24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 13, 2025
April 8, 2025
April 7, 2025
April 3, 2025
March 29, 2025
March 28, 2025
March 28, 2025
December 3, 2024
October 18, 2024
May 22, 2024

വാംഖഡെയും വീണു; കോട്ടകള്‍ തകര്‍ത്ത് ആര്‍സിബി

Janayugom Webdesk
മുംബൈ
April 8, 2025 10:46 pm

എതിര്‍കോട്ടകളെല്ലാം തകര്‍ത്തെറിഞ്ഞ് ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സിന്റെ മുന്നേറ്റം. വാംഖഡെയില്‍ കഴിഞ്ഞദിവസത്തെ ജയത്തോടെ ഐപിഎല്ലിലെ കരുത്തുറ്റ ടീമുകളായ മുംബൈ, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകളെ അവരുടെ തട്ടകത്തില്‍ കയറി വീഴ്ത്തിയ ടീമെന്ന അപൂര്‍വ നേട്ടം ആര്‍സിബി സ്വന്തമാക്കി. പുതിയ ക്യാപ്റ്റൻ രജത് പാട്ടിദാറിന്റെ കീഴില്‍ ആര്‍സിബി ഇത്തവണ ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത പ്രകടനമാണ് പുറത്തെടുക്കുന്നത്. 10 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആര്‍സിബി വാംഖഡെയില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തിയത്. 12 റണ്‍സിനാണ് ടീം വിജയം സ്വന്തമാക്കിയത്. ബംഗളൂരു മുന്നോട്ടുവച്ച 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. കൊല്‍ക്കത്തയെ അവരുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സിലും ചെന്നൈയെ അവരുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കില്‍ കയറിയും ഇത്തവണ ആര്‍സിബി വീഴ്ത്തിയിരുന്നു. നേരത്തെ 2012ല്‍ പഞ്ചാബ് കിങ്‌സ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്) ഈ നേട്ടത്തിലെത്തിയിരുന്നു. 

ഈ സീസണിൽ മുംബൈയുടെ നാലാം തോൽവിയാണിത്. ജസ്പ്രിത് ബുംറയുടെ തിരിച്ചു വരവ് വിചാരിച്ച പോലെ ക്ലിക്കായില്ല. സൂപ്പര്‍ ബാറ്റര്‍ വിരാട് കോലി, ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ എന്നിവരുടെ കിടിലന്‍ അര്‍ധ സെഞ്ചുറിയും ജിതേഷ് ശര്‍മ്മ, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ വെടിക്കെട്ട് ബാറ്റിങ്ങും ആര്‍സിബിക്ക് കൂറ്റന്‍ സ്‌കോര്‍ നേടി. മറുപടി ബാറ്റിങ്ങില്‍ 29 പന്തിൽ 56 റൺസെടുത്ത തിലക് വർമയാണ് ടോപ് സ്കോറര്‍. ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ 15 പന്തിൽ 42 റൺസെടുത്തു. സൂര്യകുമാർ യാദവ് 26 പന്തിൽ 28 റൺസെടുത്തു. രോഹിത് ശർമ 17 റൺസെടുത്ത് പുറത്തായി. നാലോവറിൽ 45 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തിയ ക്രുനാൽ പാണ്ഡ്യയുടെ പ്രകടനം ആർസിബിയുടെ വിജയത്തിൽ നിർണായകമായി. യഷ് ദയാൽ, ജോഷ് ഹെയ്സൽവുഡ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം നേടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.