെ പ്രതിഭാസങ്ങൾ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയായാണ് കലയെ കണ്ടത്. കലകൊണ്ട് മനുഷ്യചിന്തയെ മാറ്റിയെടുക്കാനാകുമെന്ന പ്രതീക്ഷകളിൽ നിന്നാണ് “അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ എന്ന നാടകത്തിന് വി ടി രൂപം കൊടുത്തത്. ഈ നാടകത്തിനുമുമ്പ് സമുദായത്തിലെ സ്ത്രീജനങ്ങളെ സ്വാധീനിച്ച സാഹിത്യസൃഷ്ടി ‘ഇന്ദുലേഖ’ എന്ന നോവലായിരുന്നു. പ്രേമം അഥവാ പ്രേമത്തിലൂടെയുള്ള വ്യക്തിത്വപ്രകാശനം ഈ നോവലിന്റെ ഉള്ളടക്കത്തിൽ പ്രധാനമായിരുന്നു. എന്നാൽ അത് “അടുക്കളയിൽ നിന്ന അരങ്ങത്തേക്ക്’ എന്ന നാടകം പോലെ സ്ഫോടനാത്മക സ്ഥിതി സൃഷ്ടിക്കുകയുണ്ടായില്ല. ഈ നാടകത്തിനുശേഷം എംആർബി. രചിച്ച ‘മറക്കുടയ്ക്കുള്ളിലെ മഹാനരകം’ പ്രേംജിയുടെ ‘ഋതുമതി’ കെ ദാമോദരന്റെ ‘പാട്ടബാക്കി’ എന്നീ നാടകങ്ങൾ ജന്മിത്വത്തേയും ജാത്യാചാരങ്ങളേയും വിമർശനാത്മകമായി കീറിമുറിക്കുകയുണ്ടായി. 1923 ലാണ് വി ടി തൃശൂർ യോഗക്ഷേമം കമ്പനിയിൽ ഗുമസ്തപ്പണിക്ക് കയറിയത്. മംഗ്ലോദയം പ്രസിൽ പ്രൂഫ് റീഡറായി ജോലി ചെയ്തു. യോഗക്ഷേമം, ഉണ്ണിനമ്പൂതിരി എന്നീ പ്രസിദ്ധീകരണങ്ങളിലും പങ്കാളിയായി. ഒരിടക്കാലത്ത് ഉണ്ണിനമ്പൂതിരി മാസികയുടെ പ്രസാധകൻ എന്ന ഉത്തരവാദിത്തവും ഏറ്റെടുത്തു. ശാസ്ത്രവബോധം, യുക്തിചിന്ത, സ്വാതന്ത്യ്രബോധം, തുല്യതാബോധം തുടങ്ങിയ പുരോഗമന ആശയങ്ങളിൽ വി ടി ആകൃഷ്ടനായി. വി ടിയിൽ സംഘടനാ വൈഭവം നാമ്പെടുത്തതും ഈ കാലയളവിലാണ്. ചരിത്രം സൃഷ്ടിച്ച ‘യാചനായാത്ര’ അതിന്റെ ഒരു ദൃഷ്ടാന്തമാണ്. തൃശൂരിലെ നമ്പൂതിരി വിദ്യാലയത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായിരുന്നതിനാൽ പ്രവർത്തനം ശോചനീയവസ്ഥയിലായി. വിദ്യാലയത്തിന്റ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ പണസമാഹരണം കൂടിയേതീരൂ എന്നുവന്നു. അതിനുള്ള സംരംഭം എന്ന നിലയിൽ “യാചനയാത്രയ്ക്ക്’ പ്ലാനിട്ടു. പണത്തിനൊപ്പം ഉല്പന്നങ്ങളും ശേഖരിക്കണമെന്ന് തീരുമാനിച്ചു. 26 യുവാക്കൾ യാത്രയിലെ സ്ഥിരാംഗങ്ങളാകാൻ മുന്നോട്ട് വന്നു. ഇഎം എസിനെപ്പോലുള്ള പ്രവർത്തകർ യാത്രയുടെ ഭാഗമായി. സ്ഥിരാംഗങ്ങളിൽ പി എസ് നമ്പൂതിരിയും ഉണ്ടായിരുന്നു. 1931 മാർച്ച് 13 മുതൽ മെയ് 12 വരെയായിരുന്നു തൃശൂർ മുതൽ ചന്ദ്രഗിരിപ്പുഴവരെയുള്ള പദയാത്ര. ഗുരുവായൂർ ക്ഷേത്രപ്രവേശനപ്രക്ഷോഭം ആരംഭിച്ച സന്ദർഭത്തിലാണ് വി ടിയും കുടുംബവും താമസം തൃത്താല, ആലൂരിൽ നിർമ്മിച്ച രസികസദനത്തിലേക്ക് മാറ്റിയത്. ക്ഷേത്രപ്രവേശനത്തിനനുകൂലമായ പ്രചാരണ പ്രവർത്തനങ്ങളിൽ വി ടി സജീവമായിരുന്നു. റഫറണ്ടത്തിനായി രൂപീകരിച്ച ഏഴംഗസമിതിയുടെ നേതാവ് വി ടിയായിരുന്നു. പ്രവർത്തനങ്ങളെ നിരീക്ഷിക്കാൻ ഗാന്ധിജിയുടെ നിർദേശപ്രകാരം കസ്തൂർബാഗാന്ധി, ഊർമ്മിളദേവി, രാജഗോപാലാചാരി തുടങ്ങിയ നേതാക്കൾ എത്തിയിരുന്നു. 73.2 ശതമാനം സവർണവിഭാഗം ജനങ്ങൾ ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചു. മാമൂലുകളെ മുറുകെ പിടിക്കുന്ന പുരോഹിത നേതൃത്വം ഹിതപരിശോധനാഫലം അംഗീകരിക്കുവാൻ തയാറായില്ല. ഇതിൽ പ്രതിഷേധിച്ച് വി ടി ഒരു ലേഖനം “യുവദീപ’ ത്തിൽ എഴുതി. പിന്നീട് ഉണ്ണിനമ്പൂതിരി മാസിക ഇത് പുനഃപ്രസിദ്ധീകരിച്ചു. ‘ഇനി നമുക്ക് അമ്പലങ്ങൾക്ക് തീ കൊളുത്താം’ എന്നായിരുന്നു ലേഖനത്തിന്റെ തലവാചകം. ലേഖനമെഴുതിയതിന്റെ പേരിൽ കൊച്ചി രാജാവ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഇതിനെതുടർന്ന് പേരാമംഗലത്തു ചേർന്ന യോഗക്ഷേമസഭായോഗത്തിൽ വച്ച് അധ്യക്ഷൻ സമുദായഭ്രഷ്ട് പ്രഖ്യാപിച്ചു. മിശ്രഭോജനം നടത്തുകയും ഹരിജനങ്ങളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുകയും ഈഴവസന്യാസിയെ പൂജാരിയാക്കുകയും ചെയ്യുന്നതിന് നേതൃത്വം നല്കിയ വി ടി ആ ബഹിഷ്ക്കരണാഹ്വാനത്തെ പുച്ഛിച്ചുതള്ളി. തൂലികയാണ് തന്റെ പടവാളെന്ന് വി ടി ഒരിക്കൽ കൂടി തെളിയിച്ചു. ഭാഷാശുദ്ധിയും മാനവികതയിലൂന്നിയ ആശയവും വി ടിയുടെ എഴുത്തിന്റെ പ്രത്യേകതയായിരുന്നു. മനുഷ്യന്റെ മാറ്റ് ഉരച്ചുനോക്കുന്ന ഉരകല്ലായിരുന്നു വി ടിക്ക് സംസ്കാരം. ശാസ്ത്രത്തിന്റെ അനന്തസാധ്യതകളിലേക്ക് കടന്നുചെല്ലാനുള്ള വാതിലായിരുന്നു അദ്ദേഹത്തിന്റെ യുക്തിവാദം. സ്ഥിതിസമത്വവും മാനവികതയും കാലഘട്ടത്തിന്റെ ആവശ്യമെന്ന നിലയിൽ ഉയർത്തിപ്പിടിച്ചു. സ്ത്രീവിമോചനസങ്കല്പം വി ടിയുടെ ചിന്തകളിലെ അഗ്നിയും മനസിൽ പൂത്തുലഞ്ഞു നിൽക്കുന്ന പൂമരവുമായിരുന്നു. സ്ത്രീയായിരുന്നു വി ടിയുടെ കഥകളിലെ പ്രമേയം. ഏതൊരാശയത്തേയും സഹജമായ വാഗ്വൈഭവത്തോടെ അപഗ്രഥിക്കാനും വ്യാഖ്യാനിക്കാനുമുള്ള കഴിവ് വി ടിയിൽ സംപുഷ്ടമായിരുന്നു. പുതിയ കാഴ്ചപ്പാടിലൂടെ ജീവിതത്തെ നോക്കികണ്ടു. പുരോഗതിക്ക് തടസം നിൽക്കുന്നതിനെയെല്ലാം ചെറുത്തു മുന്നേറാൻ യുവത്വത്തെ പ്രേരിപ്പിച്ചു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അടിച്ചേല്പിച്ചുകൊണ്ട് ആഢ്യതയോടെ പൂജിച്ചുവന്നിരുന്ന വിഗ്രഹങ്ങളുടെ മേൽ കാർക്കിച്ചു തുപ്പാനും മടിച്ചില്ല. ഭവ്യതയോടെ പാലിച്ചുപോരുന്ന ജാത്യാചാരങ്ങളുടെ നിരർത്ഥകതയെ തൊലിയുരിച്ചു കാണിച്ചു. നിരന്തരമായുണ്ടാകുന്ന മാറ്റങ്ങളെ നിരീക്ഷിക്കുകയും അതിന്റെ ക്രിയാത്മകമായ പക്ഷത്തിൽ ഉറച്ചുനിൽക്കുകയും ചെയ്തു. ഇങ്ങനെയൊരാൾ നമുക്കിടയിൽ ജീവിച്ചത് 125 വർഷങ്ങൾക്കുമുമ്പാണ്. 2022 ഫെബ്രുവരി 12 ആ മഹാത്മാവിന്റെ 40-ാം വാർഷിക ചരമദിനവും. വി ടി എന്ന വിപ്ലവകാരി, നവോത്ഥാന ഭൂമികയിലെ പ്രകാശഗോപുരമായി ആധുനിക സമൂഹത്തിനും വഴികാട്ടിയായി നിലകൊള്ളുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.