21 January 2025, Tuesday
KSFE Galaxy Chits Banner 2

കിടപ്പ് രോഗികളായ വയോജനങ്ങള്‍ക്ക് തണലാകാന്‍ വയോസാന്ത്വനം ഒരുങ്ങുന്നു

പി എസ് ‌രശ്‌മി
തിരുവനന്തപുരം
November 12, 2023 9:52 pm

സംരക്ഷിക്കാനാരുമില്ലാത്ത കിടപ്പ് രോഗികളായ വയോജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ‘വയോസാന്ത്വനം’ പദ്ധതി സജ്ജമാകുന്നു. ഇത്തരക്കാര്‍ക്ക് ഒരു സ്ഥാപനത്തില്‍ സംരക്ഷണം ഒരുക്കുകയാണ് സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതി. ഇതുമായി സഹകരിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കും. ആദ്യഘട്ടത്തില്‍ ഏതെങ്കിലും ഒരു ജില്ലയിലായിരിക്കും ഈ സാമ്പത്തിക വര്‍ഷം പദ്ധതി നടപ്പാക്കുക. തുടര്‍ന്ന് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും.

പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി ലഭ്യമായി. താമസക്കാരില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ഒരു തരത്തിലുള്ള ഫീസും ഈടാക്കില്ല. 80 ശതമാനം തുക സര്‍ക്കാര്‍ ഗ്രാന്റായും 20 ശതമാനം എന്‍ജിഒകളുമായിരിക്കും വഹിക്കുക. പദ്ധതി ഏറ്റെടുത്ത് നടത്താന്‍ സര്‍ക്കാര്‍ താല്പര്യപത്രം ക്ഷണിച്ചു. 25 വയോജനങ്ങളടങ്ങുന്ന കേന്ദ്രത്തില്‍ നഴ്സ്, സൈക്കോളജിസ്റ്റ്, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍, ഡോക്ടര്‍, കുക്ക്, താമസക്കാരുടെ പരിചരണത്തിനുള്ള കെയര്‍ ഗിവര്‍മാര്‍ എന്നവരെല്ലാം അടങ്ങുന്ന സംഘത്തിന്റെ സേവനം ലഭ്യമാകും.

അനാരോഗ്യം മൂലം തുടര്‍ച്ചയായ ആരോഗ്യപരിചരണം വേണ്ടി വരുന്നവര്‍ക്ക് മെഡിക്കല്‍ ഓഫിസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സാമൂഹ്യ ഓഫിസറുടെ ശുപാര്‍ശയോടെ സ്ഥാപനത്തില്‍ സംരക്ഷണം നല്‍കാം. സ്ഥാപനത്തില്‍ പ്രവേശിപ്പിച്ച ശേഷം ആരോഗ്യസ്ഥിതി മെച്ചപ്പെടുകയാണെങ്കില്‍ മറ്റ് പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റാം. പുതിയ കാലഘട്ടത്തില്‍ പ്രായമായവര്‍ വീട്ടില്‍ ഒറ്റപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യം കൂടി വരുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. മക്കള്‍ ഉപേക്ഷിക്കുന്ന മാതാപിതാക്കളുടെ എണ്ണം കൂടിവരുന്നുവെന്നാണ് വയോജനങ്ങള്‍ക്കായുള്ള ടോള്‍ഫ്രീ ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ ലഭ്യമാകുന്ന പരാതികളുടെ എണ്ണത്തില്‍ നിന്ന് വ്യക്തമാകുന്നത്.

സംസ്ഥാനത്ത് വൃദ്ധ സദനങ്ങളുള്‍പ്പെടെ ക്ഷേമ സ്ഥാപനങ്ങള്‍ വയോജന സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആരും സംരക്ഷിക്കാന്‍ ഇല്ലാത്തവരും കിടപ്പുരോഗികളുമായവരെ ഏറ്റെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ്. കിടപ്പിലായ മുതിര്‍ന്ന പൗരന്‍മാരെ പരിചരിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ചവരും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വേണമെന്നതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ സംരക്ഷിക്കാനാരുമില്ലാത്തതും നിരാശ്രയരും കിടപ്പുരോഗികളുമായ 60 വയസ് പിന്നിട്ട വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Eng­lish Sum­ma­ry: ‘Vyosan­th­vanam’ scheme
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.