വഖഫ് നിയമ ഭേദഗതി ബില്‍ പരിഗണിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ആശങ്കയറിയിച്ച് മുസ്ലീം സംഘടനകള്‍. പാര്‍ലമെന്‍റ് മന്ദിരത്തില്‍ കഴിഞ്ഞ് ദിവസം ചേര്‍ന്ന രണ്ടാം യോഗത്തിലാണ് നിലപാടറിയിച്ചത്. അഖിലേന്ത്യ സുന്നി ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഹസ്റത് മൊയ്തീന്‍ മുയിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം നേരിട്ടെത്തി അഭിപ്രായമറിയിച്ചു.
ബിൽ അപാകം നിറഞ്ഞതാണെന്നും പൂർണമായും പിൻവലിക്കണമെന്നും സംഘടനയെ പ്രതിനീധീകരിച്ച അഡ്വ. റിസ്‌വാൻ മർച്ചന്റ് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ മുസ്ലിം വിഭാഗത്തിന്റെ ആശങ്കകൾ പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടി ജെപിസിക്ക് നിവേദനവും നൽകി. മുംബൈയിലെ അഖിലേന്ത്യ സുന്നി ജം ഇയ്യത്ത് ‑ഉലമ, ഡൽഹിയിലെ ഇന്ത്യൻ മുസ്ലിംസ് ഫോർ സിവിൽ റൈറ്റ്‌സ്, ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ്, രാജസ്ഥാൻ മുസ്ലിം വഖഫ് ബോർഡ് പ്രതിനിധികളും ബില്ലിൽ കടുത്ത എതിർപ്പറിയിച്ചു.
ജെപിസി ചെയർമാനായ ബിജെപി എംപി ജഗദംബിക പാലിനെ ഷിയ സംഘനകളും ആശങ്ക അറിയിച്ചിരുന്നു. ഷിയ മൂൺ സമിതി തലവൻ സയ്യിദ് സെയ്‌ഫ് അബ്ബാസ് നഖ്‌വിയുടെ നേതൃത്വത്തിൽ ജഗദംബിക പാലിന്റെ വസതിയിൽ എത്തിയാണ് നിലപാടറിയിച്ചത്. ബില്ലിൽ മുന്നോട്ടുവെച്ച 44 ഭേദഗതിയും ഭരണഘടനയുടെ 25, 26, 30 വകുപ്പുകളുടെ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിൽ ഭരണഘടന വിരുദ്ധവും മുസ്ലിം വിരുദ്ധവുമാണെന്ന് വിശേഷിപ്പിച്ച കർണാടക വഖഫ് ബോർഡ് ബില്ലിനെതിരെ വെള്ളിയാഴ്‌ച പ്രമേയം പാസാക്കി. അതിനിടെ, ജെപിസിയുടെ രണ്ടാം യോഗത്തിലും വാഗ്‌വാദവുമുണ്ടായി. എഎപി അംഗം സഞ്ജയ് സിങ്ങും ബിജെപി അംഗങ്ങളും തമ്മിൽ വൻ തർക്കമുണ്ടായി.
പ്രതിപക്ഷഅംഗങ്ങൾ ഒന്നാകെ ശക്തമായി പ്രതിഷേധിച്ചു.കേന്ദ്രസർക്കാർ ഏകപക്ഷീയമായി പാർലമെന്റിൽ കൊണ്ടുവന്ന വഖഫ് നിയമ ഭേദഗതി ബില്ലിൽ പൊതുജനാഭിപ്രായം ക്ഷണിച്ച് സംയുക്ത പാർലമെന്ററി സമിതി. നേരിട്ട് ഹാജരായോ കത്ത് വഴിയോ pcwaqflss@sansad.nic.in എന്ന ഇമെയിലിലോ 15 ദിവസത്തിനുള്ളിൽ അഭിപ്രായമറിയിക്കാമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.
ഇംഗ്ലീഷിലോ ഹിന്ദിയിലോ ഉള്ള രണ്ട് പകർപ്പുകൾ ജോയിന്റ് സെക്രട്ടറി (ജെഎം), ലോക്‌സഭാ സെക്രട്ടേറിയറ്റ്, റൂം നമ്പർ 440, പാർലമെന്റ് ഹൗസ് അനെക്സ്, ന്യൂഡൽഹി- 110001 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. നിയമഭേദഗതിക്ക് അനുകൂലമായ അഭിപ്രായങ്ങൾ പരമാവധി എത്തിക്കണം എന്ന ആഹ്വാനം ബിജെപി അനുകൂല സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ പ്രചരിപ്പിച്ചുതുടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.