27 November 2024, Wednesday
KSFE Galaxy Chits Banner 2

വഖഫ് ഭേദഗതി ബില്‍: ജെപിസിക്ക് സമയം നീട്ടി നല്‍കി

Janayugom Webdesk
ന്യൂ‍ഡല്‍ഹി
November 27, 2024 11:15 pm

വിവാദ വഖഫ് നിയമ ഭേദഗതി ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കില്ല. ഇന്ന് ചേർന്ന സംയുക്ത പാർലമെന്ററി സമിതി യോഗത്തിനിടെ നാടകീയ രംഗങ്ങള്‍ അരങ്ങേറി. സമയപരിധി നീട്ടണമെന്ന പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം സമിതി അധ്യക്ഷൻ ജഗദാംബിക പാൽ ഒടുവില്‍ അംഗീകരിക്കുകയായിരുന്നു. ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് പ്രതിപക്ഷ ആവശ്യം അംഗീകരിക്കാന്‍ ജെപിസി അധ്യക്ഷന്‍ തീരുമാനിച്ചത്. സമയ പരിധി നീട്ടണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ബില്‍ സഭയുടെ മേശപ്പുറത്ത് വയ്ക്കുമെന്ന് ജഗദാംബിക പാൽ അറിയിച്ചു. 

പ്രതിപക്ഷ ആവശ്യം നിരന്തരം അവഗണിക്കുന്ന സമിതി ചെയര്‍മാന്റെ നിലപാടില്‍ പ്രതിഷേധിച്ച് യോഗം ബഹിഷ്കുരിക്കുമെന്ന് ഇന്ത്യ സഖ്യ എംപിമാര്‍ ഉറച്ച് നിന്നു. ന്യൂനപക്ഷ വിഭാഗത്തെ ബാധിക്കുന്ന സുപ്രധാന ബില്ലിൽ വിശദമായ പരിശോധന ആവശ്യമാണെന്നും, സമയപരിധി നീട്ടണമെന്നും പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.

തുടർന്ന് യോഗം ബഹിഷ്കരിച്ച് ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ചു. പ്രതിപക്ഷ അംഗങ്ങൾ പുറത്തിറങ്ങിയതിന് പിന്നാലെയാണ്‌ ബിജെപി എംപി നിഷികാന്ത് ദുബെ സമയപരിധി നീട്ടണം എന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം അപ്രതീക്ഷിതമായി അവതരിപ്പിച്ചത്. തുടര്‍ന്ന് ബില്‍ സമര്‍പ്പിക്കുന്നതിന് സമയം നീട്ടിനല്‍കാന്‍ ജഗദാംബിക പാൽ തയ്യാറാകുകയായിരുന്നു. കോണ്‍ഗ്രസിലെ ഗൗരവ് ഗൊഗോയ്, ഡിഎംകെയുടെ എ രാജ, തൃണമൂല്‍ കോണ്‍ഗ്രസ് അംഗം കല്യാണ്‍ ബാനര്‍ജി എന്നിവരായിരുന്നു യോഗം ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.