4 February 2026, Wednesday

വാൾട്ട് ഡിസ്നി കമ്പനി തലപ്പത്ത് മാറ്റം; ബോബ് ഐഗർ ഒഴിയുന്നു

Janayugom Webdesk
ന്യൂയോർക്ക്
February 4, 2026 12:02 pm

ഹോളിവുഡിലെ ഏറ്റവും വലിയ നിർമാണ കമ്പനികളിൽ ഒന്നായ വാൾട്ട് ഡിസ്നിയുടെ തലപ്പത്ത് മാറ്റം. രണ്ട് പതിറ്റാണ്ടിന് ശേഷം ബോബ് ഐഗർ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു. ഡിസ്നിയിൽ 28 വർഷത്തെ പ്രവൃത്തിപരിചയമുള്ള ജോഷ് ഡിമാരോ ആണ് പുതിയ മേധാവി. നിലവിൽ ഡിസ്നി എക്സ്പീരിയൻസ് വിഭാഗത്തിന്റെ ചുമതല വഹിക്കുന്നത് ഡിമാരോ ആണ്.മാർച്ച് 18ന് നടക്കുന്ന കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ ജോഷ് ഡിമാരോ ബോബ് ഐഗറിന് പകരം ചുമതലയേൽക്കും. എന്റർടെയ്‌ൻമെന്റ് കോ ചെയർപേഴ്സണായ ഡാന വാൾഡൻ കമ്പനിയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റായും ചീഫ് ക്രിയേറ്റീവ് ഓഫീസറായും നിയമിതയാകും. നേതൃമാറ്റം സുഗമമാക്കുന്നതിനായി 2026 ഡിസംബർ 31 വരെ ബോബ് ഐഗർ സീനിയർ അഡ്വൈസറായും ബോർഡ് അംഗമായും തുടരും. അതിനു ശേഷമാകും ഐഗറുടെ വിരമിക്കൽ.

2020 മുതൽ ഡിസ്നി എക്സ്പീരിയൻസ് വിഭാഗത്തിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ചു വരികയാണ് ഡിമാരോ. ഇതിനുമുമ്പ് ഡിസ്‌നിലാൻഡ് റിസോർട്ടിന്റെയും വാൾട്ട് ഡിസ്‌നി വേൾഡ് റിസോർട്ടിന്റെയും പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സ്റ്റാർ വാർസ്: ഗാലക്സിസ് എഡ്ജ്, അവഞ്ചേഴ്സ് ക്യാമ്പസ്, മിക്കി ആൻഡ് മിന്നീസ് റൺവേ റെയിൽവേ, വേൾഡ് ഓഫ് ഫ്രോസൺഎന്നീ പദ്ധതികളുടെ വികസനത്തിൽ ജോഷ് പ്രധാന പങ്കുവഹിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar