സിപിഐ(എം) 24ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് പ്രകടനത്തോടെ സമാപിക്കും. പുതിയ ജനറല്‍ സെക്രട്ടറി, പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി എന്നിവയുടെ തെരഞ്ഞെടുപ്പും ഇന്ന് നടക്കും.
പോളിറ്റ് ബ്യൂറോ അംഗം ബി വി രാഘവുലു അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയായിരുന്നു ഇന്നലെ കോണ്‍ഗ്രസിലെ മുഖ്യ അജണ്ട. പാര്‍ട്ടി അംഗത്വത്തിലും വനിതകള്‍, യുവാക്കള്‍ തുടങ്ങിയ വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിലും വര്‍ധനയുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അംഗങ്ങളിലെ 75.97 ശതമാനവും അടിസ്ഥാന ജനവിഭാഗങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന തൊഴിലാളി, കര്‍ഷക സമരങ്ങളില്‍ സിപിഐ(എം) നിര്‍ണായക പങ്ക് വഹിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ നിന്ന് പി കെ ബിജു, പി എ മുഹമ്മദ് റിയാസ് എന്നിവരുള്‍പ്പെടെ 18 പേരാണ് സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്.
സംഘടിത സ്വകാര്യ മേഖല, രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലും പട്ടിക ജാതി, പട്ടിക വര്‍ഗ, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സംവരണം വ്യാപിപ്പിക്കണമെന്ന് കോണ്‍ഗ്രസ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
നവ ഉദാരവല്‍ക്കരണ നയങ്ങളുടെ കാതലായ ഘടകം സ്വകാര്യവൽക്കരണവും കരാർവൽക്കരണവുമാണ്. ഇത് തൊഴിൽ മേഖലയുടെ അനൗപചാരികവൽക്കരണത്തിന് കാരണമായി. ജാതി അടിസ്ഥാനമാക്കിയുള്ള ഒഴിവാക്കലും വിവേചനവും ഒഴിവാക്കുന്നതിനുള്ള ഉപകരണമെന്ന നിലയില്‍ സ്വകാര്യമേഖലയിലും സംവരണം വേണണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
വഖഫ് ഭേദഗതി നിയമം പിന്‍വലിക്കുക, ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുകയും വികസന പ്രക്രിയ ത്വരിതപ്പെടുത്തുകയും ചെയ്യുക, കാർഷിക വിപണനത്തെക്കുറിച്ചുള്ള ദേശീയ നയ ചട്ടക്കൂട് പിൻവലിക്കുക, ആഴക്കടല്‍ ഖനനം ഉപേക്ഷിക്കുക, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.