1 January 2026, Thursday

യുദ്ധവീരന്‍; മിഗ് 21 മുന്‍നിര ഒഴിയുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
September 23, 2025 9:24 pm

ആറ് പതിറ്റാണ്ടിലേറെ വ്യോമസേനയുടെ യുദ്ധവീരനായിരുന്ന മിഗ് 21 വിമാനം മുന്‍നിരയൊഴിയുന്നു. ബിക്കാനീറിലെ നാൽ എയർഫോഴ്സ് സ്റ്റേഷനിൽ സംഘടിപ്പിച്ച പ്രതീകാത്മക വിടവാങ്ങൽ ചടങ്ങിൽ എയർ ചീഫ് മാർഷൽ എ പി സിങ് മിഗ്-21 വിമാനം പറത്തി​. 26ന് വിമാനങ്ങൾ ഔദ്യോഗികമായി പ്രവർത്തനം അവസാനിപ്പിക്കും.

ചരിത്രത്തിൽ ഏറ്റവുമധികം നിർമിക്കപ്പെട്ട സൂപ്പർസോണിക് യുദ്ധവിമാനങ്ങളിലൊന്നാണ് മിഗ്-21, 1963ലാണ് ഇന്ത്യൻ വ്യോസേനയുടെ ഭാഗമാവുന്നത്. അറുപതോളം രാജ്യങ്ങളിൽ 11,000 ലധികം വിമാനങ്ങൾ ഉപയോഗിക്കപ്പെടുന്നുവെന്നാണ് കണക്കുകൾ.
1965, 1971 ഇന്ത്യ‑പാക് യുദ്ധങ്ങളിലും 1999ലെ കാർഗിൽ യുദ്ധത്തിലും 2019 ബാലക്കോട്ട് ആക്രമണത്തിലും മിഗ്-21 വിമാനങ്ങൾ വായുസേനക്ക് കരുത്തായിരുന്നു. എങ്കിലും രൂപകല്പനയിലെ പിഴവുകളും സാ​ങ്കേതിക തകരാറുകളും വിമാനത്തിന് എക്കാലവും വെല്ലുവിളിയായി. 62 വർഷത്തിനിടെ 400 അപകടങ്ങളിലായി 200 പൈലറ്റുമാരുടെയും 60 സാധാരണക്കാരുടെയും ജീവൻ നഷ്ടമായെന്നാണ് കണക്കുകള്‍.
സെക്കന്റിൽ 250 മീറ്റർ വരെ വേഗതയാർജ്ജിക്കാൻ ശേഷിയുള്ളതാണ് മിഗ്-21 വിമാനങ്ങൾ. സാ​ങ്കേതിക വിദ്യ കാലഹരണപ്പെടുന്നതും പരിപാലനം ദുഷ്‍കരമായതുമാണ് വിമാനങ്ങ​ളുടെ പ്രവർത്തനം നിറുത്തുന്നതിന് പി​ന്നിലെന്ന് വ്യോമസേന അധികൃതർ പറഞ്ഞു. മിഗ്-21 വിമാനങ്ങൾക്ക് പകരമായാണ് തേജസ് രൂപകല്പന ചെയ്തത്. വിന്യസിക്കുന്ന ആയുധങ്ങളിൽ അനുബന്ധ മാറ്റങ്ങൾ വരുത്തുന്നതോടെ തേജസ് പൂർണതോതിൽ ഉപയോഗ സജ്ജമാകും. തദ്ദേശീയമായി നിര്‍മിച്ചവയാണ് വ്യോമസേനയുടെ ഭാഗമാകുന്ന തേജസ്.
രണ്ട് സ്ക്വാഡ്രണുകളിലായി 36 മിഗ്-21 വിമാനങ്ങളാണ് നിലവിൽ വായുസേനക്കുള്ളത്. 26ന് ചണ്ഡീഗഡിൽ നടക്കുന്ന ചടങ്ങിൽ വിമാനങ്ങളുടെ പ്രവർത്തനം ഔദ്യോഗികമായി അവസാനിപ്പിക്കും.

1971 ലെ ബംഗ്ലാദേശ് വിമോചന കാലഘട്ടത്തില്‍ ധാക്കയിലെ ഗവര്‍ണര്‍ ഹൗസിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ മിഗ്21 നിര്‍ണായക പങ്ക് വഹിച്ചിരുന്നു. നിര്‍ണായകയോഗം ചേരുന്നെന്ന് തിരിച്ചറിഞ്ഞതോടെ ഗുവാഹട്ടി വിമാനത്താവളത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന് മിഗ് 21 കെട്ടിടത്തിന്റെ മേല്‍ക്കുര തകര്‍ത്ത് ബോംബിട്ടു. രാജിവയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാതിരുന്ന കിഴക്കന്‍ പാകിസ്ഥാന്‍ ഗവര്‍ണര്‍ എ എം മാലിക് ഉടന്‍തന്നെ രാജി സമര്‍പ്പിക്കുകയായിരുന്നു. 1971 ബംഗ്ലാദേശ് യുദ്ധത്തിലും 1999 ലെ കാർഗിൽ യുദ്ധത്തിലുമെല്ലാം ഇവ നിർണായക സാന്നിധ്യമായിരുന്നു. 2019 ൽ പാകിസ്ഥാന്റെ നാലാം തലമുറയില്പെട്ട യുഎസ് നിർമിത എഫ്–16 വിമാനത്തെ വെടിവച്ചിട്ടതിന്റെ നേട്ടവും മിഗ് 21നുണ്ട്.

2024 നും ഇടയിൽ മിഗ് 21ന്റെ 4 സ്ക്വാഡ്രനുകൾ വിരമിച്ചിരുന്നു. ശ്രീനഗർ ആസ്ഥാനമായുള്ള 51–ാം സ്ക്വാഡ്രൻ 2022 ലാണു പ്രവർത്തനം അവസാനിപ്പിച്ചത്. പാക്കിസ്ഥാൻ ബന്ദിയാക്കുകയും പിന്നീടു മോചിപ്പിക്കുകയും ചെയ്ത അഭിനന്ദൻ വർധമാൻ ഈ സ്ക്വാഡ്രനിൽ വിങ് കമാൻഡർ ആയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.