*രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനെന്ന് യെവ്ഗെനി പ്രിഗോഷിന്‍
*റൊസ്തോവ് നഗരം റഷ്യന്‍ സൈന്യം ഏറ്റെടുത്തു
Janayugom Webdesk
മോസ്‌കോ
June 25, 2023 8:09 pm
റഷ്യയിലെ വാഗ്നര്‍ വിമതനീക്കത്തിന് പരിസമാപ്തി. റഷ്യന്‍ സൈന്യത്തിന് വെല്ലുവിളി ഉയര്‍ത്തി തലസ്ഥാനമായ മോസ്കോയിലേക്ക് നീങ്ങിയ സ്വകാര്യ സൈനിക വിഭാഗമായ വാഗ്നര്‍ ഗ്രൂപ്പ് പിന്‍മാറ്റം പ്രഖ്യാപിച്ചു.
ബെലാറുസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോ നടത്തിയ മധ്യസ്ഥ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. വാഗ്നര്‍ സൈന്യം ഡോണ്‍ നദീതീര നഗരമായ റൊസ്തോവില്‍ നിന്നും പൂര്‍ണമായും പിന്‍വാങ്ങി. പിന്നാലെ റഷ്യന്‍ സൈന്യം നഗരം ഏറ്റെടുത്തു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് പിന്മാറ്റമെന്ന് ടെലഗ്രാം സന്ദേശത്തില്‍ വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ഗെനി പ്രിഗോഷിന്‍ പറഞ്ഞു. ഒത്തുതീര്‍പ്പ് കരാര്‍ സംബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ പ്രതികരിച്ചിട്ടില്ല.
മോസ്‌കോയ്ക്ക് 200 കിലോമീറ്റര്‍ അകലെ വരെ ടി-90 എം കവചിത വാഹനങ്ങളുമായി ആയുധങ്ങളുമായി വാഗ്നര്‍ സേന എത്തിയിരുന്നതായി പ്രിഗോഷിന്‍ അവകാശപ്പെട്ടു. നഗരത്തിലും സമീപപ്രദേശമായ ലിപെസ്ക്ടിലും അത്യാധുനിക ആയുധങ്ങളുമായി റഷ്യന്‍ നാഷണല്‍ ഗാര്‍ഡ്, സ്പെഷല്‍ പൊലീസ്, നിലയുറപ്പിച്ചിരുന്നു. വിമത സൈനിക നീക്കം തടയാന്‍ മോസ്‌കോയിലേക്കുള്ള പ്രധാന പ്രവേശനകവാടമായ പാലം റഷ്യന്‍ സൈന്യം തകര്‍ക്കുകയും ചെയ്തിരുന്നു. റൊസ്‌തോവിന് പുറമെ വൊറോനെഷായിരുന്നു വാഗ്‌നര്‍ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലായ മറ്റൊരു പ്രധാന നഗരം.
വാഗ്നര്‍ സേനയ്ക്ക് റഷ്യൻ സൈന്യത്തില്‍ നിന്നും അവഗണന നേരിട്ടുവന്നും വ്യോമാക്രമണത്തിലൂടെ വാഗ്നർ സൈനികരെ കൊലപ്പെടുത്തിയെന്നുമായിരുന്നു പ്രിഗോഷിന്റെ ആരോപണം. ഈ വിഷയത്തില്‍ പ്രതിരോധമന്ത്രി സെർജി ഷോയ്‌ഗുവിനെയും സായുധസേനകളുടെ മേധാവി വലേരി ജെരിസിമോവിനെയും ശിക്ഷിക്കണമെന്ന ആവശ്യവുമായാണ് പ്രിഗോഷിന്‍ മോസ്കോയിലേക്ക് സൈനികനീക്കം നടത്തിയത്. റഷ്യന്‍ സൈന്യവുമായുള്ള കരാറില്‍ ഒപ്പിടാന്‍ വാഗ്നര്‍ ഗ്രൂപ്പ് വിസമ്മതിച്ചത് ബന്ധം വഷളാക്കി.
അതേസമയം വാഗ്നര്‍ സൈന്യത്തിന്റെ പിന്മാറ്റം ഉക്രെയ്നിലെ സൈനിക നടപടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ക്രെംലിന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വാഗ്നര്‍ സൈന്യവുമായി റഷ്യന്‍ സൈന്യം പുതിയ കരാര്‍ ഒപ്പിട്ടേക്കുമെന്നും സൂചനയുണ്ട്. സായുധ കലാപനീക്കത്തെത്തുടര്‍ന്ന് ദക്ഷിണമേഖലയില്‍ ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. അതേസമയം മോസ്കോയില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നും ഫെഡറല്‍ റോഡ് ഏജന്‍സി അറിയിച്ചു.
പ്രിഗോഷിന് ബെലാറുസില്‍ അഭയം
യെവ്ഗെനി പ്രിഗോഷിനും വാഗ്നര്‍ സൈനികര്‍ക്കും ബെലാറുസില്‍ അഭയം ലഭിക്കും. പ്രിഗോഷിന്‍ റൊസ്തോവ് നഗരം വിടുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. റഷ്യന്‍ എഫ്എസ്ബി പ്രിഗോഷിനെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാനും ധാരണയായി. രാജ്യത്തിനെതിരെ സായുധ കലാപത്തിന് ശ്രമിച്ചു എന്നാരോപിച്ച് 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ മുന്‍ വിശ്വസ്തനെതിരെ ചുമത്തിയിരുന്നത്. പ്രിഗോഷിന്‍-ലുകാഷെങ്കോ കരാറിന്റെ വിശദവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
മധ്യസ്ഥനായി ലുകാഷെങ്കോ
ബെലാറുസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോ ആണ് വാഗ്നര്‍ സൈന്യം പിന്‍വാങ്ങുന്നതായി ആദ്യം അറിയിച്ചത്. തുടര്‍ന്ന് ബേസ് ക്യാമ്പുകളിലേക്ക് മടങ്ങാന്‍ വാഗ്നര്‍ സൈനികര്‍ക്ക് നിര്‍ദേശം ലഭിച്ചു. കലാപനീക്കത്തില്‍ പങ്കെടുത്തുവെങ്കിലും വാഗ്നര്‍ സൈനികര്‍ക്കെതിരെ നടപടികള്‍ ഉണ്ടാവില്ലെന്നാണ് സൂചന. ഒരു വിഭാഗം വാഗ്നര്‍ അംഗങ്ങള്‍ കലാപത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതായി റഷ്യന്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
6 ഹെലികോപ്റ്ററുകള്‍
വെടിവച്ചിട്ടു
ഒന്നരദിവസം നീണ്ട സൈനിക നീക്കത്തിനിടെ ആറ് റഷ്യന്‍ ഹെലികോപ്റ്ററുകള്‍ വാഗ്നര്‍ സൈന്യം വീഴ്ത്തി. മൂന്ന് എംഐ‑എട്ട് എംടിപിആര്‍ ഹെലികോപ്റ്ററുകളും ഒന്നുവീതം എംഐ‑എട്ട്, കെഎ‑52, എംഐ‑25 ഹെലികോപ്റ്ററുകളും റഷ്യന്‍ സൈന്യത്തിന് നഷ്ടമായി. കൂടാതെ ഒരു എഎന്‍ 28 ചരക്കുവിമാനവും വാഗ്നര്‍ സൈന്യം വീഴ്ത്തി. പൈലറ്റുമാരടക്കം 13 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റഡി ഓഫ് വാര്‍ ( ഐഎസ്ഡബ്ല്യു ) റിപ്പോര്‍ട്ട് ചെയ്തു. ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ച ശേഷം റഷ്യന്‍ വ്യോമസേനയ്ക്ക് ഒരുദിവസം സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണിതെന്ന് വിലയിരുത്തപ്പെടുന്നു.
english summary; Wagner head will move to Belarus to avoid prosecution after retreat
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.