
വാളയാർ അട്ടപ്പള്ളത്ത് അതിഥി തൊഴിലാളിയായ രാംനാരായണൻ ബയ്യ ആൾക്കൂട്ട മർദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തെക്കുറിച്ച് പാലക്കാട് ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. മോഷ്ടാവാണെന്ന് സംശയിച്ച് നാട്ടുകാർ തടഞ്ഞുവെച്ച രാംനാരായണൻ മണിക്കൂറുകൾ നീണ്ട ക്രൂരമായ മർദനത്തിനാണ് ഇരയായതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടി ഒരാഴ്ച മുൻപാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണൻ പാലക്കാട് എത്തുന്നത്. വഴിതെറ്റി അട്ടപ്പള്ളത്ത് എത്തിയ ഇയാളെ തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളാണ് ആദ്യം കണ്ടത്. തുടർന്ന് യുവാക്കളെ വിവരമറിയിക്കുകയും നാട്ടുകാർ സംഘം ചേർന്ന് രാംനാരായണനെ തടഞ്ഞുവെച്ച് കള്ളനെന്ന് ആരോപിച്ച് വിചാരണ ചെയ്യുകയുമായിരുന്നു. പൊലീസ് എത്തി ഇയാളെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ടപ്പോൾ കള്ളനാണെന്ന് തോന്നി എന്നാണ് മർദിച്ചവർ പൊലീസിന് നൽകിയ മറുപടി.
അതേസമയം, രാംനാരായണൻ കള്ളനാണെന്ന ആരോപണം കുടുംബം പൂർണ്ണമായും നിഷേധിച്ചു. ഭാര്യ ഉപേക്ഷിച്ചു പോയതിനെത്തുടർന്ന് ഇയാൾക്ക് ചില മാനസിക വിഷമതകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.