
ദേശീയ ആരോഗ്യ മിഷന്റെ ഭാഗമായ ആശ പ്രവര്‍ത്തകരുടെ കാര്യത്തില്‍ ഉരുണ്ടുകളിച്ച് കേന്ദ്രം. കേന്ദ്ര ‑സംസ്ഥാന സംയുക്ത പദ്ധതി പ്രകാരം കേരളത്തിന് ഇനിയൊന്നും നല്‍കാനില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ രാജ്യസഭയില്‍. സംസ്ഥാനത്ത് ആശ പ്രവര്‍ത്തകരുടെ സമരം തുടരുന്നതിനിടെയാണ് ലഭിക്കാനുള്ള കേന്ദ്ര വിഹിതം സംബന്ധിച്ച ചോദ്യം രാജ്യസഭയില്‍ ഉയര്‍ന്നത്. ഇന്ന് ഉപചോദ്യമായാണ് സിപിഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി സന്തോഷ് കുമാര്‍ വിഷയം ഉന്നയിച്ചത്. മന്ത്രിയുടെ അവ്യക്തമായ മറുപടിയില്‍ കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു. ഗ്രാമീണ ആരോഗ്യ മേഖലയില്‍ ആശകളുടെ സേവനം എടുത്തു പറയേണ്ടതാണ്. പദ്ധതി തൊഴിലാളികള്‍ എന്ന നിലയില്‍ അവരുടെ അവസ്ഥയില്‍ സ്ഥാനക്കയറ്റം വരുത്താനോ വേതനം വര്‍ധിപ്പിക്കാനോ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ടോ. കേരളത്തിന് പദ്ധതി പ്രകാരം ലഭിക്കേണ്ട 100 കോടി രൂപ അനുവദിക്കാന്‍ കേന്ദ്രം നടപടികള്‍ സ്വീകരിച്ചോ എന്നീ ചോദ്യങ്ങളാണ് പി സന്തോഷ് കുമാര്‍ ഉന്നയിച്ചത്.
എന്നാല്‍ ശിശുമരണ നിരക്കിലെ കുറവുള്‍പ്പെടെ ആശകളുടെ പ്രവര്‍ത്തന മികവിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുടെ മറുപടിയിലുണ്ടായിരുന്നത്. ദേശീയ ഹെല്‍ത്ത് മിഷന്റെ അടുത്തിടെ നടന്ന യോഗത്തില്‍ ആശ വര്‍ക്കര്‍മാരുടെ വേതനം ഉയര്‍ത്താനുള്ള നിര്‍ദേശം മുന്നോട്ടു വന്നിരുന്നു. കേരളത്തിന് പദ്ധതി പ്രകാരം നല്‍കാന്‍ ഇനി ഗഡുക്കളോ തുകയോ ബാക്കിയില്ല. ഇതിന്റെ വിനിയോഗ കണക്കുകള്‍ സംസ്ഥാനം കേന്ദ്രത്തിന് ഇനിയും ലഭ്യമാക്കിയിട്ടില്ല എന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് ആശ പദ്ധതി പ്രകാരം ഇനി ഒന്നും ബാക്കി നല്‍കാനില്ലെന്ന മന്ത്രിയുടെ മറുപടി വന്‍ പ്രതിഷേധത്തിന് വഴിവച്ചു. പക്ഷെ രാജ്യസഭ നിയന്ത്രിച്ച ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശിന്റെ അനുനയ നീക്കത്തില്‍ സഭാ നടപടികള്‍ മുന്നോട്ടു പോകുകയാണുണ്ടായത്.
കേരളത്തിന് ഒന്നും നല്‍കാനില്ലെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്നും ഇതിനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കുന്ന കാര്യം പരിഗണിക്കുകയാണെന്നും സന്തോഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിന് ഒന്നും നല്‍കാനില്ലെന്ന പ്രസ്താവന സഭയെ തെറ്റിധരിപ്പിക്കുന്നതാണ്. ഇതിനെതിരെ സാധ്യമായ വഴികളെല്ലാം പരിശോധിച്ച് പ്രയോജനപ്പെടുത്തുമെന്നും സന്തോഷ് കുമാര്‍ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.