പശ്ചിമേഷ്യയിൽ യുദ്ധക്കെടുതിയ്ക്ക് ഇരകളാകുന്ന ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എഐടിയുസി സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിൽ ജെ ചിത്തരഞ്ജൻ ഫൗണ്ടേഷന്റെ അവാർഡ് തിരുപ്പൂർ എംപി യും എഐടിയുസി ദേശീയ വൈസ് പ്രസിഡന്റുമായ കെ സുബ്ബരായന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ ഉത്തരവാദിത്തം നിറവേറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കറിന് കത്തയച്ചിരുന്നു. യുദ്ധക്കൊതിയന്മാരായ ഇസ്രയേലിലെ സയണിസ്റ്റുകളുടെ ഏറ്റവും അടുത്ത ബന്ധു അമേരിക്കയാണ്. സ്വന്തം മണ്ണിൽ നിന്ന് ആട്ടിയോടിക്കപ്പെടുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും യുദ്ധവെറിയന്മാരെ ഒറ്റപ്പെടുത്തുകയും വേണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
നരേന്ദ്ര മോഡി സർക്കാർ കോർപ്പറേറ്റ് കൊള്ളക്കാർക്ക് രാജ്യത്തെ ഒറ്റുകൊടുത്തു. ലേബർ കോഡുകളുടെ മറവിൽ തൊഴിലാളികളെ ഉന്മൂലനം ചെയ്യാനുള്ള മോഡിയുടെ ശ്രമം അനുവദിക്കാൻ കഴിയില്ല. മോഡിയുടെ ആന്റി ലേബർ കോഡുകൾ പിൻവലിക്കേണ്ടി വരും. എൽഡിഎഫ് സർക്കാർ ഇന്ത്യയ്ക്കാകെ പ്രതീക്ഷ നൽകുന്ന ഒരു ഇടതുപക്ഷ ബദലാണ്. എഐടിയുസിയ്ക്ക് സർക്കാരിന്റെ പല നയങ്ങളോടും വിമർശനമുണ്ട്. അത് സർക്കാരിനെ ശക്തിപ്പെടുത്താനും സംരക്ഷിക്കാനും മികച്ച മാതൃകയായി ഉയർത്തിക്കാട്ടുന്നതിനുമാണ് വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. റവന്യൂ മന്ത്രി കെ രാജൻ അവാർഡ് സമർപ്പണം നടത്തി.
ഇന്ത്യയിലെ തൊഴിലാളികൾ വർഗ്ഗ ഐക്യത്തോടെ മുന്നേറേണ്ട പ്രതിസന്ധിയുടെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കെ സുബ്ബരായൻ എം പി അഭിപ്രായപ്പെട്ടു. അവാർഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള പത്ര പ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് എടപ്പാളിനെ ചടങ്ങിൽ ആദരിച്ചു. എഐടിയുസിസംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. കേരളമഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ എസ്ബിജിമോൾ, എഐടിയുസി നേതാക്കളായ കെ എസ് ഇന്ദുശേഖരൻ നായർ, കെ മല്ലിക, സി പി മുരളി, ജയശ്ചന്ദ്രൻ കല്ലിംഗൽ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാനും സിപിഐ ജില്ലാ സെക്രട്ടറിയുമായ കെ കെ വത്സരാജ് സ്വാഗത വും എഐടിയുസി ജില്ലാ ജോ.സെക്രട്ടറി വി ആർ മനോജ് നന്ദിയും പറഞ്ഞു. എഐടിയുസി ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.